‘ബെത്‌ലഹേം ഷൂട്ടിനിടെ ഭയങ്കര ടെൻഷൻ തോന്നി, പാനിക് അറ്റാക്ക് ഉണ്ടായെന്ന്’ സംവിധായകൻ ഗിരീഷ് എ.ഡി
text_fieldsഗിരീഷ് എ ഡി
മലയാള സിനിമയിൽ നൂറ് ശതമാനം വിജയം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകരിൽ മുൻനിരയിലാണ് ഗിരീഷ് എഡി. സംവിധാനം ചെയ്ത 5 സിനിമകളിൽ 4 എണ്ണവും സൂപ്പർഹിറ്റാക്കാൻ കഴിഞ്ഞ അപൂർവ്വം സംവിധായകനാണ് ഗിരീഷ് എന്ന് പ്രേക്ഷകർ ഒരുപോലെ പറയുന്നു.
'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആണ് ഇപ്പോൾ മലയാള സിനിമയിലെ ചരിത്രം തിരുത്തിയിരിക്കുന്നത്. 'പ്രേമലു' 100 കോടി ക്ലബിൽ കയറിയപ്പോൾ, 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഇതോടെ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോർഡ് 'ബെത്‌ലഹേം കുടുംബ യൂണിറ്റിന്' സ്വന്തമായി.
കണക്കുകൾ കൊണ്ട് ഇത്രയും വലിയ വിജയം നേടിയെങ്കിലും, സിനിമയുടെ സെറ്റിൽ താൻ ഒരിക്കലും റിലാക്സ് ആയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ഗിരീഷ് എ.ഡി. സെറ്റിൽ താൻ എപ്പോഴും ടെൻഷനിലായിരിക്കുമെന്ന് ഗിരീഷ് പറയുന്നു. താൻ ഒരു ഓവർ തിങ്കിങ്ങ് ഉള്ള ആളാണെന്നും, എപ്പോഴും പ്രശ്നങ്ങൾ മാത്രമേ കാണാറുള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.
‘ഷൂട്ടിങ് ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻ തന്നെ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇന്ന് ഈ സീൻ എടുക്കണം, ഇത് എങ്ങനെ എടുക്കും എന്ന ചിന്തയായിരിക്കും മനസ്സ് മുഴുവൻ. ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ. പക്ഷേ സെറ്റിൽ എത്തി ഷൂട്ട് ഫ്ലോ ആയി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. തുടക്കത്തിലാണ് ബുദ്ധിമുട്ട് മുഴുവൻ’ ഗിരീഷ് എഡി പറയുന്നു.
പ്രത്യേകിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്റെ സെറ്റിൽ താൻ അതിരുകടന്ന ടെൻഷനിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ റീയൂണിയൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. രണ്ട് ലൊക്കേഷനിലായിട്ടാണ് ആ രംഗം എടുത്തത്. പുറത്തുള്ള സീനുകൾ കൊരട്ടിയിലും, ഇൻഡോറിലെ രംഗങ്ങൾ കറുകുറ്റിയിലുമായിരുന്നു ചിത്രീകരിച്ചത്.
‘കറുകുറ്റിയിലെ ഷൂട്ടിനിടെ എനിക്ക് ഭയങ്കര ടെൻഷൻ തോന്നി. കാരണം എന്താണെന്ന് പോലും അറിയില്ല. പെട്ടെന്ന് ഞാൻ പാനിക് ആയി പോയി. വലിയ സീൻ ഒന്നുമല്ലായിരുന്നു, എന്നിട്ടും എന്തോ പോലെ തോന്നി. പാനിക് അറ്റാക്ക് പോലെയായി. അത് മറ്റാർക്കും മനസ്സിലായില്ല. ഞാൻ എങ്ങനെയൊക്കെയോ അത് ഡീൽ ചെയ്തു," ഗിരീഷ് കൂട്ടിച്ചേർത്തു.
അതേസമയം, ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. 300 കോടി കടന്ന് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 150 കോടി നേടുന്ന ആദ്യ മലയാള ചിത്രം എന്ന പുതിയ റെക്കോർഡും ഈ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

