‘ഇളയ ദളപതി മുഖ്യമന്ത്രിയായി അരങ്ങേറുമ്പോൾ മൂന്നു സിനിമകളിൽ കൂടെ അഭിനയിച്ചതിൽ അഭിമാനം’; അഭിനന്ദനവുമായി മനോജ് കെ. ജയൻ
text_fieldsതമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിലൂടെ (ടി.വി.കെ) ദളപതി വിജയ് നേടിയ അട്ടിമറി വിജയത്തിലും കേരളത്തിൽ പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി കുറിച്ച ഉജ്ജ്വല വിജയത്തിലും സന്തോഷം പങ്കുവെച്ച് നടൻ മനോജ് കെ. ജയൻ. തന്റെ അടുത്ത സുഹൃത്തുക്കൾ കൈവരിച്ച ഈ ചരിത്രനേട്ടത്തെ ഹൃദയത്തിൽ തൊട്ട ഭാഷയിലാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.
തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അരങ്ങേറാൻ ഒരുങ്ങുമ്പോൾ താൻ അഭിനയിച്ച സിനിമകളെക്കുറിച്ചുള്ള അഭിമാനമാണ് മനോജ് കെ. ജയൻ പങ്കുവെച്ചത്. 'തമിഴ്നാട്ടിൽ ഇളയ ദളപതി വിജയ് യുടെ വിസ്മയ വിജയം. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അരങ്ങേറുമ്പോൾ അങ്ങയുടെ കൂടെ മൂന്നു സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു എന്നുള്ള അഭിമാനത്തിന് തിളക്കമേറുന്നു. ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ' എന്നായിരുന്നു മനോജ് കെ. ജയൻ തന്റെ പോസ്റ്റിന് താഴെ കുറിച്ചത്. വിജയ് യുമായി വർഷങ്ങളായുള്ള സൗഹൃദവും ഒന്നിച്ച് പ്രവർത്തിച്ച സിനിമകളിലെ ഓർമകളും പുതുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വിജയ്ക്കൊപ്പമുള്ള സിനിമയിലെ ദൃശ്യം പങ്കുവെച്ചായിരുന്നു മനോജ് കെ. ജയന്റെ കുറിപ്പ്.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച രമേഷ് പിഷാരടിയെയും മനോജ് കെ. ജയൻ അഭിനന്ദിച്ചു. 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയിലെ ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് പിഷാരടി വൻ വിജയം കൈവരിച്ചത്. തന്റെ സുഹൃത്തായ പിഷാരടിയുടെ ഈ വിജയം മലയാള സിനിമാ ലോകത്തിനും അഭിമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയിൽനിന്ന് രാഷ്ട്രീയത്തിലിറങ്ങിയ രണ്ട് പ്രിയ സുഹൃത്തുക്കളും ജനവിധി തേടി വിജയിച്ചു വന്നതിന്റെ ആവേശത്തിലാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

