പ്രിയദര്‍ശനോട് സ്‌നേഹവും ബഹുമാനവും ഉണ്ട്; 'ഹേരാ ഫേരി 3'ല്‍ താനില്ലെന്ന് പരേഷ് റാവല്‍
text_fieldsസിദ്ധിഖ്-ലാലിന്റെ സംവിധാനത്തില്‍ ഇറങ്ങിയ മലയാളചിത്രമാണ് 'റാംജിറാവു സ്പീക്കിങ്'. ഇതിന്‍റെ ഹിന്ദി റീമേക്കായിരുന്നു 2000ല്‍ പുറത്തിറങ്ങിയ 'ഹേരാ ഫേരി'. പ്രിയദര്‍ശനായിരുന്നു ചിത്രം ബോളിവുഡില്‍ പുറത്തിറക്കിയത്. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന്റെ രണ്ടാംഭാഗം 2006ല്‍ പുറത്തിറങ്ങി. മൂന്നാംഭാഗം ഉണ്ടാവുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതില്‍ പരേഷ് റാവല്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.
'ഹേരാ ഫേരി 3'-ല്‍ പരേഷ് റാവല്‍ ഉണ്ടാവില്ലെന്ന് സുനില്‍ ഷെട്ടി സൂചന നൽകിയിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായുള്ള കലാപരമായ ഭിന്നതകളെത്തുടര്‍ന്നാണ് പരേഷ് റാവല്‍ പിന്മാറുന്നതെന്നായിരുന്നു സുനില്‍ ഷെട്ടി പറഞ്ഞത്. മൂന്നാംഭാഗത്തില്‍ ഉണ്ടാവില്ലെന്ന സുനില്‍ ഷെട്ടിയുടെ വാക്കുകള്‍ ശരിവെച്ച പരേഷ് റാവല്‍ പക്ഷേ, 'ഹേരാ ഫേരി 3' ടീമുമായി അഭിപ്രായഭിന്നതകളുണ്ടെന്ന പ്രചാരണം തള്ളി.
ഹേരാ ഫേരി 3ല്‍നിന്ന് വിട്ടുനില്‍ക്കാനുള്ള എന്റെ തീരുമാനം കലാപരമായ ഭിന്നതകളെ തുടർന്നല്ല. സംവിധായകനുമായി യാതൊരു അഭിപ്രായവ്യത്യാസങ്ങളുമില്ല. സംവിധായകനായ പ്രിയദര്‍ശനോട് എനിക്ക് അതിയായ സ്‌നേഹവും ബഹുമാനവും വിശ്വാസവുമുണ്ട് പരേഷ് റാവല്‍ കുറിച്ചു. കോമഡി ഴോണറില്‍ അതിശയിപ്പിക്കുന്ന പ്രകടനം എന്നാണ് 'ഹേരാ ഫേരി'യിലെ പരേഷ് റാവലിന്റെ അഭിനയത്തെ വിശേഷിപ്പിക്കുന്നത്. മൂന്നാംഭാഗത്തില്‍ പരേഷ് റാവലിന്റെ അസാന്നിധ്യം വലിയ നഷ്ടമായിരിക്കുമെന്ന് ആരാധകരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

