Top
Begin typing your search above and press return to search.
exit_to_app
exit_to_app
Badhusha
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightസിനിമക്കാരുടെ ബാദുക്ക...

സിനിമക്കാരുടെ ബാദുക്ക പറയുന്നു -'എന്‍റെയുള്ളിൽ എന്നുമുണ്ട്​ ഒരു ഫാൻ ബോയ്'​

text_fields
bookmark_border

'ഒരേ സമയം 10 സിനിമകൾ ചെയ്യാൻ നീ ആരാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയോ?'- മമ്മൂട്ടി ചിത്രമായ 'ഷൈലോക്കി'ലെ ഈ ഡയലോഗ്​ ​േകട്ടപ്പോഴാണ്​ മലയാളികൾ ആലോചിച്ച്​ തുടങ്ങിയത്​​. ശരിയാണല്ലോ, ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ആ പേര്​ ഉണ്ടല്ലോ എന്ന്​. ഇപ്പോൾ കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിയിൽ പകച്ച്​ നിൽക്കുന്ന മലയാള സിനിമ തിരിച്ചുവരവിനായി ശ്രമിക്കു​േമ്പാൾ അണിയറയിലൊരുങ്ങുന്ന പല സിനിമകളുടെയും പിന്നണിയിൽ സിനിമക്കാരുടെ ബാദുക്ക എന്ന എം.എം. ബാദുഷയുണ്ട്​. കുട്ടിക്കാലം മുതൽ തന്നെ സിനിമയുടെ കടുത്ത ആരാധകനാണ്​ ഇപ്പോൾ മോളിവുഡിന്‍റെ 'ബാദ്​ഷ' ആയ ബാദുഷ. ദൃശ്യങ്ങളുടെ ലോകത്തെത്തി കാൽനൂറ്റാണ്ട്​ പിന്നിട്ടിട്ടും ആ 'ഫാൻ ബോയ്​' ഇന്നും ബാദുഷക്കുള്ളിലുണ്ട്​. പ്രൊഡക്ഷൻ എക്​സിക്യുട്ടീവിൽ നിന്ന്​ പ്രോജക്​ട്​ ഡിസൈനറായും നിർമ്മാതാവായുമൊക്കെ വളർന്ന ആ ജീവിതം ബാദുഷ 'മാധ്യമം ഓൺലൈനു'മായി പങ്കു​വെക്കുന്നു.

അഭിനയിക്കാനെത്തി​ അണിയറയിലേക്ക്​

മൂന്ന്​​ പതിറ്റാണ്ട്​ മു​​​െമ്പാരു ബക്രീദ്​ ദിനം. ആലപ്പുഴ ചന്തിരൂരിലെ 'സെലക്​ട്​' തീയേറ്ററിന്​ മുന്നിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിലെ മമ്മൂട്ടിയെ ആരാധനയോടെ നോക്കി നിൽക്കുകയാണ്​ ആ കൗമാരക്കാരൻ. തീയേറ്റർ ഉടമ വി.എ. മുഹമ്മദ് നേറ്റിപ്പറമ്പന്‍റെ മകനാണ്​ അവൻ. പേര്​ എൻ.എം. ബാദുഷ. ആ തീയേറ്ററിൽ ഓടുന്ന എല്ലാ സിനിമയും പല തവണ കാണാൻ അവനെത്തും. അതിന്​ മമ്മൂട്ടി പടമെന്നോ മോഹൻലാൽ പടമെന്നോ ഒന്നുമില്ല. ഇഷ്​ടക്കൂടുതലിന്‍റെ ഭാരം കാരണം ആ സ്​നേഹത്തുലാസിലെ മമ്മൂട്ടിത്തട്ട്​ എപ്പോഴും താഴ്​ന്നിരിക്കുമെന്ന്​ മാത്രം. മമ്മുക്കയിലൂടെയും ലാലേട്ടനിലൂടെയും ബാദുഷ ഇഷ്​ടപ്പെട്ടിരുന്നതും ആരാധിച്ചിരുന്നതും സിനിമയെ ആണ്​. അഭിനയമോഹം മനസ്സിലൊളിപ്പിച്ച്​, കെ. കരുണാകരനെയും കൃഷ്​ണൻകുട്ടി നായരെയുമൊക്കെ അനുകരിച്ച്​ നടന്നിരുന്ന പ്രീഡിഗ്രി പഠനകാലം. പ്രീഡിഗ്രിക്ക്​ ​ സഹപാഠിയായിരുന്ന ഷിജു അരൂരും (ഇപ്പോൾ​ സീരിയൽ സംവിധായകൻ) കുട്ടൻ ആലപ്പുഴ എന്ന ക്യാമറമാനുമായി ചേർന്ന്​ ദൂരദർശനുവേണ്ടി 'കിഴക്കിന്‍റെ വെനീസ്​' എന്ന ഡോക്യുമെന്‍ററി നിർമിച്ച്​ 1995 ആഗസ്റ്റിൽ​ ദൃശ്യങ്ങളുടെ ലോകത്തേക്ക്​ ബാദുഷ ചുവടുവെക്കുകയും ചെയ്​തു​.


