താര തിളക്കത്തിന്റെ വിഹായസിൽ നിന്ന് അപ്രതീക്ഷിതമായ നടൻ; ഓർമകളിൽ നിറഞ്ഞ് ജയൻ
text_fieldsനാവികസേനയിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും മലയാള സിനിമയുടെ മിന്നും താരമായി മാറിയ ജയൻ എന്ന കൃഷ്ണൻ നായർ ഇന്നും മലയാള സിനിമയിൽ മരിക്കാത്ത ഓർമയാണ്. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍ എന്ന അതുല്യ പ്രതിഭ. വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല. ഒരുകാലത്ത് അദ്ദേഹത്തിന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. കാലങ്ങൾ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഡയലോഗുകളും അംഗ ചലനങ്ങളും മലയാളക്കരയിൽ പലവിധത്തിൽ ട്രെൻഡായി തുടരുന്നു.
താര തിളക്കത്തിന്റെ വിഹായസിൽ നിന്ന് അപ്രതീക്ഷിതമായി ജയൻ എന്ന മഹാനടനെ മരണം കൂട്ടിക്കൊണ്ടുപോയിട്ട് 45 വർഷങ്ങൾ. അര നൂറ്റാണ്ടിലേക്ക് അടുക്കുമ്പോഴും ജയന്റെ ഓർമകൾ നിറംമങ്ങാതെ നിറയുകയാണ് ജന്മനാടിന്റെ മനസിൽ എന്ന് ഓർമിപ്പിച്ച് ഇത്തവണയും ചരമവാർഷികദിനം ആരാധകർ ആചരിച്ചു. ഞായറാഴ്ച ഓർമദിനത്തിൽ കൊല്ലം തേവള്ളിയിൽ ജയന്റെ പൂർണകായ പ്രതിമയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ സിനിമ പ്രേമികളും ജയൻ ആരാധകരും പുഷ്പാർച്ചന നടത്തി. ജയന്റെ രൂപം അനുകരിച്ചെത്തിയ ആരാധകരും സ്മരണാഞ്ജലി ഹൃദ്യമാക്കി. ജയദീപം ജയൻ ഫാൻസ് ഇന്റർനാഷണൽ സംഘടിപ്പിച്ച ജയൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ലൈവ് ആയി ജയന്റെ ചിത്രവും ഒരുങ്ങി.
1974ൽ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയാണ് ജയൻ വെള്ളിത്തിരയിൽ എത്തിയത്. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയന് കഴിഞ്ഞു. അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. ചെറിയ വില്ലൻവേഷങ്ങളിൽ നിന്ന് പ്രധാന വില്ലൻ വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ‘ശരപഞ്ജര’മാണ് നായകനായെത്തിയ ആദ്യചിത്രം.
അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കലക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ചു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം മരിച്ചത്. ഹെലിക്കോപ്റ്ററില്‍ വെച്ചുള്ള ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തിലായിരുന്നു മരണം സംഭവിച്ചത്. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു. മരണ ശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി. 1983ല്‍ അഹങ്കാരമാണ് ജയന്റേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

