Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്. ജാനകി: കാലത്തെ തോൽപിച്ച ശബ്ദം നിശ്ശബ്ദമായി

text_fields
bookmark_border
നാല് പതിറ്റാണ്ട് കാലം കേരളത്തിന്റെ കാതുകളിൽ സംഗീതത്തിന്റെ തേനും വയമ്പും നിറച്ച വാനമ്പാടിയാണ് എസ്. ജാനകി. മലയാളികളുടെ സംഗീത സപര്യയിൽ മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ശബ്ദമാധുര്യം
എസ്. ജാനകി: കാലത്തെ തോൽപിച്ച ശബ്ദം നിശ്ശബ്ദമായി
cancel
camera_alt

കെ.ജെ. യേശുദാസ് എസ്. ജാനകിയെ ആദരിക്കുന്നു

കോഴിക്കോട്: ഒരു പാട്ടിന്റെ ആദ്യവരി കേൾക്കുമ്പോൾ തന്നെ അത് എസ്. ജാനകിയുടേതാണെന്ന് തിരിച്ചറിയാൻ മലയാളിക്ക് അധികനേരം വേണ്ടിവരില്ല. മൃദുത്വവും നൊമ്പരവും പ്രണയവും വിരഹവും ഭക്തിയും കുസൃതിയും മാതൃസ്നേഹവും ഒരേ ശബ്ദത്തിൽ അത്രമേൽ സ്വാഭാവികമായി പകർന്ന മറ്റൊരു ഗായികയില്ല. ആ അപൂർവ ശബ്ദത്തിന്റെ ഉടമ എസ്. ജാനകി ഇനി ഓർമ.

ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ ദക്ഷിണേന്ത്യൻ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിക്ക് മലയാളം രണ്ടാം മാതൃഭാഷയായിരുന്നു. ഉച്ചാരണത്തിന്റെ കൃത്യതയും ഭാവത്തിന്റെ തീവ്രതയുംകൊണ്ട് അവർ മലയാളികളുടെ സ്വന്തം ഗായികയായി.

ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് സിനിമാസംഗീതത്തിന്റെ എല്ലാ ഭാവങ്ങളെയും അനായാസം കീഴടക്കിയ ഗായികയായിരുന്നു അവർ. കുഞ്ഞിന്റെ ശബ്ദവും പ്രായമായ സ്ത്രീയുടെ സ്വരവും ഗ്രാമീണ സ്ത്രീയുടെ നിഷ്കളങ്കതയും നഗരജീവിതത്തിന്റെ ആധുനികതയും ഒരുപോലെ ആവിഷ്കരിക്കാൻ ജാനകിക്ക് കഴിഞ്ഞു. മലയാളത്തിനും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകൾക്കുമായി നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് അവർ സമ്മാനിച്ചത്.

മികച്ച ഗായികക്കുള്ള ദേശീയ അവാർഡ്‌ ആദ്യമെത്തുന്നത് അര നൂറ്റാണ്ടുമുമ്പ്. 1976ൽ പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ... എന്ന ഗാനത്തിനാണ്‌ ആദ്യ ദേശീയപുരസ്‌കാരം. 1980ൽ മലയാളചിത്രമായ ഓപ്പോളിലെ ‘ഏറ്റുമാനൂർ അമ്പലത്തിൽ... ’എന്ന ഗാനത്തിനും 1984ൽ തെലുഗു ചിത്രമായ ‘സിതാര’യിൽ ‘വെന്നല്ലോ ഗോദാരി ആനന്ദം... ’ എന്ന ഗാനത്തിനും 1992ൽ തമിഴ്‌ ചിത്രമായ തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ പുരസ്കാരം ലഭിച്ചത്‌.

ദേവരാജൻ, എം.എസ്. ബാബുരാജ്, കെ. രാഘവൻ, ദക്ഷിണാമൂർത്തി, ശ്യാം, ജോൺസൺ, രവീന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, എസ്.പി. വെങ്കിടേഷ്, ഔസേപ്പച്ചൻ തുടങ്ങി പ്രമുഖ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് അവർ ജീവൻ നൽകി. വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ ഗാനരചയിതാക്കളുടെ വരികൾ ജാനകിയുടെ ശബ്ദത്തിലൂടെ മലയാളികളുടെ കാതിൽ സംഗീതമഴ പെയ്യിച്ചു. ഹൃദയത്തിൽ പതിഞ്ഞു.

എസ്. ജാനകിയുടെ വിയോഗത്തോടെ ഒരു ഗായിക മാത്രമല്ല, മലയാളിയുടെ ഓർമകളിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ ശബ്ദമാണ് നിലച്ചത്. എന്നാൽ, അവർ പാടിയ ഗാനങ്ങൾ നിലനിൽക്കുന്നിടത്തോളം ആ ശബ്ദം ഒരിക്കലും മായില്ല. ഓരോ തലമുറയും വീണ്ടും വീണ്ടും കേട്ട് കണ്ടെത്തുന്ന ആ സ്വരം, മലയാള സംഗീതചരിത്രത്തിലെ ഏറ്റവും തെളിഞ്ഞ അധ്യായങ്ങളിലൊന്നായി തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Janaki Passes Away: The Voice That Defied Time Falls Silent
Next Story