25 വർഷങ്ങൾക്ക് മുമ്പ് നടനായി വന്നു; ഇപ്പോൾ സംവിധായകൻ
text_fieldsക്രിഷിന്റെ നാലാം ഭാഗത്തിൽ ഹൃതിക് നായകനാകുക മാത്രമല്ല, സംവിധായകന്റെ തൊപ്പിയും ധരിക്കും. 25 വർഷത്തോളം തന്റെ അഭിനയ വൈദഗ്ധ്യവും അത്ഭുതകരമായ നൃത്തച്ചുവടുകളും കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച ബോളിവുഡിന്റെ ഗ്രീക്ക് ദേവൻ ഹൃത്വിക് റോഷൻ സംവിധായകനാകാൻ ഒരുങ്ങുന്നു. സൂപ്പർഹീറോ ആക്ഷൻ ഹിറ്റ് ഫ്രാഞ്ചൈസിയായ ക്രിഷ് 4ലൂടെയാണ് സംവിധായകനായി അരങ്ങേറ്റം. യഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ക്രിഷ് 4ന് 700 കോടി രൂപയെങ്കിലും നിർമാണ ചിലവ് വേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മൂലം പല പ്രൊഡക്ഷന്‍ ഹൗസുകളും ചിത്രം ഏറ്റെടുക്കാന്‍ മടിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. പക്ഷെ ക്രിഷ് ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇത് സ്ഥിരീകരിച്ചുകൊണ്ട് ഹൃതിക്കിന്‍റെ പിതാവ് രാകേഷ് റോഷൻ സോഷ്യൽ മീഡിയയിൽ ആശംസ അറിയിച്ചിട്ടുണ്ട്. '25 വർഷങ്ങൾക്ക് മുമ്പ് ഞാൻ നിന്നെ ഒരു നടനായി അവതരിപ്പിച്ചു. ഇന്ന് 25 വർഷങ്ങൾക്ക് ശേഷം ആദി ചോപ്രയും ഞാനും രണ്ട് ചലച്ചിത്ര നിർമാതാക്കളുടെ ഏറ്റവും വലിയ അഭിലാഷമായ ക്രിഷ് 4 മുന്നോട്ട് കൊണ്ടുപോകാൻ നിന്നെ ഒരു സംവിധായകനായി അവതരിപ്പിക്കുന്നു. ഈ പുതിയ അവതാരത്തിൽ എല്ലാ വിജയങ്ങളും ആശംസകളും, അനുഗ്രഹങ്ങളും നേരുന്നു!'.
ഹൃത്വിക് റോഷനും പ്രീതി സിന്‍റെയും അഭിനയിച്ച 2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷൻ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് 2006-ൽ ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയും അഭിനയിച്ച ക്രിഷ് പുറത്തിറങ്ങി. തുടർന്ന് 2013-ൽ ഹൃത്വിക്, പ്രിയങ്ക, വിവേക് ഒബ്‌റോയ്, കങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിഷ് 3 പുറത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

