മരണശേഷം ലോകത്തിനു പങ്കുവെക്കനായി അവസാന വിഡിയോ പകർത്തി ജാക്കി ചാൻ
text_fieldsജാക്കി ചാൻ
ലോകമെമ്പാടും ആരാധകരുള്ള ആക്ഷൻ ഹീറോയാണ് ജാക്കി ചാൻ. കാലഘട്ടം എത്രതന്നെ മാറിയാലും ജാക്കിയുടെ ആരാധകർ കൂടുക മാത്രമാണ് ഉണ്ടായത്. ആയോധനകലയും ഹാസ്യവും കലർന്ന അവതരണംകൊണ്ട് ആഗോളതലത്തിൽ മറ്റാർക്കും എത്തിപ്പെടാൻ സാധിക്കാത്ത സ്ഥാനം ജാക്കി ചാൻ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അടുത്തിടെ താരം തന്‍റെ മരണശേഷം മാത്രം പുറത്തുവിടാനായൊരു വിഡിയോ ചിത്രീകരിച്ചെന്ന കാര്യം വെളിപെടുത്തി.
ബീജിംഗിൽ നടന്ന തന്റെ പുതിയ ചിത്രമായ 'അൺഎക്‌സ്‌പെക്റ്റഡ് ഫാമിലി'യുടെ പ്രീമിയറിനിടെ സംസാരിക്കുകയായിരുന്നു താരം. 71 കാരനായ ജാക്കി ചാൻ തന്റെ മരണശേഷം മാത്രം പുറത്തിറങ്ങുന്ന ഒരു പ്രത്യേക ഗാനം റെക്കോർഡുചെയ്‌തതായി വേദിയിൽ വെളിപ്പെടുത്തുകയായിരുന്നു. ലോകത്തോടുള്ള തന്റെ അവസാന സന്ദേശം എന്നാണ് അദ്ദേഹം വിഡിയോയെ വിശേഷിപ്പിച്ചത്. ഇത് ആരാധകരെ വികാരഭരിതരാക്കി.
'ഇപ്പോൾ എനിക്ക് തോന്നുന്നത് പറയേണ്ട കാര്യങ്ങൾ ഇപ്പോൾ പറയണമെന്നും ചെയ്യേണ്ട കാര്യങ്ങൾ ഉടൻ ചെയ്യണമെന്നുമാണ്. അതിനാൽ ഞാൻ എന്റെ അവസാന ചിന്തകൾ ഒരു ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ കുടുംബത്തിനും മാനേജ്മെന്റിനും ഇത് ഇപ്പോൾ റിലീസ് ചെയ്യാൻ താൽപ്പര്യമില്ല, അതിനാൽ ഞാൻ ഈ ലോകത്തോട് വിട പറയുന്ന ദിവസം ഗാനം പുറത്തിറങ്ങും.' ജാക്കി പറഞ്ഞു.
തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, ഈ ചിത്രം തന്റെ കാലങ്ങളായി നിലനിൽക്കുന്ന ആക്ഷൻ-ഹീറോ ഇമേജിൽ നിന്നും വ്യത്യസ്തമായ ഒന്നാണെന്ന് ജാക്കി പറഞ്ഞു. 'ആൻ അൺഎക്‌സ്‌പെക്റ്റഡ് ഫാമിലി'യിൽ അൽഷിമേഴ്‌സ് രോഗബാധിതനായ ഒരു വൃദ്ധനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അയാൾ തന്റെ വാടകക്കാരനെ മകനായി തെറ്റിദ്ധരിക്കുകയും നിരവധി അപരിചിതരുമായി ഒരു അസാധാരണ കുടുംബം രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് കഥാതന്തു.
'ഒരു ആക്ഷൻ താരമായി അറിയപ്പെടാനല്ല മറിച്ച് കുങ്‌ഫുവിനെ അറിയുന്ന ഒരു പരിചയസമ്പന്നനായ നടനായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

