നരകമോ പാകിസ്താനോ എന്ന് ചോദിച്ചാൽ നരകം തെരഞ്ഞെടുക്കും -ജാവേദ് അക്തർ
text_fieldsജാവേദ് അക്തർ
മുംബൈ: നരകമോ പാകിസ്താനോ എന്നതിൽ ഒന്ന് തെരഞ്ഞെടുക്കേണ്ടി വന്നാൽ താൻ നരകം തെരഞ്ഞെടുക്കുമെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അഭിപ്രായ പ്രകടനം.
ശനിയാഴ്ച മുംബൈയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് പരാമർശം നടത്തിയത്. ജാവേദ് അക്തർ പറഞ്ഞു, തനിക്ക് ധാരാളം പ്രശംസകൾ ലഭിക്കുന്നുണ്ടെങ്കിലും ഇരുവശത്തുമുള്ളവരിൽ നിന്ന് അധിക്ഷേപങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഒരു പക്ഷത്തിനു വേണ്ടി മാത്രം സംസാരിച്ചാൽ ഒരു പക്ഷം മാത്രമേ അസന്തുഷ്ടരാകൂ. എന്നാൽ എല്ലാവരുടെയും പേരിൽ സംസാരിച്ചാൽ അത് കൂടുതൽ ആളുകളെ അസന്തുഷ്ടരാക്കും. എന്റെ ട്വിറ്ററും വാട്ട്‌സ്ആപ്പും ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം, അതിൽ ഇരുവശത്തുനിന്നും എനിക്ക് നേരെ അധിക്ഷേപങ്ങൾ ചൊരിയപ്പെടുന്നുണ്ട്.
ധാരാളം ആളുകൾ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു, പക്ഷേ ഇരുവശത്തുമുള്ളവർ എന്നെ ശകാരിക്കുമെന്നതും സത്യമാണ്. ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ നടക്കേണ്ടത്, കാരണം ഒരു വശം നിർത്തിയാൽ, ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചിന്തിച്ചു പോകും' -ജാവേദ് അക്തർ പറഞ്ഞു.
ഒരു വശത്തുള്ളവർ താനൊരു 'കാഫിർ' ആണെന്നും നരകത്തിലേക്ക് പോകുമെന്നും പറയുന്നു. മറുവശത്ത് ജിഹാദിയാണെന്നും പാകിസ്താനിലേക്ക് പോകണമെന്നും പറയുന്നു. തന്‍റെ മുന്നിൽ ഈ രണ്ട് വഴികൾ മാത്രമാണ് ഉള്ളതെങ്കിൽ നരകത്തിലേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിൽ എത്തിയപ്പോൾ 19 വയസ്സായിരുന്നെന്നും ആ നഗരവും മഹാരാഷ്ട്രയും കാരണമാണ് ഇപ്പോഴത്തെ നിലയിൽ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

