'ആ 300 കോടിയുടെ പകുതി പോലും എനിക്ക് കിട്ടില്ല'; ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയത്തിൽ ഫഹദ് ഫാസിൽ
text_fieldsനടനും നിർമാതാവുമായ ഫഹദ് ഫാസിൽ താൻ നിർമിച്ച് വലിയ വിജയം നേടിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും സിനിമയുടെ ബോക്സ് ഓഫീസ് കലക്ഷനെക്കുറിച്ചും മനസ്സ് തുറന്നു. ചിത്രം 300 കോടി ക്ലബ്ബിൽ ഇടംനേടിയെന്ന വാർത്തകളിൽ പ്രതികരിച്ച താരം ചിത്രത്തിന് ലഭിക്കുന്ന സ്നേഹത്തിലും പ്രതികരണങ്ങളിലും തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ ബോക്സ് ഓഫീസിൽ നിന്ന് വരുന്ന ഇത്തരം വലിയ ഗ്രോസ് കലക്ഷൻ തുകയൊന്നും തങ്ങൾക്കല്ല വ്യക്തിപരമായി ലഭിക്കുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ആ തുകയുടെ പകുതി പോലും തനിക്ക് വ്യക്തിപരമായി ലഭിക്കില്ലെന്നാണ് ഫഹദ് വ്യക്തമാക്കിയത്.
ചിത്രത്തിന്റെ വിജയം ഒരാളുടെമാത്രം വിജയമായി കാണുന്നില്ലെന്നും ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്നും ഫഹദ് പറഞ്ഞു. തന്നോടൊപ്പം ഈ സിനിമക്കായി കഠിനാധ്വാനം ചെയ്ത ഗിരീഷ്, ശ്യാം, ദിലീഷ് തുടങ്ങി എല്ലാവരുടെയും സംയുക്തമായ പരിശ്രമത്തിന്റെ ഫലമായാണ് താൻ ഇതിനെ കാണുന്നത്. അല്ലാതെ ഇതൊരു വ്യക്തിഗത നേട്ടമായി കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സീനിനെക്കുറിച്ചും ഫഹദ് സംസാരിച്ചു. ചിത്രത്തിൽ നായിക മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ ഓർമകൾ റീ-ക്രിയേറ്റ് ചെയ്യുന്ന രംഗമാണ് തനിക്ക് സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഫഹദ് വെളിപ്പെടുത്തി. താൻ ആ രംഗം തിയറ്ററിൽ കണ്ടപ്പോൾ അത് തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും ഇതുപോലെയുള്ള വ്യത്യസ്തമായ മേക്കിങ് ടെക്നിക്കുകൾ മലയാള സിനിമയിൽ വളരെ അപൂർവ്വമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നിവിൻ പോളിയും മമിത ബൈജുവും മുഖ്യവേഷങ്ങളിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒരു ഓണം റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തിയറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രം വിജയകരമായ പ്രദർശനം പൂർത്തിയാക്കി ഇപ്പോൾ ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

