'സാരമില്ല സഖാക്കളെ സാരമില്ല...': ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ജോയ് മാത്യു
text_fieldsകൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചതിൽ പരാതിയില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്. ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് രവീന്ദ്രനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നേരിട്ട സൈബർ അക്രമങ്ങൾ തുറന്ന് പറഞ്ഞാണ് പോസ്റ്റ് പങ്കുവെച്ചത്. അതേസമയം തനിക്ക് അക്കാദമി ചെയർമാൻ സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കുമെന്നും എന്നാൽ ക്ഷീര വികസനമോ, റബ്ബർ ബോർഡോ വേണ്ടെന്നും ജോയ് മാത്യു നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചിരുന്നു. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപഴ്സൻ. രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജോയ് മാത്യുവിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ വ്യാപകമായ സൈബർ ആക്രമണമാണ് അദ്ദേഹം നേരിട്ടത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ഭരണത്തിൽ എത്തിയതോടെ ഇടതുപക്ഷത്തെയും അവരുടെ രാഷ്ട്രീയത്തെയും ജോയ് മാത്യു കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അതിനൊരു തിരിച്ചടിയാണ് ഇപ്പോൾ അദ്ദേഹം നേരിടുന്നത്.
'ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എൻ്റെ അഭ്യുദയകാംക്ഷികൾ, പ്രത്യേകിച്ച് വിപ്ലവ പാർട്ടി അടിമകൾ വിഷമത്തിലാണ്. കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് ഇപ്പോൾ അവർ പ്രസാഹാരിപ്പിക്കുന്നത്.
സാരമില്ല സഖാക്കളെ സാരമില്ല...
10 വർഷം മുമ്പ് 'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറക് വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല.
രവീന്ദ്രനും ടീമിനും ആശംസകൾ'. എന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ സ്ഥാനത്തേക്ക് ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ.ടി.ചാക്കോ, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