പിന്നീട് നിരവധി സീരിയലുകളിലും ടെലിഫിലിമുകളിലും ആൽബങ്ങളിലും നിർമാതാവായും പ്രൊഡക്ഷൻ മാനേജറായും പ്രൊഡക്ഷൻ കൺട്രോളറായുമൊക്കെ ജോലി ചെയ്യാൻ ജീവിതം കൊച്ചിയിലേക്ക്​ പറിച്ചുനട്ടു. അപ്പോഴും സിനിമാഭിനയം വലിയ മോഹമായി മനസ്സിൽ കരുതിയിരുന്നു. അങ്ങിനെ സംവിധായകന്‍ കെ.കെ. ഹരിദാസിന്‍റെ അരികിലെത്തി​. അദ്ദേഹവും നിർമ്മാതാവ്​ ഹസീബ്​ ഹനീഫും പുതിയ സിനിമയായ 'മാണിക്യനി'ൽ പ്രൊഡക്ഷൻ മാനേജർ​ ആക്കിയതോടെ സിനിമയിൽ ഹരിശ്രീ കുറിച്ചു. ആ സിനിമയിലെ നായകനായ കലാഭവൻ മണിയുമായുള്ള പരിചയത്തിലൂടെ കുറേ സിനിമകൾ കൂടി. ഹസീബ്​ തന്നെ നിർമ്മിച്ച്​ എം. പദ്​മകുമാർ സംവിധാനം ചെയ്​ത 'വർഗം' എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ കൺട്രോളറായി. ജീവിതമെന്ന സിനിമയിൽ തകർത്തഭിനയിക്കാൻ കാലം കരുതി​വെച്ചിരുന്ന വേഷം.

മമ്മുക്കക്കൊപ്പം ബലി പെരുന്നാൾ നമസ്​കാരം

2006ലെ ബക്രീദ്​ ദിനം. ചെന്നൈയിലെ അത്ര പ്രശസ്​തമല്ലാത്തൊരു മുസ്​ലിം പള്ളി. മേജർ രവി സംവിധാനം ചെയ്യുന്ന 'മിഷൻ 90 ഡെയ്​സി​'ന്‍റെ സെറ്റിൽ നിന്ന്​ പെരുന്നാൾ നമസ്​കാരത്തിന്​ അവിടെയെത്തിയതാണ്​ ആ സിനിമയിൽ പ്രൊഡക്ഷൻ മാനേജർ ആയ ബാദുഷ. ഒപ്പമുണ്ടായിരുന്നത്​ സാക്ഷാൽ മമ്മൂട്ടി. ചെറുപ്പം മുതൽ ആരാധനയോടെ കണ്ടുവളർന്ന ആൾക്കൊപ്പമുള്ള 'വലിയ' പെരുന്നാൾ നമസ്​കാരം. ഉച്ചക്ക്​ സെറ്റിൽ മമ്മൂട്ടി തന്നെ ചെമ്പ്​ പൊട്ടിച്ച്​ വിളമ്പി കൊടു​ത്ത ബിരിയാണി. ഇന്നും തന്‍റെ ഏറ്റവും പ്രിയപ്പെട്ട പെരുന്നാളോർമ്മ അതാണെന്ന്​ ബാദുഷ പറയും. ആ ബലി പെരുന്നാൾ ദിനത്തിൽ നിന്ന്​ 2021ലെ പെരുന്നാൾ ദിനത്തിലെത്തി നിൽക്കു​​േമ്പാൾ ബാദുഷ എന്ന പേര്​ 'മലയാള സിനിമയുടെ ബാദ്​ഷ' എന്നതിന്‍റെ പര്യായമായി മാറിയിട്ടുണ്ട്​. 'ഒരേ സമയം 10 സിനിമകൾ ചെയ്യാൻ നീ ആരാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയോ?' എന്ന മമ്മൂട്ടി ചിത്രമായ 'ഷൈലോക്കി'ലെ ഡയലോഗ്​ ഒക്കെ പിറന്നത്​ അങ്ങിനെയാണ്​. ഒരേസമയം ചെറുതും വലുതുമായ 12 സിനിമകളുടെ വരെ നിർമ്മാണനിർവഹണം നടത്തി ​ഞെട്ടിച്ചിട്ടുണ്ട്​ ബാദുഷ.

