നിന്‍റെ പൂർവികർ ഷൂ നക്കിയപ്പോൾ എന്‍റെ പൂർവികർ സ്വാതന്ത്ര്യത്തിനായി മരിച്ചു; വിദ്വേഷ കമന്‍റിന് ജാവേദ് അക്തറിന്‍റെ മറുപടി
text_fieldsജാവേദ് അക്തർ
സ്വാതന്ത്ര്യദിനാശംസ പോസ്റ്റിൽ വിദ്വേഷ കമന്റിട്ടയാൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍. സ്വാതന്ത്ര്യദിനാശംസ പങ്കുവെച്ചുള്ള അദ്ദേഹത്തിന്‍റെ കുറിപ്പിൽ പാകിസ്താന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായിരുന്നു കമന്റ്. 'നിന്റെ പൂർവികർ ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോള്‍ എന്റെ പൂര്‍വികര്‍ നാടിന്റെ സ്വതന്ത്ര്യത്തിനുവേണ്ടി മരിക്കുകയായിരുന്നു'എന്നാണ് ജാവേദ് അക്തർ അതിന് മറുപടി നൽകിയത്.
'എന്റെ എല്ലാ ഇന്ത്യൻ സഹോദരി സഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ. ഈ സ്വാതന്ത്ര്യം നമുക്ക് തളികയിൽ വെച്ച് നൽകിയതല്ലെന്ന് മറക്കരുത്. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിന് ജയിലുകളിൽ പോയവരെയും തൂക്കുമരത്തിലേറിയവരെയും നാം ഓർക്കുകയും അഭിവാദ്യം ചെയ്യുകയും വേണം. ഈ വിലയേറിയ സമ്മാനം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാൻ നമുക്ക് ശ്രമിക്കാം' -എന്നായിരുന്നു ജാവേദ് അക്തറിന്‍റെ പോസ്റ്റ്.
ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരാൾ നിങ്ങളുടെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 14 ആണെന് കമന്‍റ് ചെയ്തു. ഗോല്‍മാല്‍ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ടില്‍നിന്നാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. 'മകനേ, നിന്റെ പൂർവികർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ, എന്റെ പൂർവികർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കാലാപാനിയിൽ മരിക്കുകയായിരുന്നു. നിങ്ങളുടെ സ്ഥാനം അറിയുക' എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

