Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്ത്യയിൽ പഴയതുപോലെ സമാധാനം അനുഭവിക്കാൻ കഴിയുന്നില്ല, നല്ല നാളുകൾ തിരികെ വരണം'; സഞ്ജയ് ദത്ത്

text_fields
bookmark_border
ഇന്ത്യയിൽ പഴയതുപോലെ സമാധാനം അനുഭവിക്കാൻ കഴിയുന്നില്ല, നല്ല നാളുകൾ തിരികെ വരണം; സഞ്ജയ് ദത്ത്
cancel

പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത് ശേഖർ സുമന്റെ ‘ശേഖർ ടോണൈറ്റ്’ എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോൾ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ഗാന്ധി ജയന്തി സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കവെയാണ് താരം തന്റെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ‘മുന്ന ഭായ്’ രൂപത്തിലേക്ക് മാറി ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും മനസ്സുതുറന്നത്. രാജ്യത്ത് ഇപ്പോൾ തനിക്ക് പഴയതുപോലെ സമാധാനം അനുഭവിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ഗൗരവത്തോടെ പറഞ്ഞു. ഇന്ത്യക്കാരുടെ വിശാലമനസ്കതയെയും അതിഥി സൽക്കാരത്തെയും കുറിച്ച് സംസാരിച്ച അദ്ദേഹം പഴയ സ്നേഹവും സമാധാനവും നിറഞ്ഞ ആ നാളുകൾ തിരികെ വരണമെന്ന് താൻ പ്രാർത്ഥിക്കുന്നതായും കൂട്ടിച്ചേർത്തു.

താൻ അഞ്ച് മിനിറ്റ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറിയാൽ എങ്ങനെയായിരിക്കുമെന്ന് സഞ്ജയ് ദത്ത് മുന്ന ഭായ് എന്ന കഥാപാത്രത്തിന്‍റെ ശൈലിയിൽ രസകരമായി വിവരിച്ചു. തനിക്ക് ലഭിച്ച വലിയ ഉത്തരവാദിത്തത്തിൽ സന്തോഷം പ്രകടിപ്പിച്ച താരം ഈ സന്തോഷം ആഘോഷിക്കാൻ താൻ വിദേശത്തേക്ക് പോകില്ലെന്നും ജനങ്ങൾക്കൊപ്പം ഇവിടെത്തന്നെ ഉണ്ടാകുമെന്നും തമാശരൂപേണ പറഞ്ഞു. പ്രധാനമന്ത്രിയും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകാൻ ഇത്തരം ഒത്തുചേരലുകൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരുടെ ആശയത്തെ തന്റെ രീതിയിൽ തിരുത്തിക്കൊണ്ട് താരം രംഗത്തെത്തി. ആരും തിന്മ കാണുകയോ കേൾക്കുകയോ പറയുകയോ ചെയ്യരുതെന്ന ഗാന്ധിജിയുടെ സന്ദേശത്തോടൊപ്പം തെറ്റ് കാണുമ്പോൾ അത് ചോദ്യം ചെയ്യാൻ ഒരു ‘നാലാമത്തെ കുരങ്ങൻ’ കൂടി ഇന്ന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കണ്ണും കാതും വായും അടച്ചുപിടിച്ചിരുന്നാൽ പിന്നെ എങ്ങനെയാണ് രാജ്യം മുന്നോട്ട് പോവുക എന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, പൊതുസ്ഥലങ്ങളിലും സർക്കാർ പരിപാടികളിലും പ്രധാനമന്ത്രിമാരുടെ ഫോട്ടോകൾ അനാവശ്യമായി പ്രദർശിപ്പിക്കുന്നതിനെതിരെയും അദ്ദേഹം ഒളിയമ്പ് എറിഞ്ഞു. നേതാക്കളുടെ ചിത്രങ്ങൾക്ക് പകരം രാജ്യത്തിന്റെ ചിത്രമോ ഗാന്ധിജിയുടെ ആശയങ്ങളോ പ്രദർശിപ്പിക്കുന്നതാണ് കൂടുതൽ അർത്ഥവത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ ഈ നർമ്മരൂപത്തിലുള്ള ആക്ഷേപഹാസ്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും താരം വെറുതെവിട്ടില്ല. ട്രംപിന്റെ പുതിയ താരിഫ് നയങ്ങളെയും മറ്റും സൂചിപ്പിച്ചുകൊണ്ട്, ലോകം മുഴുവൻ മിസൈലുകളുടെയും ഭീഷണികളുടെയും പുറത്തല്ല, മറിച്ച് സ്നേഹത്തിലൂടെയും ‘ഗാന്ധിഗിരിയിലൂടെയും’ ആണ് സമാധാനം കണ്ടെത്തേണ്ടതെന്ന് സഞ്ജയ് ദത്ത് ഓർമ്മിപ്പിച്ചു. ആർക്കെങ്കിലും നേരെ മിസൈൽ അയക്കാൻ തോന്നിയാൽ ആദ്യം ഒരു പൂവ് അയക്കണമെന്നും, ഭീഷണിപ്പെടുത്തുന്നതിന് പകരം വീട്ടിലേക്ക് ക്ഷണിച്ചിരുത്തി ചായ കുടിച്ചുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമുള്ള മുന്ന ഭായിയുടെ സന്ദേശം അദ്ദേഹം പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India is not experiencing peace like before says Sanjay Dutt
Next Story