'എന്‍റെ സഹോദരന് പണത്തിന് കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? 'പകർപ്പവകാശ' വിവാദത്തിൽ പ്രതികരിച്ച് ഇളയരാജയുടെ സഹോദരൻ
text_fieldsഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്‍റെ പ്രവർത്തകർ പകർപ്പവകാശ ലംഘനം നടത്തി എന്നാരോപിച്ച് സംഗീതസംവിധായകൻ ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു. മുമ്പും അദ്ദേഹം സമാനമായ നീക്കങ്ങൾ നടത്തിയിരുന്നതിനാൽ സാമ്പത്തിക നേട്ടത്തിനുവേണ്ടിയാണോ ഇങ്ങനെ ചെയ്തതെന്ന് ചോദ്യം ഉയരുന്നുണ്ട്. ഈ വാദത്തോട് ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ ശക്തമായി പ്രതികരിക്കുകയും അവകാശവാദങ്ങൾ തള്ളിക്കളയുകയും ചെയ്തു. സാമ്പത്തികമായി സുരക്ഷിതരാണെന്നും പണത്തിന് ഒരു കുറവും ഇല്ലെന്നുമാണ് ഗംഗൈ അമരൻ പറഞ്ഞത്. ഇതിനകം തന്നെ ആവശ്യത്തിലധികം പണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'എന്റെ സഹോദരന് പണത്തിന് കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹത്തിന് ആവശ്യത്തിലധികം പണമുണ്ട്. ഞങ്ങൾക്ക് ഉള്ളത് ചെലവഴിക്കാൻ പോലും ഞങ്ങൾ പാടുപെടുകയാണ്. എന്റെ സഹോദരൻ യുക്തിരഹിതനല്ല. കലയെയും കലാകാരനെയും ആളുകൾ ബഹുമാനിക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്' എന്നാണ് ഗംഗൈ അമരന്‍റെ മറുപടി.
ഇളയരാജയുടെ വക്കീൽ നോട്ടീസ് സാമ്പത്തിക നേട്ടത്തിനല്ലെന്നും അത് സൃഷ്ടിപരമായ ബഹുമാനത്തിനും അർഹമായ അംഗീകാരത്തിനുമാണെന്നും ഗംഗൈ അമരൻ കൂട്ടിച്ചേർത്തു. ഇളയരാജയുടെ ക്ലാസിക് ഗാനങ്ങളോട് പ്രേക്ഷകർ ഇപ്പോഴും പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകൾ അവ ആരാധിക്കുന്നുവെങ്കിൽ, ഇളയരാജ അതിനുള്ള അംഗീകാരം അർഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമയിൽ ഉപയോഗിച്ച ഗാനങ്ങൾക്ക് ആവശ്യമായ എല്ലാ മ്യൂസിക് ലേബലുകളിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ട് എന്നായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കൾ ഇളയരാജയുടെ വക്കീൽ നോട്ടീസിന് മറുപടി നൽകിയത്. ലേബലുകൾക്ക് അവകാശങ്ങളുണ്ട്, അതിനാൽ പ്രോട്ടോക്കോൾ പാലിക്കുകയും അവരിൽ നിന്ന് എൻ.ഒ.സികൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. നിയമപ്രകാരമാണ് കാര്യങ്ങൾ ചെയ്തതെന്നും നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

