ഇന്ത്യയെ ആഗോള വേദിയിലേക്ക് കൊണ്ടുവന്ന വ്യക്തി; വന്ദേമാതരത്തിന്‍റെ ഏറ്റവും പ്രശസ്തമായ പതിപ്പിന് സംഗീതം നൽകിയത് അദ്ദേഹമാണ് - എ.ആർ. റഹ്മാനെ പിന്തുണച്ച് മീര ചോപ്ര
text_fieldsകഴിഞ്ഞ എട്ട് വർഷമായി ഹിന്ദി സിനിമയിൽ നിന്ന് തനിക്ക് ലഭിക്കുന്ന ഓഫറുകളുടെ എണ്ണം കുറഞ്ഞു എന്ന എ.ആർ. റഹ്മാന്റെ പ്രസ്താവന ഇന്ത്യൻ സിനിമ വ്യവസായത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. വിഷയത്തിൽ പല പ്രമുഖരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പലരും അദ്ദേഹത്തെ വിമർശിച്ചു. ചിലർ താരത്തെ വിമർശിച്ചില്ലെങ്കിലും പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി. ഇപ്പോഴിതാ, നടിയും നിർമാതാവുമായ മീര ചോപ്ര റഹ്മാനെ പിന്തുണച്ച് എത്തിയിരിക്കുകയാണ്.
വിജയ് സേതുപതി, അദിതി റാവു ഹൈദാരി, അരവിന്ദ് സ്വാമി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഗാന്ധി ടോക്‌സ് എന്ന ചിത്രം നിർമിച്ചത് മീരയാണ്. ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിച്ചത് എ.ആർ റഹ്മാനാണ്. 'ലോകം മുഴുവൻ അംഗീകരിക്കുന്ന രീതിയിൽ ഇന്ത്യയെ ആഗോള വേദിയിലേക്ക് കൊണ്ടുവന്ന രണ്ട് ഇന്ത്യക്കാർ മാത്രമാണ് - പ്രിയങ്ക ചോപ്രയും എ.ആർ. റഹ്മാനും. അദ്ദേഹം ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു കാര്യത്തിന് അദ്ദേഹത്തെ പരിഹസിക്കുന്നത് തെറ്റുമാത്രമല്ല, അപമാനകരവുമാണ്. ഇതിഹാസത്തെ ബഹുമാനിക്കുക. ഐക്കണിക്ക് വന്ദേമാതരത്തിന് സംഗീതം നൽകിയത് അദ്ദേഹമാണ്' -മീര എഴുതി.
(1997ൽ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിനായി എ.ആർ. റഹ്മാൻ വന്ദേമാതരം എന്ന സംഗീത ആൽബം പുറത്തിറക്കിയിരുന്നു. ബങ്കിംചന്ദ്ര ചാറ്റർജിയുടെ ഗാനത്തെ ആധാരമാക്കി ആധുനിക സംഗീതശൈലിയിൽ പുനരാവിഷ്കരിച്ച രൂപമാണ് റഹ്മാൻ പുറത്തിറക്കിയത്. വന്ദേമാതരത്തിന് ആദ്യമായി സംഗീതം നൽകിയത് എ.ആർ. റഹ്മാൻ അല്ല. എന്നാൽ വന്ദേമാതരത്തിന്‍റെ നിലവിലെ ഏറ്റവും പ്രശസ്തമായ ആധുനിക പതിപ്പ് റഹ്മാന്‍റേതാണ്)
ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് അടുത്ത കാലത്തായി ഹിന്ദി സിനിമയിൽ നിന്നുള്ള ഓഫറുകളുടെ എണ്ണം കുറഞ്ഞുവെന്നും ഇതിന് ഒരു വർഗീയ കാരണങ്ങൾ ഉണ്ടാകാമെന്നും റഹ്മാൻ പറഞ്ഞത്. വിക്കി കൗശൽ നായകനായ ഛാവ എന്ന സിനിമയിൽ സംഗീതസംവിധായകൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നെങ്കിലും, അത് ഒരു ഭിന്നിപ്പിക്കുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് സത്യവും സിനിമാറ്റിക് കൃത്രിമത്വവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുമെന്ന് റഹ്മാൻ അഭിപ്രായപ്പെട്ടു
ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും റഹ്മാന്‍റെ പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഐ.എ.എൻ.എസുമായുള്ള ഒരു സംഭാഷണത്തിൽ റഹ്മാന്റെ അവസരങ്ങൾ കുറയുന്നത് സാമുദായിക ഘടകം കൊണ്ടല്ലെന്ന് ജാവേദ് അക്തർ പറഞ്ഞു. 'അന്താരാഷ്ട്ര തലത്തിൽ രഹ്മാൻ തിരക്കിലാണെന്ന് നിർമാതാക്കൾ കരുതുന്നുണ്ടാകാം. അല്ലെങ്കിൽ റഹ്മാന് ഇത്രയും വലിയ വ്യക്തിത്വമുള്ളതിനാൽ, ചെറിയ നിർമാതാക്കൾ അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെടാം. എന്നാൽ ഇതിൽ ഒരു സാമുദായിക ഘടകം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല' -എന്നായിരുന്നു ജാവേദ് അക്തർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