'എല്ലാം ​ദൈവാനുഗ്രഹം. വെറും 500 രൂപ പ്രതിഫലത്തിലാണ്​ സിനിമ ജീവിതം തുടങ്ങുന്നത്​. ആദ്യകാലത്ത്​ വർക്കുകൾക്ക്​ പോകു​​​േമ്പാൾ തിരികെ പോരാനുള്ള വണ്ടിക്കാശ്​ പോക്കറ്റിലിട്ടാണ്​ ഇറങ്ങുക. പ്രതിഫലം കിട്ടിയില്ലെങ്കിലും വീടെത്തണ​മല്ലോ. ആ നിലയിൽ നിന്ന്​ ഇപ്പോൾ കോടികൾ പ്രതിഫലം കൊടുക്കാൻ കഴിയുന്ന അവസ്​ഥയിലേക്ക്​ എത്തിച്ചത്​ ദൈവത്തിന്‍റെയും എന്നെ സിനിമയിലേക്ക്​ കൈപിടിച്ച്​ കയറ്റിയവരുടെയും അനുഗ്രഹമാണ്​' -ബാദുഷ പറയുന്നു. പ്രൊഡക്ഷൻ എക്​സിക്യൂട്ടീവിൽ നിന്ന്​ തുടങ്ങി ഇപ്പോൾ പ്രോജക്​ട്​ ഡിസൈനറായും ലൈൻ പ്രൊഡ്യൂസറായും സഹ നിർമ്മാതാവായും നിർമ്മാതാവായുമൊക്കെ പല വേഷങ്ങളിൽ ബാദുഷ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നു.

എല്ലാ സിനിമക്ക്​ പിന്നിലുമുണ്ട്​ 'സുലൈമാൻ'

'വെള്ളാനകളുടെ നാട്​' സിനിമയിൽ കുതിരവട്ടം പപ്പു വേഷമിട്ട സുലൈമാൻ എന്ന റോഡ്​ റോളർ ഡ്രൈവറെ പോലെയാണ്​ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറുടെ റോൾ എന്ന്​ പറയും ബാദുഷ. 'ഇപ്പ ശര്യാക്കിത്തരാം' എന്നതായിരിക്കണം​ അവരുടെ മുഖ്യ ഡയലോഗ്​. ഒരു പ്രോജക്​ടിന്‍റെ ചർച്ചയിൽ തുടങ്ങി തീയറ്ററിലെത്തുന്നതുവരെ പല ഘട്ടങ്ങളിൽ ഇത്​ പറയേണ്ടി വരും. ചിത്രം ബിഗ് ബജറ്റയാലും ലോ ബജറ്റ് ആയാലും അവരുടെ എഫര്‍ട്ട് ഒന്നുതന്നെയാണ്. നായകന്‍റെ എൻട്രി സീനിന്​ ​വേണ്ടി 50 ഇന്നോവ കാർ വേണമെന്ന്​ പറഞ്ഞാൽ അത്​ 50 ഓ​ട്ടോ ടാക്​സി എങ്കിലും ആക്കി നടത്തി​ക്കൊടുക്കാൻ പ്രൊഡക്ഷൻ കൺട്രോളർ ബാധ്യസ്​ഥനാണ്​. ഇതുവരെ അബദ്ധങ്ങളൊന്നും സംഭവിക്കാതെയുള്ള അർപ്പണബോധമാണ്​ ബാദുഷയെ ഇന്നത്തെ നിലയിലേക്ക്​ എത്തിച്ചത്​. രണ്ടാംനിര താരങ്ങളുടെ സിനിമകൾ ചെയ്​ത്​ കൊണ്ടിരിക്കുന്ന കാലത്താണ്​ പ്രമോദ് പപ്പൻ വ​ഴി 'ഒരേ കടല്‍' എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ മാനേജരാകുന്നത്​. ബാദുഷയുടെ ജോലിയോടുള്ള ആത്മാർഥത കണ്ട് മമ്മൂക്ക ചോദിച്ചു, ഏതാ നിന്‍റെ അടുത്ത ചിത്രമെന്ന്. വേറൊന്നും ആയിട്ടില്ലെന്നായിരുന്നു മറുപടി. മമ്മുക്ക ഉടൻ ജോർജിനെ വിളിച്ച് പറഞ്ഞു നമ്മുടെ അടുത്ത ചിത്രത്തില്‍ ബാദുഷായെ വെക്കണമെന്ന്. അങ്ങിനെയാണ്​ 'മിഷന്‍ 90 ഡെയ്​സി'ൽ എത്തുന്നത്​.


