'ലാൽ സാറിന്റെ അംഗീകാരം വേണം'; ദൃശ്യം 3 റിലീസിന് മുൻപ് മോഹൻലാലിനെ വിളിച്ച് അജയ് ദേവ്ഗൺ
text_fieldsഅജയ് ദേവ്ഗൺ, മോഹൻലാൽ
ബോളിവുഡിന്റെ ഏറ്റവും മികച്ച ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കവെ നിർണായക വെളിപ്പെടുത്തലുമായി അജയ് ദേവ്ഗൺ. വിജയ് സൽഗാവ്കറായി താൻ അവസാനമായി എത്തുന്ന ദൃശ്യം 3: ദി കൺക്ലൂഷൻ മലയാളം ദൃശ്യം 3 യിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് അജയ് ദേവ്ഗൺ വ്യക്തമാക്കി.
മാത്രമല്ല, ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് മോഹൻലാലിന്റെ അനുവാദവും അംഗീകാരവും തേടിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.എഫ്ഐസിസിഐ ഫ്രെയിംസിൽ നടന്ന ചർച്ചയിലാണ് അജയ് ദേവ്ഗൺ ഇക്കാര്യം തുറന്നുപറഞ്ഞത്. താൻ മോഹൻലാലിനെ നേരിട്ട് വിളിച്ചിരുന്നുവെന്നും സിനിമ കാണാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അജയ് പറഞ്ഞു.
‘ഞാൻ ലാൽ സാറിനെ വിളിച്ചിരുന്നു. ഇത്തവണ ഞങ്ങൾ കഥയിൽ പൂർണമായും വ്യതിചലിച്ചിരിക്കുന്നു. അതുകൊണ്ട് അദ്ദേഹം സിനിമ കാണുകയും അദ്ദേഹത്തിന്റെ ഒരു അംഗീകാരം കിട്ടുകയും ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നി. അദ്ദേഹം അവധിയിലായതിനാൽ സിനിമ കാണാൻ കഴിഞ്ഞില്ല. പക്ഷെ അദ്ദേഹം നിരന്തരം സംസാരിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം സിനിമ കാണുമെന്നാണ് കരുതുന്നത്’ എന്നാണ് അജയ് ദേവ്ഗൺ പറഞ്ഞത്.
ദൃശ്യം ഫ്രാഞ്ചൈസി ഇതോടെ അവസാനിപ്പിക്കാനുള്ള കാരണവും അജയ് ദേവ്ഗൺ വിശദീകരിച്ചു. ദൃശ്യം പോലൊരു കഥ എഴുതുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഉയർന്ന നിലയിൽ തന്നെ ഫ്രാഞ്ചൈസി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് അവസാനം കൂടിയാണ്, കാരണം ദൃശ്യം എഴുതാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു ഉയർന്ന നിലയിൽ ഇത് അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തിരക്കഥയും സിനിമയും രൂപപ്പെട്ടിരിക്കുന്ന രീതി വെച്ച് നോക്കിയാൽ ഇപ്പോൾ ഇത് നിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഞാൻ ഇന്നലെ സിനിമ കണ്ടു, വ്യക്തിപരമായി എനിക്ക് തോന്നുന്നത് ഇത് ദൃശ്യം 2 നേക്കാൾ മികച്ചതാണ് എന്നും അജയ് കൂട്ടിച്ചേർത്തു.
ഓരോ തവണയും പുതിയൊരു കൊലപാതക കഥ പറയുകയല്ല, സിനിമ അവസാനിച്ചിടത്ത് നിന്ന് കഥ മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടതെന്ന് അജയ് വിശദീകരിച്ചു. ഒരു സീക്വൽ ഉണ്ടാക്കുക എന്നതല്ല, മറിച്ച് സ്വാഭാവികമായി ദൃശ്യം കഥയായി മാറാൻ കഴിയുന്ന ഒരു ആശയം വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം.
സംവിധായകനും തിരക്കഥാകൃത്തും നാല് തിരക്കഥകൾ എഴുതി തള്ളിയതിന് ശേഷമാണ് ഇപ്പോഴത്തെ കഥയിലേക്ക് എത്തിയതെന്നും അജയ് വെളിപ്പെടുത്തി. ഫ്രാഞ്ചൈസിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ട്വിസ്റ്റുകളും ഞെട്ടിക്കുന്ന നിമിഷങ്ങളും ഈ ചിത്രത്തിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യം 3: ദി കൺക്ലൂഷനിലൂടെ അവസാനമായി വിജയ് സൽഗാവ്കർ എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ എത്തുന്നു. ശ്രിയ ശരൺ, ഇഷിത ദത്ത, തബു, രജത് കപൂർ എന്നിവർ തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ജയ്ദീപ് അഹ്ലാവത്തും പ്രകാശ് രാജുമാണ് ചിത്രത്തിലെ പുതിയ താരങ്ങൾ.സ്റ്റാർ സ്റ്റുഡിയോ18 അവതരിപ്പിക്കുന്ന ചിത്രം അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 2 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

