മമ്മൂട്ടിയുടെ പേരിൽ ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്: പരിഹാസവുമായി കെ.പി ശശികല
text_fieldsകെ.പി.ശശികല, മമ്മൂട്ടി
കണ്ണൂർ: നടൻ മമ്മൂട്ടിയുടെ പേരിൽ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തിയതിൽ പരിഹാസവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല.
തിരുവനന്തപുരം സ്വദേശി എ. ജയകുമാർ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി പൊന്നിൻകുടം വഴിപാട് നടത്തിയ വാർത്തയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചായിരുന്നു പരിഹാസം. 'നാളേയും അതവിടെ കണ്ടാൽ മതിയായിരുന്നു'- എന്നാണ് ശശികല പറഞ്ഞത്.
മമ്മൂട്ടിക്കുവേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഉത്രം നക്ഷത്രത്തിലാണ് വഴിപാട് കഴിപ്പിച്ചത്. മമ്മൂട്ടിക്കുവേണ്ടി നേരത്തെ മോഹൻലാൽ ശബരിമലയിൽ നടത്തിയ വഴിപാട് വിശാഖം നക്ഷത്രത്തിലായിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പൊന്നുംകുടം വെച്ച് തൊഴൽ.
കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രത്തിൽ പൊന്നിൻകുടം വെച്ച് തൊഴുതിരുന്നു. കൂടാതെ ജയലളിത, യദിയൂരപ്പ തുടങ്ങി ശ്രീലങ്കയിലെ ഭരണാധികാരികൾ ഉൾപ്പെടെ നിരവധി പ്രമുഖർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൽകുടം വെച്ച് തൊഴുതിരുന്നു. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.
അതേസമയം, എട്ടുമാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തി. ചികിത്സക്ക് ചെന്നൈയിലേക്ക് പോയശേഷം വ്യാഴാഴ്ചയാണ് അദ്ദേഹം കൊച്ചിയിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ആരോഗ്യപരിശോധന ഫലങ്ങൾ അനുകൂലമായി അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന വിവരം പുറത്തുവന്നിരുന്നു.
തുടർന്ന് ഏതാനും ആഴ്ചകൾക്കുശേഷം ‘പാട്രിയറ്റ്’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്ക് പോയിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കി ചെന്നൈയിലെ വസതിയിൽ മടങ്ങിയെത്തിയ മമ്മൂട്ടി വ്യാഴാഴ്ച കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.
ഭാര്യ സുൽഫത്ത്, സിനിമ നിർമാതാവ് ആന്‍റോ ജോസഫ് എന്നിവരടക്കം കൂടെയുണ്ടായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മന്ത്രി പി. രാജീവ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ മമ്മൂട്ടിയെ സ്വീകരിച്ചു. സിനിമ പ്രേമികളുടെ വലിയ നിര അദ്ദേഹത്തെക്കാത്ത് പുറത്തുണ്ടായിരുന്നു. എല്ലാവരെയും കൈവീശി അഭിസംബോധന ചെയ്ത് നന്ദി പറഞ്ഞ് അദ്ദേഹം കാറിലേക്ക് കയറി.
തുടർന്ന് സ്വന്തമായി കാറോടിച്ച് എറണാകുളം എളംകുളത്തെ വീട്ടിലേക്ക് പോയി. മമ്മൂട്ടിയെത്തുന്നതോടനുബന്ധിച്ച് പൊലീസ് വിമാനത്താവള പരിസരത്ത് സുരക്ഷയൊരുക്കിയിരുന്നു. നവംബറിലാണ് പാട്രിയറ്റിന്‍റെ തുടർ ചിത്രീകരണം. അദ്ദേഹത്തെ കാണാൻ വിമാനത്താവളത്തിന് പുറത്ത് വഴിയോരത്തും ആളുകളുണ്ടായിരുന്നു. വരുംമാസങ്ങളിൽ കൊച്ചിയിലടക്കം അദ്ദേഹത്തിന് ഷൂട്ടിങ്ങുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

