മാഞ്ഞുപോവാതിരിക്കാൻ നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യണം -ഇന്ദ്രൻസ്
text_fieldsഅങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ‘മാന്ധാദ്രി’പുരസ്കാരം നടൻ ഇന്ദ്രൻസിന് ദേവസ്വം കമ്മീഷണർ ടി.സി. ബിജു സമ്മാനിക്കുന്നു
അങ്ങാടിപ്പുറം: നടൻ എന്ന നിലയിൽ എങ്ങോ മാഞ്ഞുപോയെന്ന് പറയാതിരിക്കാൻ നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. തയ്യൽകാരനിൽനിന്ന് സിനിമ നടനിലേക്ക് ഒരുപാട് ദൂരവും കാലവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വം ‘മാന്ധാദ്രി’പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുമ്പോൾ ഏതെങ്കിലും ഒരു പുസ്തകത്തിന്റെ സഹായമുണ്ടായിട്ടുണ്ട്. പലതിനും സഹായിച്ചത് പുസ്തകങ്ങളായിരുന്നു. കഥാപാത്രങ്ങളിലൂടെ അറിയപ്പെടുന്നത് ഇപ്പോഴും വലിയ അഭിമാനമാണ്. തന്റെ തൊഴിലില്ലായിരുന്നെങ്കിൽ സിനിമയിൽ എത്തിപ്പെടില്ലായിരുന്നു. ചിലപ്പോൾ നാടകത്തിൽ കാണുമായിരിക്കും. നന്നായി തയ്യൽ പഠിച്ചാൽ സിനിമയിൽ അഭിനയിക്കുന്നവർക്ക് വസ്ത്രം തൈക്കാമെന്ന് സ്വപ്നം കണ്ടിരുന്നു. പഠിച്ച തൊഴിലിന് സ്ഥാനവും മഹത്വവുമുണ്ടെന്ന് തിരിച്ചറിഞ്ഞു. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ജനം സ്വീകരിക്കുമെന്ന് പിന്നീടാണ് മനസിലായത്. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നത് വലിയ ധൈര്യമാണെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു ഇന്ദ്രൻസിനെ പൊന്നാടയണിയിച്ചു. ജൂറി ചെയർമാൻ ഡോ. എൻ.പി വിജയകൃഷ്ണൻ, ട്രസ്റ്റി രാജരാജ വർമ, ടി. ബീനീഷ്, പി.സി അരവിന്ദൻ, ആർ. രാഹുൽ, തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

