സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന ജഗദീഷിന്‍റെ നിലപാട് പുരോഗമനപരം -സാന്ദ്ര തോമസ്
text_fieldsഅഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിന്മാറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ നടന്‍റെ തീരുമാനത്തെ പിന്തുണച്ച് നിർമാതാവും നടിയുമായി സാന്ദ്ര തോമസ് രംഗത്തെത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണെന്ന് സാന്ദ്ര സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു.
'ജഗദീഷിന്റെ നിലപാട് പുരോഗമനപരം. കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ്. അതിൽ സ്വയം സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ്. പുരോഗമനപരം എന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കുമ്പോൾ ആണ് വ്യക്തികൾ തിളക്കമുള്ളതായി മാറുന്നത്' -സാന്ദ്ര തോമസ് കുറിച്ചു.
പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമർദേശ പത്രിക സമർപ്പിച്ചത്. മോഹൻലാലും മമ്മൂട്ടിയുമായി പത്രിക പിൻവലിക്കുന്നതിനെക്കുറിച്ച് ജഗദീഷ് സംസാരിച്ചിട്ടുണ്ട്. ഇരുവരും സമ്മതിച്ചാൽ പിന്മാറുമെന്നാണ് വിവരം. 31വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഒരു വനിത താരസംഘടനയുടെ തലപ്പത്തേക്ക് എത്താനൊരുങ്ങുന്നത് ആദ്യമായാണ്. അങ്ങനെ വരുമ്പോൾ താൻ മത്സരത്തിന് നിൽക്കുന്നത് ശരിയല്ലെന്നാണ് ജഗദീഷിന്‍റെ നിലപാട്. ഇന്ന് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ജഗദീഷും ശ്വേത മേനോനും തമ്മിലായിരുന്നു ശക്തമായ മത്സരത്തിന് സാധ്യത.
ഇവർക്ക് പുറമേ രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവർ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്. പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ജോയ് മാത്യു പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, പ്രസിഡൻറ് സ്ഥാനത്തേക്കുള്ള പത്രിക തള്ളി. ബാബുരാജാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരാൾ. ജോയൻറ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും മത്സരിക്കുന്നുണ്ട്.
അതേസമയം, സിനിമ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രതിഷേധ സൂചകമായി പർദ ധരിച്ചാണ് നിർമാതാവ് സാന്ദ്ര തോമസ് എത്തിയത്. ഇത്തരം ആളുകളുള്ള സ്ഥലങ്ങളിൽ വരുമ്പോൾ സ്ത്രീകൾക്ക് ധരിക്കാവുന്ന ഏറ്റവും ഉചിതമായ വസ്ത്രമാണിതെന്നാണ് അവർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

