‘ഋത്വിക്കിന്റെയും സുസെയ്ന്റെയും വേർപിരിയൽ കയ്പേറിയതായിരുന്നില്ല, അവൻ എനിക്ക് സ്വന്തം മകനെപ്പോലെ’; വികാരനിർഭര കുറിപ്പുമായി സഞ്ജയ് ഖാൻ
text_fields1. സഞ്ജയ് ഖാനും ഋത്വിക് റോഷനും, 2. ഋത്വിക് റോഷനും മുൻ ഭാര്യ സുസെയ്ൻ ഖാനും
ബോളിവുഡിന്‍റെ എവർഗ്രീൻ സൂപ്പർ സ്റ്റാർ ഋത്വിക് റോഷന് ഏറെ ആരാധകരാണുള്ളത്. സിനിമാ ജീവിതത്തിനുപുറമെ താരത്തിന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകർ ഏറെ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. വിവാഹ മോചനത്തിനുശേഷം ഋത്വികിന്‍റെ കാമുകിയെ കുറിച്ചും ഇരുവരുമായുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 2000ത്തിൽ ആയിരുന്നു ഋത്വിക് റോഷനും ആദ്യ ഭാര്യ സുസെയ്ൻ ഖാനുമായുള്ള വിവാഹം. പിന്നീട് 14 വർഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. ആ ബന്ധത്തിൽ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. വേർപിരിഞ്ഞെങ്കിലും, ഇപ്പോഴും ആ സൗഹൃദം ഇരുവരും നിലനിർത്തുന്നുണ്ട്.
ജനുവരി 10ന് താരം 52-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ആശംസകളുമായി നിരവധി പേരാണ് എത്തിയത്. എന്നാൽ, സുസെയ്ന്‍റെ പിതാവും നടനും നിർമാതാവുമായ സഞ്ജയ് ഖാൻ ഋത്വികിന് വേണ്ടി പങ്കുവെച്ച ഹൃദയ സ്പർശിയായ കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഋത്വിക് വളരെക്കാലമായി തനിക്ക് മകനെപ്പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. കൗമാര പ്രായക്കാരനായാണ് താൻ ഋത്വിക്കിനെ ആദ്യമായി കാണുന്നതെന്നും പിന്നീട് മകനായി മാറിയെന്നും അദ്ദേഹം ഓർമിച്ചു.
'ഞാൻ ആദ്യമായി ഋത്വിക് റോഷനെ കാണുന്നത് ഒരു കൗമാരക്കാരനായിട്ടാണ്. സായിദിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ആ സമയം എന്റെ പ്രഭാത സവാരിക്ക് ഒരു പുതിയ സൈക്കിൾ ആവശ്യമായിരുന്നു. അപ്പോഴാണ് ഞാൻ സായിദിനോട് അതിനെക്കുറിച്ച് പറഞ്ഞത്. അതേക്കുറിച്ച് സംസാരിക്കാൻ ഉചിതനായ വ്യക്തി ഋത്വിക് ആണെന്നാണ് ഒരു പുഞ്ചിരിയോടെ സായിദ് അന്ന് പറഞ്ഞത്. എല്ലാ പുതിയ മോഡലുകളെക്കുറിച്ചും ഋത്വിക് എനിക്ക് വിശദമായി വിവരിച്ചു. അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ വളരെ വ്യക്തവും കൃത്യവും സമാധാനപൂർവവുമായിരുന്നു. ആ ആത്മാർത്ഥ എന്നെ വളരെയധികം ആകർഷിച്ചു. ഈ ചെറുപ്പക്കാരൻ ഒരു ദിവസം എന്റെ മകൾ സുസെയ്ൻ വിവാഹം കഴിച്ച് ഞങ്ങളുടെ കുടുംബത്തിൽ ചേരുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു,' അദ്ദേഹം കുറിച്ചു.
'കഹോ നാ പ്യാർ ഹേ' എന്ന ചിത്രത്തിലൂടെ ഋത്വിക് റോഷൻ പ്രശസ്തിയിലേക്ക് കുതിച്ച കാലത്തെയും സഞ്ജയ് ഖാൻ ഓർമിച്ചു. 'ഞങ്ങളുടെ കാഷ്വൽ ചാറ്റുകളിൽ വരെ പ്രൊഫഷനലിസം ഉണ്ടായിരുന്നു. ഋത്വിക് എപ്പോഴും ബഹുമാനത്തോടെയും ആകാംക്ഷയോടെയും അങ്ങേയറ്റം ആത്മാർഥയോടുകൂടിയും, ആകർഷകമായ ആ കണ്ണുകളിൽ തന്‍റെ സിനിമാ ജീവിതത്തിലേക്കുള്ള വഴികൾ തേടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിജയം അചഞ്ചലമായ സമർപ്പണത്തിൽനിന്നും ഉണ്ടായതാണെന്ന് ഞാനെന്‍റെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ഇന്ന് ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായും, താരമായും, തന്റെ കഴിവിന്‍റെ ഉന്നതിയിൽ ഋത്വിക് നിലകൊള്ളുന്നു' -സഞ്ജയ് ഖാൻ കൂട്ടിച്ചേർത്തു.
സുസെയ്ന്റെയും ഋത്വിക്കിന്റെയും വിവാഹ മോചനത്തെകുറിച്ചും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചു, 'സുസെയ്നിൽ നിന്നാണ് എന്റെ സന്തോഷങ്ങളായ പേരക്കുട്ടികൾ റിഹാനെയും റിദാനെയും ലഭിക്കുന്നത്. അവളുടെ സത്യസന്ധതയുടെ വഴിയിൽ വളർന്ന സുന്ദരന്മാരായ ആൺകുട്ടികൾ. സുസെയ്ന്റെയും ഋത്വിക്കിന്റെയും വേർപിരിയൽ ഒരുതരത്തിൽ സമാധാനപരമായിരുന്നു. അത് ഒരിക്കലും കയ്പേറിയ ഒന്നായിരുന്നില്ല. അവൾ ഋത്വികിന് 'രണ്ട് ഏസ് ഓഫ് സ്പേഡുകൾ' സമ്മാനിച്ചുവെന്ന് ഞാൻ സുഹൃത്തുക്കളോട് അഭിമാനത്തോടെ തമാശ പറയാറുണ്ട്. ജനുവരി 10ന് ഋത്വിക്കിന് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ആശംസകൾക്കിടയിലും ആരോഗ്യവും സമാധാനവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജന്മദിനം ഞാൻ നേരുന്നു. ജന്മദിനാശംസകൾ ഋത്വിക്. ഞാൻ നിന്നെ സ്നേഹിക്കുന്നു മോനേ...' എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

