'ഞാൻ എഴുതുന്നത് ഒന്ന്, ചിത്രീകരിച്ചത് മറ്റൊന്ന്'; ടോക്സിക് സിനിമയെക്കുറിച്ചുള്ള ഗീതു മോഹൻദാസിന്റെ പഴയ വിഡിയോ വീണ്ടും ചർച്ചയാകുന്നു
text_fieldsകന്നഡ താരം യാഷും സംവിധായിക ഗീതു മോഹൻദാസും ഒന്നിച്ച ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് തിയറ്ററുകളിൽ വലിയ പ്രതീക്ഷകളോടെയാണ് എത്തിയതെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ കഥയെയും അവതരണ ശൈലിയെയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് സംവിധായിക ഗീതു മോഹൻദാസ് മുൻപ് തന്റെ സിനിമകളുടെ നിർമാണരീതിയെക്കുറിച്ച് സംസാരിച്ച ഒരു പഴയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
2021-ൽ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് ഗീതു തന്റെ സിനിമകളുടെ ചിത്രീകരണ രീതികളെക്കുറിച്ച് തുറന്നുപറഞ്ഞത്. താൻ എഴുതുന്ന രീതി പലപ്പോഴും വ്യത്യസ്തമായിരിക്കുമെന്നും സ്ക്രിപ്റ്റിൽ പറയുന്നതിൽ നിന്നും മാറിയാണ് പലപ്പോഴും ചിത്രീകരണം നടക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. "ഞാൻ എന്തെങ്കിലും എഴുതുന്നു, മറ്റെന്തോ ചിത്രീകരിക്കുന്നു, പിന്നീട് എഡിറ്റ് ചെയ്യുമ്പോൾ വേറൊരു രൂപത്തിലാകുന്നു. അപ്പോഴാണ് എനിക്ക് സന്തോഷം ലഭിക്കുന്നത്. ഞാൻ ഒരിക്കലും സ്ക്രിപ്റ്റ് അതേപടി പിന്തുടരാറില്ല," എന്നാണ് അന്ന് ഗീതു പറഞ്ഞിരുന്നത്.
പ്രതീക്ഷയോടെ തീയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് ആരാധകരും സോഷ്യൽ മീഡിയയും ഈ പഴയ വിഡിയോ വീണ്ടും ചർച്ചയാക്കുന്നത്. സംവിധായികയുടെ ഈ അവിശ്വസനീയമായ വർക്കിങ് സ്റ്റൈൽ ചിത്രത്തിന്റെ വ്യക്തതയെ ബാധിച്ചോ എന്നും അതുകൊണ്ടാണോ ചില ഭാഗങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തിയതെന്നും ചോദ്യമുയർത്തുന്നവരുണ്ട്. അതേസമയം സിനിമയുടെ ചിത്രീകരണത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങളും തിരുത്തലുകളും സാധാരണമാണെന്നും എല്ലാ സംവിധായകരും ഒരേപോലെ സ്ക്രിപ്റ്റ് പിന്തുടരണമെന്നില്ലെന്നും പറഞ്ഞ് ഗീതുവിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
സിനിമയെക്കുറിച്ചുള്ള അനുകൂലവും പ്രതികൂലവുമായ ചർച്ചകൾ സജീവമായി നിൽക്കുമ്പോഴും ബോക്സ് ഓഫീസിൽ മികച്ച കലക്ഷൻ നേടിക്കൊണ്ട് മുന്നേറുകയാണ് ഈ ഗ്യാങ്സ്റ്റർ ഡ്രാമ. യാഷിനൊപ്പം കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ തുടങ്ങിയ പ്രമുഖ താരനിര അണിനിരന്ന ചിത്രം വലിയ രീതിയിലുള്ള ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

