‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, ഇത് മാനസികമായി തളർത്തുന്നു’ -ദുരനുഭവം പങ്കുവെച്ച് ജാൻവി കപൂർ
text_fieldsമുംബൈ: കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ. തന്റെ 15ാം വയസ്സിൽ ഒരു അശ്ലീല വെബ്‌സൈറ്റിൽ മോർഫ് ചെയ്ത ചിത്രം പ്രദർശിപ്പിച്ചതും അതിന്റെ മാനസികാഘാതവുമാണ് താരം പങ്കുവെച്ചത്. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിലാണ് ജാൻവി ദുരനുഭവം പങ്കുവെച്ചത്.
‘സ്‌കൂളിലെ ഒരു ഐ.ടി ക്ലാസിൽവെച്ച് സഹപാഠികൾ ഒരു അശ്ലീല വെബ്‌സൈറ്റ് കാണുന്നുണ്ടായിരുന്നു. അതിൽ തന്റെ മുഖം മറ്റൊരാളുടെ ശരീരത്തിലേക്ക് മോർഫ് ചെയ്ത ഒരു ഡീപ്ഫേക്ക് സ്റ്റൈൽ ചിത്രം ഉണ്ടായിരുന്നു’ -ജാൻവി പോഡ്കാസ്റ്റിൽ പറയുന്നു. അത് തന്നെ മാനസികമായി തളർത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത്തരം കാര്യങ്ങളിൽ ധാർമ്മികതയില്ലെന്നും ഇത് പ്രശസ്തിക്ക് നൽകേണ്ടി വരുന്ന വിലയാണെന്നും അക്കാലത്ത് താൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും നടി പറയുന്നു.
ആദ്യ സംഭവം വർഷങ്ങൾക്ക് മുമ്പാണ് നടന്നതെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയോടെ ഇത്തരം പ്രശ്നങ്ങൾ വർധിച്ചതായും ജാൻവി പറയുന്നു. കൃത്രിമബുദ്ധി സൃഷ്ടിച്ച ദൃശ്യങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവെക്കാൻ ഉപയോഗിക്കുന്നതിൽ അവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
പ്രശസ്ത വാർത്താ പേജുകൾ പോലും താൻ ഒരിക്കലും ധരിക്കാത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതിന്റെ എ.ഐ ദൃശ്യങ്ങൾ ഇടക്കിടെ പങ്കുവെക്കുന്നു. ഔദ്യോഗിക വാർത്താ പേജുകൾപോലും ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നു. അവ ഇപ്പോഴും അവിടെയുണ്ട്. പൂർണമായും എ.ഐ ചിത്രങ്ങളാണ് അവയെല്ലാം. ഒരിക്കലും ഞാൻ ആ വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. അത്തരം ചിത്രങ്ങൾ എടുത്തിട്ടില്ല. ഞാൻ പുറത്തുവിട്ട ചിത്രങ്ങളാണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. നാളെ ഞാൻ ഒരു സംവിധായകന്റെ അടുത്ത് ചെന്ന് ഇത്തരം വസ്ത്രങ്ങൾ ധരിക്കില്ല എന്നുപറയുമ്പോൾ അവർ എ.ഐ ചിത്രം ചൂണ്ടിക്കാണിച്ച് നിങ്ങൾ മുമ്പ് ഇത് ധരിച്ചിട്ടുണ്ടെന്ന് അവർക്ക് പറയാൻ കഴിയും. അവരത് പറഞ്ഞില്ലെങ്കിലും, അത് എന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തലുകൾക്ക് കാരണമായേക്കാം -ജാൻവി പറയുന്നു. ഇത്തരം പ്രശ്നങ്ങൾ മാനസികമായി അലട്ടുന്നുണ്ടെങ്കിലും ഇതിനെതിരെ പരാതിപ്പെടാൻ തനിക്ക് പരിമിതികളുണ്ടെന്ന് ജാൻവി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

