'അദ്ദേഹം എന്നെ പിന്തുണക്കുക മാത്രമല്ല, ഞങ്ങൾ രണ്ടുപേരും പരസ്പരം താങ്ങായി നിൽക്കുകയാണ്'; വിവാഹജീവിതത്തെക്കുറിച്ച് ജ്യോതിക
text_fieldsതെന്നിന്ത്യൻ സിനിമാലോകത്തെ മാതൃകാ ദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ വ്യക്തിജീവിതവും കരിയറും എങ്ങനെയാണ് ബാലൻസ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തുകയാണ്. തന്റെ പുതിയ ചിത്രമായ 'സിസ്റ്റം' എന്ന ആമസോൺ പ്രൈം ലീഗൽ ഡ്രാമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ജ്യോതിക മനസ്സ് തുറന്നത്. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൊനാക്ഷി സിൻഹ, അശുതോഷ് റാണ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
വിവാഹജീവിതം എന്നത് പരസ്പരമുള്ള മനസ്സിലാക്കലിലും ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിലുമാണ് നിലനിൽക്കുന്നതെന്ന് ജ്യോതിക പറയുന്നു. പ്രത്യേകിച്ച് കുട്ടികളെ വളർത്തുന്ന കാര്യത്തിൽ ഇരുവരും കൃത്യമായ പ്ലാനിങ് നടത്താറുണ്ട്. സൂര്യ തന്നെ പിന്തുണക്കുന്നു എന്ന് പറയുന്നതിനേക്കാൾ, തങ്ങൾ രണ്ടുപേരും പരസ്പരം താങ്ങായി നിൽക്കുകയാണെന്ന് താരം വ്യക്തമാക്കുന്നു. സൂര്യ ഷൂട്ടിങിനായി പോകുമ്പോൾ താൻ വീട്ടിലെ കാര്യങ്ങളും കുട്ടികളെയും നോക്കാൻ സമയം കണ്ടെത്തുമെന്നും, അതുകൊണ്ട് തന്നെ സിനിമകളുടെ എണ്ണം താൻ സ്വയം കുറച്ചതാണെന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് പുറത്തുപോയി ജോലി ചെയ്യേണ്ടി വരുമ്പോൾ സൂര്യ വീട്ടിലിരുന്ന് കുട്ടികളെ നോക്കാറുണ്ടെന്നും, മക്കൾക്കായി എപ്പോഴും രണ്ടുപേരിൽ ഒരാൾ വീട്ടിൽ ഉണ്ടാകാറുണ്ടെന്നും ജ്യോതിക പറഞ്ഞു.
പുരുഷാധിപത്യമുള്ള ഒരു സിനിമാ വ്യവസായത്തിൽ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനെക്കുറിച്ചും ജ്യോതിക സംസാരിച്ചു. വലിയ സിനിമകളാണെങ്കിൽ പോലും തനിക്ക് തൃപ്തികരമല്ലെങ്കിൽ 'നോ' പറയാൻ മടിക്കാറില്ല. സിനിമകളിലൂടെ പലപ്പോഴും സമൂഹത്തിന് നല്ലൊരു സന്ദേശം നൽകാൻ താൻ ശ്രമിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. ഇതിനൊപ്പം തന്നെ, താൻ എത്ര വലിയ വിജയങ്ങൾ നേടിയാലും ഇപ്പോഴും സിനിമാമേഖലയിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും താരം ഓർമ്മിപ്പിച്ചു. താൻ വിജയം നേടുമ്പോൾ 'സൂര്യ നല്ലൊരു ഭർത്താവായതുകൊണ്ടാണ്' എന്ന് പറയുന്ന പ്രവണത പലപ്പോഴും സ്വന്തം വ്യക്തിത്വത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറാറുണ്ടെന്ന് ജ്യോതിക ചൂണ്ടിക്കാണിച്ചു.
കോവിഡിന് ശേഷം ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറിയതിനെക്കുറിച്ച് മുൻപ് സൂര്യയും സംസാരിച്ചിരുന്നു. മുംബൈയിൽ ജനിച്ചുവളർന്ന ജ്യോതിക തന്റെ 18-ാം വയസ്സിലാണ് ചെന്നൈയിൽ എത്തുന്നത്. പിന്നീട് ദീർഘകാലം തന്റെ കരിയറും സുഹൃത്തുക്കളെയും ഉപേക്ഷിച്ച് കുടുംബത്തിനായി ജീവിച്ചു. അതുകൊണ്ടുതന്നെ കോവിഡിന് ശേഷം ജ്യോതികക്ക് തന്റെ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനും അവളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനും വേണ്ടിയാണ് മുംബൈയിലേക്ക് മാറാൻ തീരുമാനിച്ചതെന്ന് സൂര്യ പറഞ്ഞിരുന്നു. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും സ്വന്തം സുഹൃത്തുക്കളും, സാമ്പത്തിക സ്വാതന്ത്ര്യവും, മാനസികമായ ഇടവേളകളും ആവശ്യമാണെന്ന് താൻ തിരിച്ചറിയുന്നുവെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ 'ഡബ്ബാ കാർട്ടൽ' എന്ന പരമ്പരയിലാണ് ജ്യോതിക അവസാനമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

