'വർഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം, എന്തൊരു യാത്രയാണിത്...'; ഷാറൂഖിന് ആശംസകളുമായി ഗൗരി ഖാൻ
text_fields33 വർഷത്തെ തന്‍റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നാഷനൽ അവാർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് ബോളിവുഡിന്‍റെ സ്വന്തം കിങ് ഖാൻ. 2023ലെ ഹിറ്റ് ചിത്രം ജവാനിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഷാറൂഖിന് ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന 71ാമത് ദേശീയ അവാർഡ് ചടങ്ങിൽ ഷാരൂഖ് ഖാൻ പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങുന്നതിന്‍റെയും ചടങ്ങിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. ആഗസ്റ്റിലാണ് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ശേഷം, തന്റെ ആരാധകർക്കും, ടീമിനും, കുടുംബത്തിനും, സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്ന വൈകാരിക വിഡിയോ ഷാറൂഖ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ, ഷാറൂഖിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് ജീവിത പങ്കാളി ഗൗരി ഖാൻ. 'എന്തൊരു യാത്രയായിരുന്നു ഷാരൂഖ് ഖാൻ. ദേശീയ അവാർഡ് നേടിയതിന് അഭിനന്ദനങ്ങൾ!!! അത് നിങ്ങൾ അർഹിക്കുന്നു... നിങ്ങളുടെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണിത്. ഇപ്പോൾ ഞാൻ ഈ അവാർഡിനായി ഒരു പ്രത്യേക മേലങ്കി ഡിസൈൻ ചെയ്യുകയാണ്' -ഗൗരി സമൂഹമാധ്യമക്കുറിപ്പിൽ പറഞ്ഞു.
ആഗോള ബോക്സ് ഓഫിസിൽ 1,100 കോടി രൂപയിലധികം കലക്ഷൻ നേടിയ ആറ്റ്‌ലിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ജവാൻ. നടൻ വിക്രാന്ത് മാസിയോടൊപ്പമാണ് ഷാറൂഖ് ബഹുമതി പങ്കിട്ടത്. ‘ട്വൽത്ത് ഫെയ്ൽ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാസിക്ക് പുരസ്കാരം.‘ജവാനി’ൽ ഷാരൂഖ് ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