ബാദുഷ മാനേജരായിരുന്നപ്പോള്‍ മലയാള സിനിമയില്‍ കത്തിനില്‍ക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു ആ​േന്‍റാ ജോസഫ്. തന്നെ കൂടെ നിര്‍ത്തുമോ എന്ന്​ കാണു​േമ്പാ​ഴൊക്കെ ബാദുഷ ആ​േന്‍റായോട്​ ചോദിക്കും. ചിരി മാത്രമായിരിക്കും മറുപടി. ഒരു ദിവസം ആ​േന്‍റാ ഓഫിസിലേക്ക്​ വിളിപ്പിച്ചു. മമ്മൂക്ക നിര്‍മ്മിക്കുന്ന 'മതിലുകള്‍ക്കപ്പുറം' എന്ന സിനിമ ഏൽപ്പിക്കാനായിരുന്നു അത്​. നിര്‍ഭാഗ്യവശാല്‍ ആ പ്രോജക്റ്റ് നടന്നില്ല. അതിന് ശേഷം മമ്മൂക്ക തുടങ്ങാനിരുന്ന ചിത്രമാണ് 'മുംബൈ മാര്‍ച്ച് 12'. ആ സിനിമയിലൂടെ മമ്മുക്കയുമായും ആ​േന്‍റാ ജോസഫുമായുമുള്ള ബന്ധം ദൃഢമായതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ബാദുഷക്ക്​.

ശ്വാസത്തിൽ മമ്മുക്ക, ഹൃദയത്തിൽ ലാലേട്ടൻ

ഞാനും മമ്മുക്കയും ഒരേ ബഞ്ചിലിരുന്ന്​ പഠിച്ചവരാണെന്ന്​ സുഹൃത്തുക്കൾ പലരും തമാശയായി പറയാറുണ്ട്​. ശരിയാണ്​. പക്ഷേ, മമ്മുക്ക ഇരുന്ന്​ വർഷങ്ങൾ പലത്​ കഴിഞ്ഞാണ്​ ഞാൻ അതിൽ ഇരുന്നതെന്ന്​ മാത്രം. മമ്മുക്കയുടെ ഉമ്മയുടെ നാട്​ ചന്തിരൂരാണ്​. അവിടെ അ​ദ്ദേഹം പഠിച്ച ഗവ. സ്​കൂളിലാണ്​ ഞാനും പഠിച്ചത്​. അക്കാലത്തൊക്കെ ആരാധനയോടെ കണ്ട ആളുമായി ഇന്ന്​ ഒരുമിച്ച്​ പഠിച്ചതുപോലെയുള്ള ആത്​മബന്ധം ഉണ്ടാക്കാൻ കഴിഞ്ഞത്​ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. എറണാകുളത്തു​ള്ളപ്പോൾ ഫ്രീ ആണെങ്കിൽ മമ്മുക്ക വീട്ടിലേക്ക്​ വിളിപ്പിക്കും. രാത്രി വൈകി വരെ സംസാരിച്ചി​​േട്ട പിരിയാറുള്ള​​​​ു' - മമ്മൂട്ടിയുമായുള്ള സൗഹൃദം ഇന്നും സ്വപ്​നതുല്യമാണ്​ ബാദുഷക്ക്​.

