'അമ്മയുടെ വിയോഗത്തിന്‍റെ വേദന ഒരിക്കലും ഇല്ലാതാകില്ല'; ശ്രീദേവിയെക്കുറിച്ച് കാണാറുള്ള സ്വപ്നങ്ങൾ പങ്കുവെച്ച് ജാൻവി കപൂർ
text_fieldsതന്റെ അമ്മയും നടിയുമായ ശ്രീദേവിയുടെ ഓർമ്മകൾ ജാൻവി കപൂർ ഒരിക്കൽ കൂടി വേദനയോടെ പങ്കുവെക്കുന്നു. അമ്മയുടെ വേർപാട് സമ്മാനിച്ച ശൂന്യതയെക്കുറിച്ചും സ്വപ്നങ്ങളിൽ ഇപ്പോഴും അമ്മ കടന്നുവരുന്നതിനെക്കുറിച്ചും താരം മനസ്സുതുറന്നു. ഒരു അഭിമുഖത്തിലാണ് ജാൻവി തന്റെ വികാരങ്ങൾ പങ്കുവെച്ചത്. അമ്മയുടെ മരണശേഷം ആ വേദനയിൽ നിന്ന് താൻ ഇതുവരെ പൂർണ്ണമായും മുക്തയായിട്ടില്ലെന്ന് ജാൻവി പറയുന്നു. ഇടക്കിടെ താൻ കാണുന്ന സ്വപ്നങ്ങളിൽ അമ്മ എവിടെയെങ്കിലും ഒരു യാത്ര കഴിഞ്ഞു തിരിച്ചുവരുന്നതായി അനുഭവപ്പെടാറുണ്ടെന്നും, ആ നിമിഷങ്ങൾ തനിക്ക് അത്രത്തോളം യാഥാർത്ഥ്യബോധം നൽകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.
സിനിമയുടെ തിരക്കുകൾക്കിടയിലും അമ്മ എപ്പോഴും തന്റെ കുടുംബത്തെയായിരുന്നു ആദ്യ പരിഗണന നൽകിയിരുന്നതെന്ന് ജാൻവി ഓർക്കുന്നു. ഒരിക്കൽ 'ഇംഗ്ലീഷ് വിംഗ്ലിഷ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ മക്കളുടെയും ഭർത്താവിന്റെയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ശ്രീദേവി ഫോണിലൂടെ പൊട്ടിക്കരഞ്ഞ കാര്യം താരം ഓർത്തെടുത്തു. ഒരു മെഗാസ്റ്റാർ എന്നതിലുപരി മക്കളെയും കുടുംബത്തെയും അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു അമ്മയായിരുന്നു തങ്ങളുടേതെന്ന് ജാൻവി പറയുന്നു.
കാമറക്ക് മുന്നിൽ നിൽക്കുമ്പോഴും തിരുപ്പതി സന്ദർശിക്കുമ്പോഴുമാണ് തനിക്ക് അമ്മയുടെ സാമീപ്യം ഏറ്റവും കൂടുതൽ അനുഭവപ്പെടാറുള്ളതെന്ന് ജാൻവി വികാരഭരിതയായി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് തിരുപ്പതിയിലേക്കുള്ള യാത്രകൾ തനിക്ക് അത്രമേൽ പ്രധാനപ്പെട്ടതാകുന്നത്. അമ്മ തന്നോട് എപ്പോഴും പറഞ്ഞിരുന്ന ഒരു ഉപദേശമുണ്ട്- "കാമറയോട് ഒരിക്കലും നുണ പറയാൻ കഴിയില്ല. നീ ഒരു നല്ല മനുഷ്യനാണെങ്കിൽ മാത്രമേ നിന്റെ പ്രകടനം പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ." ഈ വാക്കുകൾ താൻ ജീവിതത്തിൽ എപ്പോഴും മുറുകെ പിടിക്കാറുണ്ടെന്നും ജാൻവി കൂട്ടിച്ചേർത്തു.
ശ്രീദേവിയുടെ അഭിനയ പാരമ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അമ്മയെപ്പോലെ മറ്റൊരാളില്ലെന്നും അവരുമായുള്ള താരതമ്യം സാധ്യമല്ലെന്നുമാണ് ജാൻവി മറുപടി നൽകിയത്. അമ്മയുടെ പാരമ്പര്യത്തെ ആദരിക്കുക, അവരെക്കുറിച്ചുള്ള ഓർമ്മകൾ നിലനിർത്തുക എന്നതാണ് തന്റെ ആഗ്രഹം. അമ്മയുടെ ഓർമ്മകൾ എപ്പോഴും തന്നോടൊപ്പമുണ്ടാകുമെന്നും ജാൻവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

