ഹോളിവുഡ് താരം ജെയ്‌സൺ സ്റ്റാഥമിനൊപ്പം അച്ഛൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യണം; അതാണ് ഏറ്റവും വലിയ സ്വപ്നം -വിജയ് യുടെ മകൻ
text_fieldsവിജയ് മകനൊപ്പം
വിജയ് യുടെ മകൻ ജേസൺ സഞ്ജയ് സിനിമാലോകത്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ്. തന്റെ സിനിമാസ്വപ്നങ്ങളെക്കുറിച്ചും കരിയർ തിരഞ്ഞെടുപ്പിനെക്കുറിച്ചും ജേസൺ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഹോളിവുഡ് ആക്ഷൻ താരം ജെയ്‌സൺ സ്റ്റാഥമിനൊപ്പം തന്റെ പിതാവ് വിജയ് നായകനാകുന്ന ഒരു ചിത്രം സംവിധാനം ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ജേസൺ പറഞ്ഞു.
തമിഴ് സിനിമയിൽ നിന്ന് ആരെയാണ് ഹോളിവുഡ് താരം ജെയ്‌സൺ സ്റ്റാഥമിനൊപ്പം കൊളാബറേറ്റ് ചെയ്യാൻ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഒട്ടും അമാന്തിക്കാതെ ജേസൺ എന്റെ അച്ഛൻ എന്ന് മറുപടി നൽകി. അതൊരു മികച്ച കൂട്ടുകെട്ടായിരിക്കുമെന്നും എന്നാൽ ഈ മറുപടി ഓൺലൈനിൽ നിരവധി മീമുകൾക്കും ട്രോളുകൾക്കും വഴിവെക്കുമെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.
സന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് ജേസൺ സഞ്ജയ് സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നത്. തമിഴ് സിനിമാ ലോകത്തെ ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ മകനായിട്ടും എന്തുകൊണ്ട് അഭിനയത്തിന് പകരം സംവിധാനം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് കാരണമെന്നാണ് ജേസന്‍റെ മറുപടി.
കുട്ടിക്കാലം മുതലേ സിനിമാ സെറ്റുകളിലേക്ക് പ്രവേശനം ലഭിച്ചിരുന്നതും, അത് ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമായി മാറിയതും തനിക്ക് വലിയൊരു പദവിയും എക്സ്പോഷറും നൽകി. സെറ്റുകളിലെ അന്തരീക്ഷം തന്നെ ഏറെ സ്വാധീനിച്ചിരുന്നു. തുടക്കത്തിൽ പൈലറ്റ് ആകാനോ ക്രിക്കറ്റ് കളിക്കാരനാകാനോ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയോടുള്ള താൽപ്പര്യം ശക്തമായത്. തുടർന്ന് കോളജിൽ വെച്ച് ഫിലിം മേക്കിങ് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ജേസൺ കൂട്ടിച്ചേർത്തു. അഭിനയത്തോട് ഒരിക്കലും തനിക്ക് ആത്മാർത്ഥമായ താൽപ്പര്യം തോന്നിയിരുന്നില്ലെന്ന് ജേസൺ വ്യക്തമാക്കുന്നു.
കുട്ടിക്കാലം മുതൽ സുഹൃത്തുക്കളോട് യാദൃശ്ചികമായി കഥകളും സംഭവങ്ങളും പറഞ്ഞുനൽകുന്നത് എനിക്ക് ഇഷ്ടമായിരുന്നു. പതുക്കെ ഞാൻ ആ ആശയങ്ങൾ കുറിച്ചുവെക്കാൻ തുടങ്ങി. അതൊരു ഹോബിയായി മാറി. തുടർന്ന് കാനഡയിലേക്ക് പോയി ഫിലിം മേക്കിങ് പഠിച്ച ശേഷമാണ് എനിക്ക് യഥാർത്ഥത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ബോധ്യം ഉണ്ടായതെന്ന് ജേസൺ കൂട്ടിച്ചേർത്തു.
ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രം ജൂലൈ 31ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അതിന്റെ റിലീസ് തീയതി മാറ്റിവെച്ചിരിക്കുകയാണ്. എന്തായാലും വിജയ് യുടെ മകൻ എന്ന ലേബലപ്പുറം സ്വന്തം കഴിവ് തെളിയിക്കാൻ ഒരുങ്ങുന്ന ജേസൺ സഞ്ജയിന്റെ സിനിമാ യാത്രക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

