നര കയറി നീട്ടി വളർത്തിയ താടിയും ജടപിടിച്ച മുടിയും; പൊന്നിയിൻ സെൽവനിലെ ഈ താരത്തെ മനസിലായോ!
text_fieldsതെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ2. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 28നാണ് തിയറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ വർഷം( 2022 സെപ്റ്റംബർ 30) തിയറ്ററുകളിൽ എത്തിയ ആദ്യഭാഗം വൻ വിജയമായിരുന്നതുകൊണ്ട് തന്നെ രണ്ടാംഭാഗം ഏറെ പ്രതീക്ഷയോടെയാണ് തിയറ്ററുകളിൽ എത്തുന്നത്.
പൊന്നിയിൻ സെൽവന്റെ രണ്ടാംഭാഗം പ്രദർശനത്തിനൊരുങ്ങുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് രണ്ടാംഭാഗത്തിൽ നടൻ എത്തുന്നത്. തല മൊട്ടയടിച്ച് കുടവയറുമായി ആഴ്വാർകടിയാൻ നമ്പി എന്ന കഥാപാത്രത്തെയാണ് ആദ്യഭാഗത്തിൽ ജയറാം അവതരിപ്പിച്ചത്. എന്നാൽ രണ്ടാം ഭാഗത്തിൽ കാളാമുഖൻ എന്ന കഥാപാത്രമായാണ് എത്തുന്നത്. നീട്ടി വളർത്തിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള ജയറാമിന്റെ ഗെറ്റപ്പ് ഇതിനോടകം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം 4ഡിഎക്സിലും റിലീസ് ചെയ്യും. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രമാകും പി.എസ്2. തമിഴിലെ പോലെ കേരളത്തിൽ നിന്നും പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗത്തിന് മികച്ച കളക്ഷൻ ലഭിച്ചിരുന്നു. ഗോകുലം മൂവീസ് തന്നെയാണ് രണ്ടാം ഭാഗവും കേരളത്തില്‍ എത്തിക്കുന്നത്.