'അപ്രതീക്ഷിതമായ ഈ ചരിത്ര വിജയം അംഗീകരിക്കാൻ സമയം വേണ്ടിവന്നു'; ധുരന്ധറിന്‍റെ വിജയം അണിയറപ്രവർത്തകർ ആഘോഷിച്ചത് എങ്ങനെയെന്ന് അർജുൻ രാംപാൽ
text_fieldsഅർജുൻ രാംപാൽ
ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ് പ്രധാന വേഷത്തിലെത്തിയ 'ധുരന്ധർ','ധുരന്ധർ: ദി റിവഞ്ച്' എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. രാജ്യം മുഴുവൻ ഈ ചിത്രങ്ങളുടെ തരംഗം ആഞ്ഞടിക്കുമ്പോൾ, ചിത്രത്തിന്റെ വമ്പിച്ച വിജയത്തിൽ അണിയറപ്രവർത്തകർ എങ്ങനെയാണ് സന്തോഷം പങ്കിടുന്നതെന്ന് നടൻ അർജുൻ രാംപാൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അർജുൻ രാംപാൽ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് വാചാലനായത്. 'സത്യം പറഞ്ഞാൽ എനിക്കിപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ല. ഞങ്ങളുടെ ടീമിലെ ഓരോരുത്തർക്കും ഇത് സ്വപ്നതുല്യമായ നിമിഷമാണ്. ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്ര വലിയ വിജയമാണ് ഞങ്ങൾ കൈവരിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഒരുതരം ആത്മാഭിമാനമാണ് ഇപ്പോൾ തോന്നുന്നത്,' എന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വലിയൊരു ജനപിന്തുണയും സ്നേഹവും ഉൾക്കൊള്ളാൻ ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഇനിയും സമയമെടുക്കും എന്നതാണ് സത്യം.
സാധാരണയായി ഇത്തരം വിജയങ്ങൾ ആഘോഷമാക്കാറാണ് പതിവെങ്കിലും, ധുരന്ധർ ടീം വ്യത്യസ്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. വിജയത്തിന്റെ ലഹരിയിൽ മതിമറക്കാതെ തങ്ങളെത്തന്നെ ശാന്തമാക്കാനാണ് പലരും ശ്രമിക്കുന്നത്. ഇതിനെക്കുറിച്ച് അർജുൻ രാംപാൽ പറയുന്നത് ഇങ്ങനെയാണ്, 'എല്ലാവരും ഇപ്പോഴും ആ ഞെട്ടലിലാണ്. ആനന്ദത്തിന്റെ കൊടുമുടിയിലാണ് ഞങ്ങളിപ്പോൾ. ഞങ്ങളുടെ ടീമിലെ വികാസ് മനശാന്തിക്കായി ഒരു ആശ്രമത്തിൽ ചേർന്നു. സംവിധായകൻ ആദിത്യ ധർ ആണെങ്കിൽ ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് ഇഷ്ടപ്പെടുന്നത്. വിജയത്തിന് പിന്നാലെ പായാതെ, ജീവിതത്തിൽ ഒരു ബാലൻസ് കണ്ടെത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. സിനിമ റിലീസ് ആയതിനുശേഷം ഞാൻ ഗോവയിലെ വീട്ടിലേക്ക് പോയി. അവിടെ കുടുംബത്തോടൊപ്പവും പ്രകൃതിയോടൊപ്പവും സമയം ചിലവഴിച്ച് ഒന്ന് റിലാക്സ് ചെയ്യാനാണ് എനിക്കിഷ്ടം' അദ്ദേഹം പറഞ്ഞു.
'ധുരന്ധർ' ആദ്യ ഭാഗത്തിൽ മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഐ.എസ്.ഐ മേജർ ഇഖ്ബാൽ എന്ന വില്ലനായാണ് അർജുൻ രാംപാൽ എത്തിയത്. രണ്ടാം ഭാഗത്തിൽ രൺവീർ സിങ് അവതരിപ്പിക്കുന്ന ഹംസ എന്ന ഇന്ത്യൻ ചാരൻ ഇഖ്ബാലിനെതിരെ പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ജസ്കിരത് സിങ് രംഗി എന്ന ഹംസ പാകിസ്ഥാനിലെ ലിയാരിയിലെത്തി ഒരു ഭീകരസംഘടനയെ തകർക്കുന്നതും, അവിടെയുള്ള സമൂഹത്തിൽ അലിഞ്ഞുചേരുന്നതുമെല്ലാം വളരെ ഉദ്വേഗജനകമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
2025 ഡിസംബർ 5-നാണ് ഒന്നാം ഭാഗം റിലീസ് ചെയ്തത്. രണ്ടാം ഭാഗം ഈ വർഷം മാർച്ച് 19-നും തിയറ്ററുകളിലെത്തി. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, മാധവൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ഈ ചിത്രം ആദ്യ ഭാഗത്തിലൂടെ 1307 കോടി രൂപയും രണ്ടാം ഭാഗത്തിലൂടെ ഇതുവരെ 1363 കോടി രൂപയുമാണ് ലോകമെമ്പാടുമായി വാരിക്കൂട്ടിയത്. വിമർശകർക്കിടയിൽ സമ്മിശ്ര അഭിപ്രായങ്ങൾ ഉണ്ടായിരുന്നിട്ടും, ജനങ്ങൾ ഇരുകൈകളും നീട്ടി ഈ ചിത്രം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

