ഹിന്ദി സിനിമക്ക് വേരുകൾ നഷ്ടപ്പെട്ടു; പ്രതിമകളെപ്പോലെ കാണാൻ എല്ലാം മനോഹരമാണ്, പക്ഷേ പ്ലാസ്റ്റിക് പോലെ കൃത്രിമവുമാണ് -പ്രകാശ് രാജ്
text_fieldsകഴിഞ്ഞ 38 വർഷമായി തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലും സജീവമായി നിൽക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. എല്ലാ ഭാഷകളിലും വലിയ വിജയം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ഹിന്ദി സിനിമയേക്കാൾ വളരെ മുന്നിലാണ് തമിഴ്, മലയാളം സിനിമകളെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിലവിലെ സാഹചര്യത്തിൽ മലയാളം, തമിഴ് സിനിമകൾ വളരെ കരുത്തുറ്റ ചിത്രങ്ങളാണ് നിർമിക്കുന്നത്. എന്നാൽ ഹിന്ദി സിനിമക്ക് അതിന്റെ വേരുകൾ നഷ്ടപ്പെട്ടു. മാഡം ടുസാഡ്സ് മ്യൂസിയത്തിലെ പ്രതിമകളെപ്പോലെ കാണാൻ എല്ലാം മനോഹരമാണ്. പക്ഷേ പ്ലാസ്റ്റിക് പോലെ കൃത്രിമവുമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ ഇപ്പോഴും കഥകളുണ്ട്. തമിഴിലെ പുതിയ സംവിധായകർ ദളിത് വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അത് വലിയ പ്രതീക്ഷ നൽകുന്നു’ പ്രകാശ് രാജ് പറഞ്ഞു.
മൾട്ടിപ്ലക്സുകളുടെ വരവോടെ ബോംബെ സിനിമാ വ്യവസായം നഗരപ്രദേശങ്ങളിലെ പ്രേക്ഷകർക്ക് വേണ്ടി മാത്രമായി സിനിമകൾ നിർമിക്കാൻ തുടങ്ങിയെന്ന് അദ്ദേഹം വിമർശിച്ചു. ഇന്ന് സിനിമ എന്നാൽ വെറും പണവും പുറംമോടിയുമായി മാറി. പേജ്-3 സംസ്കാരത്തിന് പിന്നാലെ പോയ ബോളിവുഡിന് ബിഹാറിലെയും രാജസ്ഥാനിലെയും ഗ്രാമീണ ജീവിതവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അദ്ദേഹം ഓർമിപ്പിച്ചു. സ്വാതന്ത്ര്യാനന്തര കാലത്ത് 'അമർ അക്ബർ ആന്റണി' പോലുള്ള സിനിമകൾ സമൂഹത്തിൽ ഐക്യവും മതേതരത്വവും വളർത്തിയിരുന്നു. എന്നാൽ ഇന്നത്തെ സിനിമകൾ വെറും റീൽസുകളിലും സെൽഫ് പ്രൊമോഷനുകളിലും പണത്തിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുമൂലം പ്രേക്ഷകരുമായുള്ള ആത്മബന്ധം സിനിമക്ക് നഷ്ടമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത 'തേരെ ഇഷ്‌ക് മേം' എന്ന ചിത്രത്തിലാണ് പ്രകാശ് രാജ് അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ധനുഷിന്റെ അച്ഛന്റെ വേഷമായിരുന്നു അദ്ദേഹം ചെയ്തത്. വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' എന്ന പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയിലാണ് പ്രകാശ് രാജിന്‍റേതായി ഇനി എത്താനുള്ളത്. ഈ മാസം റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ പ്രശ്നങ്ങൾ കാരണം വൈകുകയാണ്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

