‘പുരുഷന്മാർ സ്ത്രീകളാകാതിരിക്കാനാണ് പഠിക്കുന്നത്’; ഞാൻ അമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്, അതാണ് എന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയത് -ഇഷാൻ ഖട്ടർ
text_fieldsസിനിമയിലെ പരുക്കൻ നായക സങ്കൽപ്പങ്ങൾക്കിടയിൽ, വികാരങ്ങൾക്കും ആഴമുള്ള പ്രകടനങ്ങൾക്കും പ്രാധാന്യം നൽകി ശ്രദ്ധേയനാകുകയാണ് യുവനടൻ ഇഷാൻ ഖട്ടർ. പുരുഷത്വം എന്നാൽ വെറും ശാരീരിക കരുത്ത് മാത്രമല്ലെന്നും അതിൽ വൈകാരികമായ തുറന്നുപറച്ചിലുകൾക്കും സ്ഥാനമുണ്ടെന്നും ഇഷാൻ തുറന്ന് പറയുന്നു. അടുത്തിടെ നടന്ന 'യുവ ഓൾ സ്റ്റാർസ് റൗണ്ട് ടേബിളിൽ' സംസാരിക്കവേ ഇഷാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുക്കുന്നത്. സ്ത്രീ സംവിധായകരും സ്ത്രീകളുടെ കാഴ്ചപ്പാടുകളും തന്റെ കരിയറിനെ പരുവപ്പെടുത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഇഷാൻ പറയുന്നു.
“പുരുഷന്മാർ പുരുഷന്മാരാകാൻ പഠിക്കുന്നില്ല, സ്ത്രീകളാകാതിരിക്കാനാണ് അവർ പഠിക്കുന്നത്. പുരുഷൻമാരും സ്ത്രീകളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പുരുഷനായിരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ ധാരണയിൽ പലതും രൂപപ്പെട്ടത്. എന്റെ ജീവിതത്തിൽ, ഞാൻ അമ്മയുടെ സംരക്ഷണയിൽ വളർന്നയാളാണ്. അതാണ് പുരുഷത്വത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയതെന്ന് ഞാൻ കരുതുന്നു” ഇഷാൻ പറഞ്ഞു.
അഭിനേതാക്കളായ രാജേഷ് ഖട്ടറിന്റെയും നീലിമ അസീമിന്റെയും മകനായ ഇഷാന്റെ ആറാം വയസ്സിലാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. അമ്മ നീലിമ അസീമിനൊപ്പം വളർന്ന സാഹചര്യമാണ് ലിംഗസമത്വത്തെക്കുറിച്ചും ജീവിതത്തോടുള്ള കാഴ്ചപ്പാടിനെക്കുറിച്ചും വ്യക്തമായ ധാരണ നൽകിയതെന്ന് ഇഷാൻ വിശ്വസിക്കുന്നു. 2017ൽ സിനിമാലോകത്തെത്തിയ ഇഷാൻ തന്റെ കരിയറിലെ വളർച്ചക്ക് കടപ്പെട്ടിരിക്കുന്നത് പ്രധാനമായും വനിതാ സംവിധായകർക്കാണ്.
“എന്റെ കരിയറിലെ 50 ശതമാനത്തോളം സിനിമകളും വനിതാ സംവിധായകർക്കൊപ്പമായിരുന്നുവെന്ന് ഇഷാൻ അഭിമാനത്തോടെ പറയുന്നു. മീരാ നായർ, നൂപുർ അസ്താന, പ്രിയങ്ക ഘോഷ് തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചത് എന്റെ ചിന്താഗതിയെ മാറ്റി. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമയെ കാണാൻ കഴിഞ്ഞത് വലിയൊരു ശക്തിയാണ്. സിനിമയുടെ അടിസ്ഥാനം തന്നെ സഹാനുഭൂതിയാണെന്നും ഇഷാൻ കൂട്ടിച്ചേർത്തു.
ഇക്കൊല്ലം ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ഹോംബൗണ്ട്' എന്ന ചിത്രത്തിലാണ് ഇഷാൻ അവസാനമായി അഭിനയിച്ചത്. നീരജ് ഘായ്‌വനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സ് സീരീസായ 'ദി റോയൽസി'ലും ഇഷാൻ പ്രധാനവേഷം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

