മുഖ്യമന്ത്രി വിജയ്‌ക്ക് മുന്നിൽ കമൽ ഹാസൻ സമർപ്പിച്ച ആറ് ആവശ്യങ്ങൾ...; പ്രതിദിനം അഞ്ച് ഷോകൾക്ക് പ്രദർശനാനുമതി മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോം വരെ!
text_fieldsകമൽ ഹാസൻ
തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു കൂടിക്കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ഒരു നിവേദനം സമർപ്പിച്ചു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ പാർട്ടി മത്സരിച്ചിരുന്നില്ലെങ്കിലും, സിനിമാ മേഖലയിലെ തൊഴിലാളികളുടെയും നിർമാതാക്കളുടെയും ക്ഷേമം മുൻനിർത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. തമിഴ് സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനായി വളരെ നിർണായകമായ ആറ് ആവശ്യങ്ങളാണ് അദ്ദേഹം ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചത്.
തമിഴ് സിനിമകളെയും സ്വതന്ത്ര സിനിമകളെയും ഡോക്യുമെന്ററികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിൽ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്നതാണ് കമലിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. സാധാരണക്കാരായ പ്രേക്ഷകർക്ക് വളരെ കുറഞ്ഞ നിരക്കിലും സബ്‌സിഡി നിരക്കിലും നല്ല സിനിമകൾ ആസ്വദിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒപ്പം, സിനിമകളുടെ നിർമാണച്ചെലവും തിയറ്റർ നടത്തിപ്പ് ചെലവും കുത്തനെ ഉയർന്ന സാഹചര്യത്തിൽ, നിലവിലുള്ള 4 ശതമാനം തദ്ദേശ സ്വയംഭരണ വിനോദനികുതി പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രതിസന്ധിയിലായ സിനിമാ മേഖലക്ക് വലിയൊരു ആശ്വാസമാകും.
സിനിമാ വ്യവസായത്തെ തകർക്കുന്ന വ്യാജപതിപ്പുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ആയിരക്കണക്കിന് കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും കഠിനാധ്വാനവും കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമാണ് വ്യാജപതിപ്പുകൾ കാരണം ഇല്ലാതാകുന്നത്. ഇത് തടയാൻ തമിഴ്‌നാട് പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തിന് കീഴിൽ പ്രത്യേക ആന്റി-പൈറസി എൻഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണമെന്നും, വ്യാജ ഉള്ളടക്കങ്ങൾ ഉടനടി ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം ഇവർക്ക് നൽകണമെന്നും കമൽ ഹാസൻ ആവശ്യപ്പെട്ടു.
തിയറ്ററുകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ സിനിമകൾക്കും പ്രതിദിനം അഞ്ച് ഷോകൾ വീതം പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നാണ് അടുത്ത നിർദ്ദേശം. കൂടാതെ, തിയറ്റർ ഉടമകളുടെയും വിതരണക്കാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി, തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ വരണമെങ്കിൽ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേള നിർബന്ധമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം തമിഴ്‌നാടിനെ രാജ്യത്തെ ഏറ്റവും മികച്ച സിനിമാ നിർമാണ കേന്ദ്രമാക്കി മാറ്റാനും, അതുവഴി ടൂറിസവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ സിനിമാ നിർമാണ പ്രോത്സാഹന പദ്ധതികൾ സർക്കാർ കൊണ്ടുവരണമെന്നും കമൽ ഹാസൻ മുഖ്യമന്ത്രി വിജയ്‌യോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