മോഹൻലാലുമായുള്ള ബന്ധവും അങ്ങിനെ തന്നെ. ഇരുവരുടെയും സിനിമകള്‍ കണ്ടാണ്​ ബാദുഷക്ക്​ സിനിമ ജീവവായു ആകുന്നത്​. 'സിനിമയിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ ഭാഗ്യം അവരുമായി കൂടുതല്‍ അടുക്കാനും നല്ല ബന്ധമുണ്ടാക്കാനും പറ്റിയതാണ്​. എന്‍റെ ഇപ്പോഴത്തെ വളര്‍ച്ചയിലേക്കുള്ള യാത്രയിൽ കൈവിട്ടു പോയെന്ന്​ തോന്നിയ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സമയം മമ്മൂക്കയുടെയും ലാലേട്ടന്‍റെയും ഉപദേശങ്ങള്‍ നിര്‍ണായകമായിട്ടുണ്ട്. അതുവഴി തന്നെയാണ് ഞാന്‍ മുന്നോട്ടു പോയിട്ടുള്ളതും. എന്‍റെ ശ്വാസത്തിൽ മമ്മുക്കയുണ്ട്​. ഹൃദയത്തിൽ ലാലേട്ടനും' -ബാദുഷ പറയുന്നു.

വിശന്നു നടന്ന വഴികളിലുടെ ആയിരങ്ങളുടെ വിശപ്പകറ്റി...

സിനിമയില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന ആഗ്രഹവുമായി നാടുവിട്ട ചരിത്രമുണ്ട്​ ബാദുഷക്ക്​. പണ്ടുള്ളവർ മദിരാശിക്ക്​ പോയതുപോലല്ല. തൊട്ടടുത്തുള്ള എറണാകുളത്തേക്ക്​ ആയിരുന്നു ആ നാടുവിടൽ. പക്ഷേ, പണ്ടുള്ളവർ കിടന്നതുപോലെ കൈയിൽ പൈസ ഇല്ലാതെ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്​. അന്ന്​ വിശന്നു നടന്ന വഴികളിലൂടെ ഇന്ന്​ ആയിരക്കണക്കിന്​ ആളുകളുടെ വിശപ്പകറ്റാൻ നടക്കാനുള്ള നിയോഗവും കാലം ബാദുഷക്ക്​ കാത്തുവെച്ചിരുന്നു. ക​ഴിഞ്ഞ വർഷം കോവിഡ്​ ലോക്​ഡൗൺ കാലത്താണ്​ ഭക്ഷണത്തിന്​ വകയില്ലാത്തവരെ സഹായിക്കാൻ ബാദുഷയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുന്നത്​. നിർമാതാവ്​ മഹാസുബൈറിന്‍റെ സഹകരണത്തോടെ ദിവസവും ആയിരം പേർക്ക്​ ഭക്ഷണമെത്തിക്കാനാണ്​ ഇത്​ തുടങ്ങിയത്​. ആ​േന്‍റാ ജോസഫും ജോജു ജോർജും ആഷിഖ്​ അബുവും അടക്കം നിരവധി സുഹൃത്തുക്കൾ സഹകരിച്ചതോടെ എല്ലാ ദിവസവും രണ്ടുനേരം 8000 പേർക്ക്​ ഭക്ഷണം കൊടുക്കാൻ കഴിയും വിധം ആ കൂട്ടായ്​മ വളർന്നു. 2020 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 23 വരെ എല്ലാ ദിവസവും ഇത്​ തുടർന്നു.


