Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവു വീണ്ടും വിവാദത്തിൽ; ക്ഷേത്രദർശനത്തിന് പ്രോട്ടോക്കോൾ വാഹനം ഉപയോഗിച്ചെന്ന് ആരോപണം

text_fields
bookmark_border
Ranya Rao
cancel
camera_alt

രന്യ റാവു

കഴിഞ്ഞ വർഷം ബംഗളൂരു വിമാനത്താവളത്തിൽ 14.2 കിലോ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായി രാജ്യവ്യാപകമായി ചർച്ചയായ കന്നഡ നടി രന്യ റാവു വീണ്ടും വിവാദത്തിൽ. ഇത്തവണ ക്ഷേത്രദർശനത്തിനിടെ ലഭിച്ച വിഐപി പരിഗണനയാണ് നടിയെ വാർത്തകളിൽ നിറച്ചത്. കർണാടകയിലെ പ്രസിദ്ധമായ ഹാസനാംബ ക്ഷേത്രത്തിൽ ഒക്ടോബർ 31നാണ് രന്യ റാവു കുടുംബസമേതം ദർശനം നടത്തിയത്.

വർഷത്തിൽ ഏതാനും ദിവസം മാത്രം തുറക്കുന്ന ക്ഷേത്രത്തിൽ ദർശനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് സാധാരണക്കാർ ദേവിയെ ദർശിക്കുന്നത്. എന്നാൽ വിരമിച്ച ഡിജിപി കെ. രാമചന്ദ്ര റാവുവായ രണ്ടാനച്ഛനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പ്രോട്ടോക്കോൾ വാഹനത്തിൽ നേരിട്ടെത്തി രന്യ പ്രത്യേക ദർശനം നടത്തിയെന്നാണ് ആരോപണം.

രണ്ടാനച്ഛന് അനുവദിച്ചിട്ടുള്ള സർക്കാർ പ്രോട്ടോക്കോൾ വാഹനത്തിലാണ് നടി ക്ഷേത്ര പരിസരത്ത് വരെ എത്തിയത്. ഹാസനാംബ ദേവിക്ക് മുന്നിൽ പ്രത്യേക പൂജകളും നടി നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്. സ്വർണക്കടത്ത് കേസിൽ പ്രതിയായ ഒരാൾക്ക് എങ്ങനെ സർക്കാർ സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന ചോദ്യമാണ് പൊതുജനങ്ങൾ ഉയർത്തുന്നത്. സംഭവം പിന്നീട് രാഷ്ട്രീയ പോരായി മാറി. ബിജെപി എംഎൽസി സി.ടി രവി കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

‘സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടിൽ രന്യ റാവു ഒരു വിഐപി ആയിരിക്കാം. കോൺഗ്രസ് സർക്കാർ അവരെ വിഐപി ആയി പരിഗണിച്ചിരിക്കാം. സ്വർണക്കടത്ത് കേസിൽ പിടിയിലായ ഒരാൾക്ക് പ്രോട്ടോക്കോൾ നൽകുന്നത് എന്ത് സന്ദേശമാണ് നൽകുന്നത്?" എന്നാണ് സി.ടി രവി പ്രതികരിച്ചത്. 2025 മാർച്ചിലാണ് രന്യ റാവു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായത്. ദുബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് എത്തിയ നടിയെ 14.2 കിലോ സ്വർണവുമായാണ് ഡിആർഐ ഉദ്യോഗസ്ഥർ ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയത്.

ഇതിൽ കുറച്ച് സ്വർണം ശരീരത്തിൽ ധരിച്ച നിലയിലും ബാക്കി വസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിലുമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിൽ രന്യ വൻ സ്വർണക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് കണ്ടെത്തി. ദുബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ കിലോക്ക് 4 മുതൽ 5 ലക്ഷം രൂപ വരെ കമ്മീഷൻ വാങ്ങിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

ഇവർ നിരവധി തവണ ദുബൈ യാത്ര നടത്തിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 102 കോടി രൂപയുടെ സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രത്തിലും രന്യയുടെ പേരുണ്ട്. ഒരു വർഷത്തിനിടെ 127 കിലോയിലധികം സ്വർണം ഇന്ത്യയിലേക്ക് കടത്തി ആഭ്യന്തര വിപണിയിൽ ഹാൻഡ്ലർമാർ വഴിയും ജ്വല്ലറികൾ വഴിയും വിറ്റഴിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.

കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 102 കോടി രൂപ പിഴയും നടിക്ക് ചുമത്തിയിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും വിഐപി പരിഗണനയിൽ ക്ഷേത്രദർശനം നടത്തിയതോടെ നടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold Smuggling Actress Faces Fresh Controversy
Next Story