'അസാന്നിധ്യത്തിൽ ഇവിടെ ഉണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു'; മമ്മൂക്കക്ക് പിറന്നാൾ ആശംസകളുമായി ഇർഷാദ് അലി
text_fieldsഇന്ന് മലയാളത്തിന്‍റെ പ്രിയ നടൻ മമ്മൂട്ടിയുടെ പിറന്നാളാണ്. വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് മമ്മൂട്ടി ആരാധകർ ഈ ദിവസത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ, പ്രിയപ്പെട്ട മമ്മൂക്കയുടെ പിറന്നാളിന് നടൻ ഇർഷാദ് അലി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുകയാണ്. ആരോഗ്യ പ്രശ്നങ്ങളാൽ മാറിനിന്ന സമയത്ത് 'അസാന്നിധ്യം' കൊണ്ട് മമ്മൂട്ടി നിറഞ്ഞ് നിന്നിരുന്നു എന്ന് ഇർഷാദ് പോസ്റ്റിൽ പറഞ്ഞു.
ഇർഷാദ് അലിയുടെ പോസ്റ്റ്
'അസാന്നിധ്യം' കൊണ്ട് നിറഞ്ഞു നിൽക്കുന്ന മമ്മൂക്ക!
കഴിഞ്ഞ ആറുമാസത്തിനിടെ മലയാളികൾ ഏറ്റവും കൂടുതൽ തിരക്കിയത് ഒരുപക്ഷെ ഈ മനുഷ്യനെ കുറിച്ചാവും...
ഒട്ടും പരിചയമില്ലാത്ത മനുഷ്യർ പോലും കാണുമ്പോൾ അടുത്ത് വന്നു വേവലാതിയോടെ തിരക്കിയിട്ടുണ്ട്,'മൂപ്പർക്ക് കുഴപ്പമൊന്നുമില്ലല്ലോ, മൂപ്പരു ഓക്കെ അല്ലെ?' എന്നൊക്കെ... മമ്മൂക്കയെ കാണാൻ കൊതിച്ച്, വിശേഷങ്ങൾ അറിയാൻ ആഗ്രഹിച്ച് എത്രയോ ലക്ഷം മനുഷ്യർ...
ഇതിനിടയിൽ, അമ്മ ജനറൽ ബോഡി മീറ്റിങ്, അമ്മ ഇലക്ഷൻ, ഇപ്പോൾ ഓണം... എത്രയോ വിശേഷാവസരങ്ങൾ കടന്നുപോയി... അവിടെയെല്ലാം 'അസാന്നിധ്യത്തിനിടയിലും നിറഞ്ഞു നിന്നു' മമ്മൂക്ക.... ഇവിടെ ഉണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു!
മമ്മൂക്ക ഉണ്ടായിരുന്നെങ്കിൽ ഏത് കോസ്റ്റുമിലാവും വരിക, ഏത് വണ്ടിയിലായിരിക്കും വന്നിറങ്ങുക? മമ്മൂക്കയുടെ കയ്യൊപ്പുള്ള ആ മാസ്സ് എൻട്രി അത്രയേറെ മിസ് ചെയ്തിരുന്നല്ലോ!
കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ജീവിതത്തിന്റെ ഭാഗമായ ആ മനുഷ്യനെ മലയാളികളൊക്കെ എത്രത്തോളം സ്നേഹിക്കുന്നുവെന്നും അതിന്റെ തീവ്രത അളക്കാൻ ആവാത്തതാണെന്നും തിരിച്ചറിഞ്ഞത് ഈ ദിവസങ്ങളിൽ ആണ്...'ഒടുവിലെ ടെസ്റ്റും ഞാൻ പാസ്സായി കഴിഞ്ഞെടാ' എന്ന ആ വാക്കുകൾ നമ്മളൊക്കെ എത്ര ആശ്വാസത്തോടെയാണ് കേട്ടത്...
പാസ്സാവാതെ എവിടെ പോവാൻ! ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്ത മനുഷ്യരുടെ പോലും, 'എവിടെയാണെങ്കിലും സുഖമായി, ആരോഗ്യത്തോടെ ഇരിക്കണേ!' എന്ന എണ്ണിയാലൊടുങ്ങാത്ത പ്രാർത്ഥനകൾ പരിച തീർത്തിരുന്നല്ലോ മമ്മൂക്കക്ക് ചുറ്റും...
കാത്തിരിപ്പിനോളം വലിയ പ്രാർത്ഥനയില്ലെന്ന് എം.ടി പറഞ്ഞത് എത്ര സത്യമാണ്...കൊതിയോടെ കാത്തിരിക്കുകയാണ് മമ്മൂക്കയെ സ്നേഹിക്കുന്നവരെല്ലാം...കൺനിറയെ വീണ്ടും കാണാൻ...മമ്മൂക്ക നിറയുന്ന വേദികൾക്കായി, വിസ്മയിപ്പിക്കുന്ന പകർന്നാട്ടങ്ങൾക്കായി....
പടച്ചവന്റെ ഖജനാവിൽ നിങ്ങളുടെ ആയുസ്സും ആരോഗ്യവും നിറഞ്ഞു കവിയാൻ ഞങ്ങളുടെ ആയുസ്സ് പകരം തരാം എന്ന് പറയാൻ നിങ്ങൾക്ക് എത്ര മലയാളികളെ വേണം! ജന്മദിനാശംസകൾ മമ്മുക്കാ.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