നോമ്പുകാലം തുടങ്ങിയതോടെ രാത്രി മാത്രം 5000 പേര്‍ക്ക് ഭക്ഷണം നല്‍കി. മേയ് മൂന്നിന് കൊച്ചി ഗ്രീന്‍ സോണിലേക്ക് മാറിയതോടെ എല്ലാ ദിവസവും 1500ഓളം പേര്‍ക്ക് ഭക്ഷണം എത്തിച്ചു. മേയ് 17ന്​ കൂട്ടായ്മ പിരിച്ചുവിട്ടു. 18ന് റോഡിലൂടെ പോകുമ്പോള്‍ കണ്ട കാഴ്ച, നമ്മുടെ വാഹനവും കാത്തുനില്‍ക്കുന്ന ആള്‍ക്കാരെയാണ്. അങ്ങനെ വീണ്ടും കിച്ചന്‍ തുറക്കാന്‍ തീരുമാനിച്ചു. ദിവസവും 700ഓളം പേര്‍ക്ക് ആഹാരം കൊടുക്കാൻ വക ക​ണ്ടെത്തി. കഴിഞ്ഞ വർഷം 150 ദിവസം ഇങ്ങനെ ഭക്ഷണം നൽകി. ഓൺലൈൻ പഠനത്തിന്​ സൗകര്യമില്ലാത്ത 800 കുട്ടികൾക്ക്​ ടി.വി, ടാബ്​, മൊബൈൽ എന്നിവയും രോഗികൾക്ക്​ മരുന്നുകളുമൊക്കെ വിതരണം ചെയ്​തു. ഈ വർഷവും ലോക്​ഡൗൺ കാലത്ത്​ ദിവസവും വൈകുന്നേരം 700 പേർക്ക് ഭക്ഷണം നൽകുന്നുണ്ട്​. 7000ത്തോളം അംഗങ്ങളുള്ള ടീം ബാദുഷ ലവേഴ്​സ്​ എന്ന കൂട്ടായ്​മയാണ്​ ഇതിന്​ ചുക്കാൻ പിടിക്കുന്നത്​. കോവിഡ്​ മൂലം ചലച്ചിത്ര മേഖല പ്രതിസന്ധിയിലായപ്പോൾ ജോലി നഷ്​ടപ്പെട്ട്​ ആത്​മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന പല വിഭാഗങ്ങളിലുമുള്ള സിനിമ തൊഴിലാളികളെ സഹായിക്കുന്നതിലും മുൻനിരയിൽ ബാദുഷയുണ്ട്​. 'പണ്ടുമുതലേ 100 രൂപ കിട്ടിയാൽ അതിൽ 50 രൂപക്ക്​ മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവമാണ്​ എ​േന്‍റത്​. വാപ്പ വി.എ. മുഹമ്മദ് നേറ്റിപ്പറമ്പന്‍ അരൂര്‍ പഞ്ചായത്തില്‍ ദീര്‍ഘകാലം പ്രസിഡന്‍റായിരുന്നു. അദ്ദേഹം ചെയ്യുന്ന സഹായങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. വാപ്പയാണ്​ ഇക്കാര്യത്തിൽ എന്‍റെ റോൾ മോഡൽ' -ബാദുഷ പറയുന്നു. 18 വർഷം മുമ്പ്​ ഹജ്​ജിന്​ പോയി അവിടെ വെച്ച്​ മരിച്ച വാപ്പ എല്ലാ ബലിപെരുന്നാൾ ദിനത്തിലും ബാദുഷക്ക്​ വേദനിക്കുന്ന ഓർമ്മയാണ്​. ഉമ്മ സൈനബ, ഭാര്യ മഞ്​ജു, മക്കളായ സാഹിർ (പത്താം ക്ലാസ്​), ഷിഫ (എട്ടാം ക്ലാസ്​) എന്നിവരടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ബാദുഷക്കൊപ്പമുണ്ട്​. ​

പുതുമുഖങ്ങളെ കാത്ത്​ 'മാറ്റിനി'

സിനിമ ആഗ്രഹിക്കുന്നവരെയും സിനിമയ്ക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ബാദുഷയുടെയും നിർമ്മാതാവ്​ ഷി​നോയ്​ മാത്യുവിന്‍റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്​-മാറ്റിനി. സിനിമയ്ക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ട്​, കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് 'മാറ്റിനി'യുടെ പ്രധാന ലക്ഷ്യമെന്ന്​ ബാദുഷ പറയുന്നു. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തി വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭഘട്ടത്തിൽ 'മാറ്റിനി'യുടെ പ്രവർത്തനം. ഒപ്പം അനാവശ്യ ചെലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഒഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ നടത്താം.

സിംഗ്ൾ​ രജിസ്ട്രേഷനിലൂടെ സ്വന്തം നിർമ്മാണ പ്രോജക്റ്റുകളിലേക്കും നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന ടാലന്‍റ്​ പൂൾ ആയിട്ടായിരിക്കും 'മാറ്റിനി' പ്രവർത്തിക്കുക. ഒപ്പം താൽപര്യമുള്ള ആർക്കും വ്യത്യസ്തമാർന്ന ലൊക്കേഷനുകൾ, ബിൽഡിങുകൾ, വീടുകൾ, സ്ഥാപനങ്ങൾ, എക്യുപ്മെന്‍റുകൾ, പരിശീലനം ലഭിച്ച വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ, പൗരാണിക വസ്​തുക്കൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും 'മാറ്റിനി'യിൽ രജിസ്റ്റർ ചെയ്ത് വാടകക്ക്​ നൽകി മികച്ച വരുമാനവും നേടാം.

