'അന്ന് ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു' -തുറന്ന് പറഞ്ഞ് റിമി സെൻ
text_fieldsഹിന്ദി സിനിമാപ്രേക്ഷകരിൽ ഒരുകാലത്ത് വലിയ ജനപ്രീതി നേടിയ താരമായ റിമി സെൻ 2004ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ആക്ഷൻ ചിത്രമായ ‘ധൂ’മിൽ തന്റെ സഹതാരമായ ജോൺ അബ്രഹാമിനെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു പോഡ്കാസ്റ്റിലാണ് ജോൺ അബ്രഹാമിന്റെ തുടക്കകാല അഭിനയജീവിതത്തെക്കുറിച്ച് റിമി സെൻ തുറന്നുപറഞ്ഞത്.
സിനിമയുടെ തുടക്കകാലത്ത് ജോണിന് അഭിനയം കാര്യമായി അറിയില്ലായിരുന്നു. എന്നാൽ തന്റെ പരിമിതികൾ വ്യക്തമായി തിരിച്ചറിഞ്ഞിരുന്ന ബുദ്ധിയുളള നടനായിരുന്നു അദ്ദേഹം എന്നാണ് റിമി സെൻ പറഞ്ഞത്. മോഡലിങിലൂടെ സിനിമയിലെത്തിയ ജോൺ അബ്രഹാമിന് ആദ്യകാലത്ത് അഭിനയപരിചയം വളരെ കുറവായിരുന്നു. അദ്ദേഹത്തിന് അന്ന് ശരിയായ അർത്ഥത്തിൽ അഭിനയിക്കാനും ആളുകളോട് എങ്ങനെ ഇടപഴകണമെന്നും അറിയില്ലായിരുന്നുവെന്നും റിമിസെൻ പറയുന്നു.
തന്‍റെ ഇമേജിനും വളർച്ചക്കും അനുയോജ്യമായ തെരഞ്ഞെടുപ്പുകളാണ് പിൽക്കാലത്ത് ജോൺ നടത്തിയത്. ഒരുപാട് സിനിമകളിൽ അഭിനയിക്കാതെ തനിക്ക് അനുയോജ്യം എന്ന് തോന്നുന്ന വേഷങ്ങൾ മാത്രമാണ് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. കൂടുതലും ആക്ഷൻ സിനിമകളായിരുന്നു.
കാലക്രമേണ മികച്ച ഒരു പെർഫോമറായി മാറാൻ ജോണിന് സാധിച്ചെന്നും തന്റെ ശക്തിയും ദൗർബല്യവും വ്യക്തമായി മനസ്സിലാക്കിയ ഒരാളായിരുന്നു ജോണെന്ന് റിമി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ആക്ഷൻ, സ്റ്റൈൽ, ശാരീരിക സൗന്ദര്യം മുന്നിൽ നിൽക്കുന്ന റോളുകളിലാണ് ജോൺ കൂടുതൽ ശ്രദ്ധ ചെലുത്തിയത്. ഇതാണ് അദ്ദേഹത്തെ വളരെ ബുദ്ധിമാനായ അഭിനേതാവായി മാറ്റിയതെന്ന് റിമി സെൻ പറഞ്ഞു.
ധൂം സിനിമയിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിലൂടെയാണ് ജോൺ അബ്രഹാം ശ്രദ്ധ നേടിയത്. സ്റ്റൈൽ, ബോഡി ലാംഗ്വേജ്, സ്ക്രിൻ പ്രസൻസസ് എന്നിവക്ക് പ്രധാന്യം നൽകുന്ന ഒരു കഥാപാത്രമായിരുന്നു അത്. ഈ തെരഞ്ഞെടുപ്പ് ജോണിന്റെ കരിയറിൽ നിർണായക വഴിത്തിരിവായെന്നും സിനിമ നിർമാണ രംഗത്തേക്കും ബിസിനസ് മേഖലകളിലേക്കും ജോൺ തന്‍റെ കഴിവ് വളർത്തി.
സ്വന്തം കഴിവുകളും പരിമിതികളും മനസ്സിലാക്കി മുന്നേറുന്ന സമീപനമാണ് ജോണിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്നും അവർ വ്യക്തമാക്കി. ധൂം സിനിമ ജോൺ അബ്രഹാമിന്റെ കരിയറിൽ വലിയ വഴിത്തിരിവായിരുന്നു. പിൽക്കാലത്ത് ബോളിവുഡിലെ മുൻനിര ആക്ഷൻ താരങ്ങളിൽ ഒരാളായി അദ്ദേഹത്തെ ഉയർത്തിക്കാട്ടിയ സിനിമകളിലൊന്നായി ഇന്നും അത് കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

