‘തമിഴനെന്ന നിലയിൽ ഒരുപാട് പറയാനുണ്ട്’; കന്നഡ ഭാഷാ വിവാദത്തിനിടെ കമൽ ഹാസൻ; തഗ് ലൈഫ് നാളെ തിയറ്ററുകളിലേക്ക്
text_fieldsകമൽ ഹാസൻ
ചെന്നൈ: കന്നഡ ഭാഷ തമിഴിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന പരാമർശത്തിൽ വിവാദം തുടരുന്നതിനിടെ, തമിഴനെന്ന നിലയിൽ ഒരുപാട് പറയാനുണ്ടെന്ന് നടൻ കമൽ ഹാസൻ. വിവാദ പരാമർശത്തിൽ കമൽ ഹാസൻ മാപ്പ് പറയണമെന്ന് ചൊവ്വാഴ്ച കർണാടക ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ആദ്യമായി സിനിമാ പ്രൊമോഷനെത്തിയ വേളയിലാണ് പുതിയ പരാമർശം.
“തമിഴനെന്ന നിലയിൽ ‘തഗ് ലൈഫി’നപ്പുറം ഒരുപാട് പറയാനുണ്ട്. അതെല്ലാം പിന്നീട് പറയാം. എനിക്കൊപ്പം നിന്ന തമിഴ്നാട്ടിലെ മുഴുവൻ ജനങ്ങളോടും നന്ദി പറയുന്നു” -എന്നിങ്ങനെയാണ് സിനിമയുടെ പ്രമോഷനെത്തിയ കമൽ ഹാസൻ പറഞ്ഞത്. മേയ് 27നാണ് പുതിയ ചിത്രമായ തഗ് ലൈഫിന്‍റെ പ്രൊമോഷനിടെ തമിഴിൽനിന്നാണ് കന്നഡ ഉരുത്തിരിഞ്ഞതെന്ന് കമൽ ഹാസൻ പറഞ്ഞത്. ഇത് വിവാദമാകുകയും, കമൽ ഹാസൻ മാപ്പ് പറയുന്നതുവരെ സംസ്ഥാനത്ത് ചിത്രം പ്രദർശനത്തിന് എത്തിക്കില്ലെന്ന് കർണാടക ഫിലിം ചേമ്പർ ഓഫ് കമേഴ്സ് തീരുമാനമറിയിക്കുകയും ചെയ്തു.
എന്നാൽ തന്‍റെ പരാമർശം പിൻവലിക്കാനോ മാപ്പ് പറയാനോ കമൽ ഹാസൻ തയാറായില്ല. “ഇതൊരു ജനാധിപത്യ രാജ്യമാണ്. നിയമത്തിലും നീതിയിലും ഞാൻ വിശ്വസിക്കുന്നു. കർണാടക, ആന്ധ്ര, കേരളം എന്നീ സസ്ഥാനങ്ങളോട് എനിക്കുള്ള സ്നേഹം സത്യം നിറഞ്ഞതാണ്. പ്രത്യേക അജണ്ട ഇല്ലാത്ത ആർക്കും അതിൽ സംശയമുണ്ടാകില്ല. മുമ്പും ഇത്തരം ഭീഷണികൾ എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. തെറ്റു സംഭവിച്ചാൽ ഞാൻ മാപ്പ് പറയും. അങ്ങനെയല്ലെങ്കിൽ മാപ്പ് പറയുകയുമില്ല” -നടൻ വ്യക്തമാക്കി.
ഇതിനുശേഷം തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടെന്നും സിനിമാഭാഷയിലാണ് താൻ അക്കാര്യം പറഞ്ഞതെന്നും കമൽ ഹാസൻ പറഞ്ഞു. എന്നാൽ ഒരു മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂവെന്നും അഭിപ്രായ സ്വാതന്ത്ര്യം ആരുടെയെങ്കിലും വികാരം വൃണപ്പെടുത്തുന്ന രീതിയിലാകരുതെന്നും കർണാടക ഹൈകോടതി വ്യക്തമാക്കി.
അതേസമയം, രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന തഗ് ലൈഫ് വ്യാഴാഴ്ച റിലീസാകും. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.
കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

