‘അർധരാത്രിയിലെ അച്ഛന്റെ നിലവിളി ഇന്നും കാതിൽ മുഴങ്ങുന്നു’
text_fieldsവധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട ബോളിവുഡ് സംവിധായകൻ രാകേഷ് റോഷൻ, അതിന്റെ ആഘാതത്തിൽനിന്ന് രക്ഷപ്പെടാനാകാതെ ദുരിതമനുഭവിച്ച നാളുകളെക്കുറിച്ച് വിവരിച്ച് മകനും സൂപ്പർ താരവുമായ ഹൃതിക് റോഷൻ
‘എന്റെ അച്ഛൻ സൂപ്പർമാനെപ്പോലെ ശക്തനാണെന്ന് കുട്ടിക്കാലംതൊട്ടേ എനിക്കുറപ്പുണ്ടായിരുന്നു. വെടിയുണ്ടയെ അതിജീവിച്ച അദ്ദേഹം പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ കരുതി. എന്നാൽ, അങ്ങനെ ആയിരുന്നില്ല. സംഭവത്തിന് ഒരു മാസത്തിനുശേഷം ഒരു ദിവസം അർധരാത്രി അച്ഛന്റെ നിലവിളി കേട്ട് ഞാനുണരുകയായിരുന്നു.
വീണ്ടും ആക്രമിക്കപ്പെട്ടുവെന്ന് കരുതി അദ്ദേഹം സഹായത്തിനായി അലറിവിളിച്ച ശബ്ദമായിരുന്നു അത്. അപ്പോഴാണ്, അച്ഛൻ എത്ര ദുർബലനാണെന്നും ധീരമായ മുഖത്തിനുപിന്നിൽ ഭയം മറച്ചുവെക്കുകയായിരുന്നുവെന്നും ഞാൻ മനസ്സിലാക്കിയത്’’ - ഹൃതിക് റോഷൻ പറയുന്നു. രാകേഷ് റോഷനെ ആക്രമികൾ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച വൈകാരിക സംഭവങ്ങൾ നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘ദി റോഷൻസി’ൽ, വിവരിക്കുകയാണ് മകൻ ഹൃതിക് റോഷനും കുടുംബവും.
മുംബൈ സിനിമാലോകത്തെ നടുക്കി നടൻ സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാകേഷ് റോഷൻ വധശ്രമം അടക്കം പറയുന്ന ‘ദി റോഷൻസ്’ സീരീസ് വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. 2000ത്തിലാണ് രാകേഷ് റോഷന് വെടിയേൽക്കുന്നത്. മകൻ ഹൃതിക്കിനെ അവതരിപ്പിച്ച, ‘കഹോ നാ പ്യാർ ഹെ’ റെക്കോഡുകൾ തകർത്ത് ഹിറ്റായപ്പോൾ തന്നെയായിരുന്നു ആക്രമണം.
ഒരു സിനിമ ചെയ്യാൻ മുംബൈ അധോലോകവുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടത് നിരസിച്ചതിന്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് വാർത്തകളുണ്ടായിരുന്നു. ഡോക്യുമെൻററിയിൽ ഈ സംഭവത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പക്ഷേ, ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളോ അധോലോക പങ്കാളിത്തമോ പോലുള്ള വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
‘നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ, ആ ആഴ്ചകളിൽ ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. മികച്ച രീതിയിൽ ജോലി ചെയ്യുന്നതിൽ എന്നും വിശ്വസിച്ചിരുന്ന പിതാവ് ആക്രമിക്കപ്പെട്ടപ്പോൾ എനിക്ക് ആളുകളിലും ലോകത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു, സിനിമ ഉപേക്ഷിക്കാൻ തോന്നി. പക്ഷേ, എന്തുതന്നെയായാലും മുന്നോട്ടുപോകണമെന്ന് ഞാൻ താമസിയാതെ മനസ്സിലാക്കി’’ -ഷോയുടെ അവസാന എപ്പിസോഡിൽ പറയുന്നു.
‘‘കഹോ നാ പ്യാർ ഹേയുടെ വിജയം ആഘോഷിക്കാൻ പോയ സമയത്താണ് അച്ഛന് വെടിയേൽക്കുന്നത്. അദ്ദേഹത്തിന്റെ നെഞ്ചിലും കൈയിലും വെടിയുണ്ടകൾ തറച്ചിരുന്നു. എന്നിട്ടും, എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്നു ചോദിച്ച് എന്നെ വിളിച്ചു. കുടുംബം ആക്രമിക്കപ്പെടുമോ എന്ന് അദ്ദേഹം ആശങ്കാകുലനായിരുന്നു’’ -ഹൃതിക് ഓർത്തെടുക്കുന്നു.
വെടിയേറ്റ് ചോരയൊലിപ്പിച്ചിട്ടും നേരെ പൊലീസ് സ്റ്റേഷനിൽ പോയ രാകേഷിന്റെ ധീരതയാണ് സഹോദരൻ രാജേഷ് വിവരിക്കുന്നത്.
‘‘ഹൃതിക്കിന്റെ കഹോ നാ പ്യാർ ഹേയുടെ വിജയമാണ്, വധശ്രമം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് എന്നെ കരകയറ്റിയത്’’ -എപ്പിസോഡിൽ രാകേഷ് റോഷൻ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

