സിനിമ സെറ്റുകളിലും കാരവാനിലും നിരന്തര പരിശോധന വേണം; ലഹരി ഉപയോഗിക്കുന്നവരെ ഉടൻ പൊക്കണം -ജോയ് മാത്യു
text_fieldsകൊച്ചി: സിനിമ മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ലഹരി ഉപയോഗമെന്നും, ലഹരി മരുന്ന് ഇടപാടുകളിലോ ഉപയോഗത്തിലോ ഏർപ്പെടുന്ന സിനിമാ പ്രവർത്തകരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നടൻ ജോയ് മാത്യു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമ സെറ്റുകളിലും ഷൂട്ടിങ് ലൊക്കേഷനുകളിലും നിരന്തരമായ പരിശോധനകൾ നടത്തുന്നതിനെ താൻ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. ഇത്തരം പരിശോധനകളിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരി ഉപയോഗം സിനിമയിൽ മാത്രമല്ല, കോളജ് കാമ്പസുകൾ ഉൾപ്പെടെയുള്ള മറ്റിടങ്ങളിലും വ്യാപകമാണ്. പാർട്ടി ഓഫിസുകളിൽ പോലും ഇത്തരം പ്രവണതകൾ ഉണ്ടെന്ന് മുൻ മന്ത്രി ജി. സുധാകരൻ തന്നെ മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ, സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഈ മേഖലയിൽ ലഹരി ഉപയോഗം കൂടുതലാണെന്ന് പൊതുസമൂഹത്തിന് തോന്നുന്നത്.
രാസലഹരി സമൂഹത്തിൽ വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. രാസലഹരി ഉണ്ടാക്കുന്ന ഭയങ്കര അപകടം ഞാൻ നേരിട്ട് കണ്ടതാണ്. ചില വിദ്യാർഥികളെയൊക്കെ മൃഗങ്ങളെ പോലെ നടക്കുന്ന തരത്തിലാക്കുന്ന ചില മരുന്നുകളുണ്ട്. ഇവിടെ ലഹരിയുടെ ഒഴുക്കാണ്. ഒരുമാസത്തിനകം 10000ലധികം കേസുകളാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഗവൺമെന്റ് ഇവിടെ എന്താണ് ചെയ്തിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ചെന്നിത്തല നേരെത്തെ ആഭ്യന്തര മന്ത്രിയായപ്പോൾ നടപ്പിലാക്കിയ ‘ഓപ്പറേഷൻ കുബേര’ വളരെ വിജയിച്ച ഒന്നായിരുന്നു. അതുപോലെയുള്ള ശക്തമായ ഇടപെടലുകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ഉണ്ടാകണം. ലഹരി ഇടപാടുകൾ നടത്തുന്നവരെയും ഉപയോഗിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെയും കർശനമായി നേരിടണമെന്ന നിലപാടാണ് തനിക്കുള്ളത്. ഇക്കാര്യത്തിൽ ‘അമ്മ’ സംഘടനയും ഒപ്പമുണ്ടെന്നും ജോയ് മാത്യു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

