‘എന്നെ ദേശസ്നേഹിയെന്ന് വിളിക്കൂ’; ഇന്ത്യയോടുള്ള സ്നേഹം അന്ധഭക്തിയാണെങ്കിൽ, ആ ലേബൽ അഭിമാനത്തോടെ ഞാൻ സ്വീകരിക്കുന്നു -ഇഷ കോപ്പികർ
text_fieldsഇഷ കോപ്പികർ
നടി ഇഷ കോപ്പികർ തനിക്കെതിരെയുള്ള 'അന്ധഭക്ത' വിമർശനങ്ങൾക്കും ട്രോളുകൾക്കും നൽകിയ ശക്തമായ മറുപടി ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്. രാജ്യസ്നേഹത്തെക്കുറിച്ചും രാഷ്ട്രീയത്തോടുള്ള തന്റെ നിലപാടുകളെക്കുറിച്ചും നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ രാജ്യസ്നേഹം ഏതെങ്കിലും രാഷ്ട്രീയ പർട്ടിയുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് സ്വന്തം രാജ്യമായ ഇന്ത്യയോടാണെന്നും ഇഷ കോപ്പികർ വ്യക്തമാക്കി. ‘രാജ്യത്തെ സ്നേഹിക്കുന്നതും ഇന്ത്യയിൽ വിശ്വസിക്കുന്നതും അതിന്റെ പുരോഗതി ആഗ്രഹിക്കുന്നതും ഭക്തിയാണെങ്കിൽ, അതെ, ഞാൻ അഭിമാനത്തോടെ ഒരു ഭക്തയാണ്, അന്ധയായ ഒരു ഭക്തയാണ്. എന്നാൽ എന്റെ ഭക്തി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടല്ല, മറിച്ച് എന്റെ രാജ്യത്തോടാണ്, എന്റെ ഇന്ത്യയോടാണ്. രാഷ്ട്രം എപ്പോഴും ആദ്യം. നമ്മൾ എവിടെ ജീവിച്ചാലും ആ സ്ഥലത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും അതിനായി സംഭാവന നൽകാനും പഠിക്കുക’ എന്ന് ഇഷ വിഡിയോയിൽ പറഞ്ഞു.
രാജ്യസ്നേഹം എന്നത് വെറുതെ വാക്കുകളിൽ ഒതുങ്ങുന്ന ഒന്നല്ലെന്നും, മറിച്ച് രാജ്യത്തിന്റെ നന്മക്കായി പ്രവൃത്തിയിലൂടെ വല്ലതും ചെയ്യുകയാണതെന്നും അവർ ഓർമിപ്പിച്ചു. നമ്മൾ ജീവിക്കുന്ന നാടിനെ ബഹുമാനിക്കുകയും അതിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും വേണമെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്തോടുള്ള കടപ്പാടിനെക്കുറിച്ചും പൗരന്മാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും സംസാരിച്ച താരം, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സംസാരിച്ചു.‘രണ്ടുതരം കുട്ടികളുണ്ട്. മാതാപിതാക്കൾ തങ്ങൾക്ക് എന്തൊക്കെ തന്നില്ലെന്നും തന്നതെന്നും ജീവിതകാലം മുഴുവൻ എണ്ണിപ്പറയുന്നവർ ഒരു വിഭാഗം. എന്നാൽ ലഭിക്കുന്നതെന്തും സ്വന്തമാക്കുക മാത്രമല്ല, മാതാപിതാക്കളുടെ ജീവിതം കൂടിയാക്കി മാറ്റുന്നവർ മറ്റൊരു വിഭാഗം. ഇവിടെ വ്യത്യാസം സാഹചര്യങ്ങളിലല്ല, ചിന്താഗതിയിലാണ്. പിന്നെ എന്തുകൊണ്ട് നമുക്കും നമ്മുടെ ചിന്താഗതി മാറ്റിക്കൂടാ?" എന്ന് ഇഷ ചോദിക്കുന്നു.
രാജ്യം എപ്പോഴും നമുക്ക് എന്ത് തന്നു എന്ന് ചോദിക്കുന്നതിന് പകരം, നമുക്ക് രാജ്യത്തിന് തിരിച്ച് എന്ത് നൽകാൻ കഴിയും, രാജ്യത്തിനായി എന്ത് ചെയ്യാൻ സാധിക്കും എന്ന് എന്തുകൊണ്ട് ചിന്തിച്ചുകൂടാ? കാരണം ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളേ. നമ്മുടെ ചിന്തകൾ മാറാനും പുതിയൊരു ഇന്ത്യയെ നിർമിക്കുന്നതിന്റെ ഭാഗമാകാനുമുള്ള സമയമാണിത്. അതിനാൽ എന്നെ ഭക്തയെന്ന് വിളിക്കൂ, അന്ധ ഭക്തയെന്ന് വിളിക്കൂ, ദേശസ്നേഹിയെന്ന് വിളിക്കൂ’ എന്നും താരം വ്യക്തമാക്കി.
‘ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു. ഞാൻ എന്റെ ഇന്ത്യയിൽ വിശ്വസിക്കുന്നു. കണ്ണടച്ച് വിശ്വസിക്കുന്നില്ല, മറിച്ച് അഭിമാനത്തോടെയും നിരുപാധികമായും ഞാൻ വിശ്വസിക്കുന്നു. ജയ് ഹിന്ദ്," എന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ വിഡിയോ അവസാനിപ്പിച്ചത്. ഈ പോസ്റ്റിന്റെ അടിക്കുറിപ്പിൽ, ’ഇന്ത്യയോടുള്ള സ്നേഹം 'അന്ധഭക്തി'യാണെങ്കിൽ, ആ ലേബൽ ഞാൻ അഭിമാനത്തോടെ സ്വീകരിക്കുന്നു. കാരണം തെറ്റായതിനെ ചോദ്യം ചെയ്യാനും ശരിയായി തോന്നുന്നതിനെ അഭിനന്ദിക്കാനും എന്റെ രാജ്യത്തെ മറ്റെന്തിനേക്കാളും ഉപരിയായി കാണാനും എനിക്ക് സാധിക്കും’ എന്നും ഇഷ കുറിച്ചിരുന്നു.
ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളുടെ പേരിൽ ഇഷ കോപ്പികർ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും ഇരയായിരുന്നു. എന്നാൽ അപ്പോഴും താൻ തന്റെ രാജ്യസ്നേഹം അഭിമാനത്തോടെയാണ് കാണുന്നതെന്നും അതിൽ ഖേദിക്കുന്നില്ലെന്നും വ്യക്തമാക്കി അവർ ശക്തമായ മറുപടി നൽകിയിരുന്നു. "രാജ്യത്തോടുള്ള സ്നേഹം എന്നെ ഒരു ലേബലിൽ ഒതുക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ. കുറ്റബോധം തോന്നുന്നതിനേക്കാൾ അഭിമാനത്തോടെ ജീവിക്കാനാണ് എനിക്കിഷ്ടം," എന്നായിരുന്നു അന്ന് താരം വ്യക്തമാക്കിയത്. അന്ന് തന്നെ താനൊരു 'ഭാരത് ഭക്ത'യാണെന്നും അവർ തുറന്നടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

