'അദ്ദേഹത്തിന്‍റെ വേർപാടിൽ നിന്നും മോചിതയാകാൻ സാധിക്കുന്നില്ല'; ധർമേന്ദ്രയില്ലാതെ എങ്ങനെ ജീവിക്കണമെന്ന് അറിയില്ലെന്ന് ഹേമമാലിനി
text_fieldsഹേമമാലിനി
ഭർത്താവ് ധർമ്മേന്ദ്രയുടെ മരണത്തിൽ നിന്നും മുക്തയാവാൻ സാധിക്കുന്നില്ലെന്ന് ഹേമമാലിനി. കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് മുംബൈയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് അവതരിപ്പിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി. ഇന്ത്യൻ സിനിമയുടെ ദൃശ്യസംസ്കാരത്തെ അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനമായ 'ലെൻസ് ആൻഡ് ലെഗസി: ബോളിവുഡ് ഇൻ ഫോക്കസിന്റെ' ഉദ്ഘാടന വേദിയിലാണ് ഹേമമാലിനി വികാരാധീനയായത്.
'അദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് ഞാൻ വലിയ ഭാഗ്യമായി കാണുന്നു. എന്നാൽ എനിക്ക് അദ്ദേഹത്തെ നഷ്ടമായി. ഇപ്പോൾ അദ്ദേഹം ഇല്ല. ആ നഷ്ടം എന്റെ ജീവിതകാലം മുഴുവൻ ഞാൻ എങ്ങനെ നേരിടുമെന്ന് അറിയില്ല. അദ്ദേഹത്തിന്‍റെ വേർപാടിൽ നിന്നും മോചിതയാകാൻ സാധിക്കുന്നില്ല' ധർമ്മേന്ദ്രക്ക് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നടി സംസാരിച്ചു. ഇന്ത്യൻ സിനിമക്ക് അദ്ദേഹം നൽകിയ സംഭാവനകളെ മാത്രമല്ല, സിനിമക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും അവർ അനുസ്മരിച്ചു.
'ഈ പ്രദർശനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇത് ചലച്ചിത്ര മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള അംഗീകാരം മാത്രമല്ല. അദ്ദേഹത്തിന്റെ യാത്ര, അഭിനിവേശം, സമർപ്പണം, പ്രേക്ഷകരോടുള്ള അതിരറ്റ സ്നേഹം എന്നിവയെക്കുള്ള ഉപഹാരം കൂടിയാണ്. 'സിനിമ ഹൃദയവുമായി ബന്ധപ്പെടാനുള്ള വഴിയാണ്' എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. സിനിമയിൽ പ്രവർത്തിക്കുന്നതിലും കാമറക്ക് മുന്നിൽ നിൽക്കുന്നതിലും അദ്ദേഹത്തിന് അതിയായ അഭിനിവേശമുണ്ടായിരുന്നു' അവർ പറഞ്ഞു.
ഡ്രീം ഗേൾ ഹേമമാലിനിയും ഹീ-മാൻ ധർമേന്ദ്രയും തമ്മിലുള്ള ബന്ധം വെറുമൊരു സിനിമാക്കഥയല്ല. മറിച്ച് കാലത്തെ അതിജീവിച്ച അപൂർവ്വമായ ഒരു പ്രണയകാവ്യമാണ്. ധർമേന്ദ്രയുടെ വിയോഗശേഷവും തന്റെ ഓരോ നിശ്വാസത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവിക്കുന്നു എന്ന് ഹേമ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിലാണ് ധർമേന്ദ്ര അന്തരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 1960കളിൽ സിനിമാരംഗത്തെത്തിയ അദ്ദേഹം ദശകങ്ങളോളം ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