കാത്തിരിക്കാം, ആ 'ട്വിസ്റ്റിന്'​

കോവിഡ്​ ബോധവത്​കരണ സന്ദേശമുള്ള 'സർബത്ത്​' എന്ന ഹ്രസ്വചിത്രത്തിലെ ബാദുഷയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. രാമു കാര്യാട്ട്​, ​പ്രേംനസീർ​, സത്യജിത്​ റായ്​ എന്നിവരുടെ പേരിലുള്ള അവാർഡുകളും ജേസി ഫൗണ്ടേഷന്‍റെയും കലാഭവൻ മണി ഫൗ​ണ്ടേഷന്‍റെയും പുരസ്​കാരങ്ങളും അടക്കം നിരവധി അംഗീകാരങ്ങളും ബാദുഷയെ തേടിയെത്തി.


സ്​കൂളിൽ പഠിക്കു​േമ്പാൾ സ്വന്തമായി തീയേറ്റർ ഉള്ളയാൾ എന്ന അഭിമാനത്തോടെ കൂട്ടുകാർക്കിടയിൽ സ്റ്റാറായി നടന്ന പയ്യൻ ഇന്നും ബാദുഷയുടെ മനസ്സിൽ ഉണ്ട്​. വെള്ള തിരശ്ശീലയിലൊരുനാൾ തന്‍റെ പേരും മുഖവും​ തെളിഞ്ഞുവരുന്നതും സ്വപ്​നം കണ്ട്​ ഒരു സിനിമ പോലും വിടാതെ കണ്ടിരുന്ന പഴയ തീയേറ്റർ നാളുകൾ. ആ തീയേറ്റർ പിന്നീട്​ കത്തിപ്പോയി. ഇപ്പോൾ മലയാളം, തമിഴ്​, തെലുങ്ക്​, കന്നഡ, ഹിന്ദി ഭാഷകളിൽ ഇരുന്നൂറോളം​ സിനിമകളുടെ ടൈറ്റിൽ കാർഡുകളിൽ, പലതരം ക്രഡിറ്റുകളിൽ ബാദുഷയുടെ പേര്​ തെളിഞ്ഞുവന്നു. സിനിമയിൽ പല സ്​ഥാനത്തും തിളങ്ങി, ഇനി തീയേറ്റർ ഉടമ എന്ന നിലയിലും പേരെടുക്കാനുള്ള ഒരുക്കത്തിലാണ്​ ബാദുഷ ഇപ്പോൾ. മറ്റുള്ളവരെ സഹായിച്ചിരുന്ന വാപ്പയുടെ പതിവ്​ പിന്തുടർന്ന പോലെ, തീയേറ്റർ നടത്തിയിരുന്ന വാപ്പയുടെ പാരമ്പര്യവും ആവർത്തിക്കാനുള്ള തയ്യാറെടുപ്പ്​ അവസാനഘട്ടത്തിലാണ്​. 'സെലക്​ട്​' എന്നായിരുന്നു വാപ്പ നടത്തിയിരുന്ന തീയേറ്ററിന്‍റെ പേര്​. തുടങ്ങാനിരിക്കുന്ന തീയേറ്ററിന്‍റെ പേരും ബാദുഷ 'സെലക്​ട്​' ചെയ്​തിട്ടുണ്ട്​. പക്ഷേ, അതി​പ്പോൾ മനസ്സിൽ സുക്ഷിച്ചിരിക്കുകയാണ്​. ആ പേരാണ്​, ബാദുഷയുടെ ജീവിതത്തിൽ കാലം എഴുതുന്ന തിരക്കഥയിൽ ഇനി വരാനിരിക്കുന്ന 'ട്വിസ്റ്റ്​​'.

(ചിത്രങ്ങൾ: അഷ്​കർ ഒരുമനയൂർ)

Show Full Article
TAGS:Producer Badhusha Mollywood 
News Summary - I am a Fan Boy Producer Badhusha
Next Story