'ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തം, ഓടി തീർത്ത വഴികൾക്ക് വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ' -ഫഹദിനെക്കുറിച്ച് ഇര്‍ഷാദ് അലി
text_fieldsനടൻ ഇർഷാദ് അലിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ പലതും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, ഫഹദ് ഫാസിലിനെ കുറിച്ച് ഇർഷാദ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. ഫഹദ് ഫാസിലിന്‍റെ കഥാപാത്രങ്ങളുടെ ഓട്ടങ്ങളെക്കുറിച്ചാണ് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. 'എന്തൊരു ഭംഗിയാണ് സിനിമയിൽ ഈ മനുഷ്യന്റെ കഥാപാത്രങ്ങൾ ഓടുന്നത് കാണാൻ' എന്ന് തുടങ്ങുന്ന കുറിപ്പാണ് നടൻ പങ്കുവെച്ചത്.
ഇർഷാദിന്‍റെ പോസ്റ്റ്
എന്തൊരു ഭംഗിയാണ് സിനിമയിൽ ഈ മനുഷ്യന്റെ കഥാപാത്രങ്ങൾ ഓടുന്നത് കാണാൻ....
കരിയറിൽ ഇങ്ങേരിന്ന് തിരക്കു പിടിച്ച ഓട്ടക്കാരനാണ്.
ഒരു പാൻ ഇന്ത്യൻ താരം എന്നു വിശേഷിപ്പിച്ചാലും അതിശയോക്തി ഇല്ല.
ഒരു കൈ നെഞ്ചത്തമർത്തി പിടിച്ച് മറുകൈ വീശി വേഗത്തിലോടുന്ന അയ്മനം സിദ്ധാർഥൻ....
ഓട്ടത്തിനിടയിലും കൈവിട്ടുപോവാൻ പാടില്ലാത്ത ഒന്നയാൾ മുറുക്കെ പിടിക്കുന്നുണ്ട്!
ഞാൻ പ്രകാശനിൽ, ജീവിതത്തിനോട് ആർത്തിപിടിച്ച് രണ്ട് കയ്യും വീശിയുള്ള ആകാശിന്റെ ഓട്ടമുണ്ടല്ലോ, ഒരാളുടെ മുഴുവൻ സ്വാർഥതയും വായിച്ചെടുക്കാനാകും അതിൽ...
നോർത്ത് 24 കാതത്തിലെ 'അതി-വൃത്തിക്കാരൻ' ഹരികൃഷ്ണൻ ബാഗ് നെഞ്ചോട് അടക്കിപ്പിടിച്ച് മറുകൈ വായുവിൽ ആഞ്ഞു കറക്കിക്കൊണ്ടാണ് ഓടുന്നത്... ഇയ്യോബിന്റെ പുസ്തകത്തിൽ, ഇരുകൈകളിലും തോക്കേന്തികൊണ്ടുള്ള അലോഷിയുടെ ഓട്ടം....
ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തമാണ്.
'മറിയം മുക്കി'ൽ ഞങ്ങൾ ഒരുമിച്ച് ഓടി തളർന്നത് ഇന്നലെയെന്ന പോലെ മുന്നിൽ ഉണ്ട്, അന്നത്തെയാ ഒരുമിച്ചോട്ടത്തിന്റെ കിതപ്പ് ഇന്നും ഉയർന്നു പൊങ്ങുന്നുണ്ട് ഉള്ളിൽ...
ഏത് ഓട്ടത്തിനിടയിലും, കണ്ടു മുട്ടുന്ന നേരങ്ങളിലെ ചേർത്തുപിടിക്കൽ ഉണ്ടല്ലോ, അതൊന്നുമതി ഊർജം പകരാൻ, സ്നേഹം നിറക്കാൻ.... എന്തെന്നാൽ, അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്..
ഇതെഴുതി കൊണ്ടിരുന്നപ്പോഴാണ് ഓർത്തത്, ആ ഓട്ടക്കാരന്റെ ഇനി ഇറങ്ങാൻ പോകുന്ന സിനിമയുടെ പേര് 'ഓടും കുതിര ചാടും കുതിര' എന്നാണല്ലോയെന്ന്...
പ്രിയപ്പെട്ട ഓട്ടക്കാരാ...
ഓട്ടം തുടരുക.
കൂടുതൽ കരുത്തോടെ,
Run FAFA Run!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

