90 കോടി കടത്തിൽ നിന്നും 4,000 കോടിയുടെ സമ്പത്തിലേക്ക്: അമിതാഭ് ബച്ചന്‍റെ തിരിച്ചുവരവിന് പിന്നിൽ...
text_fieldsസിനിമയിലെ തിളക്കം എന്നും ഒരേപോലെ നിലനിർത്തുക എന്നത് ഏതൊരു താരത്തിനും വലിയൊരു വെല്ലുവിളിയാണ്. എന്നാൽ ഇന്ത്യൻ സിനിമയിൽ ആ അപൂർവ്വ നേട്ടം ഒന്നിലേറെ തവണ സ്വന്തമാക്കിയ വ്യക്തിയാണ് അമിതാഭ് ബച്ചൻ. എഴുപതുകളിൽ ബോളിവുഡിന്റെ സുപ്പർസ്റ്റാറായി വളർന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലും ബിസിനസിലും കൈവെച്ചെങ്കിലും 1990-കളുടെ അവസാനത്തോടെ വലിയൊരു സാമ്പത്തിക തകർച്ചയെ നേരിടേണ്ടി വന്നു.
1995-ൽ അദ്ദേഹം ആരംഭിച്ച 'അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ്' എന്ന നിർമാണ കമ്പനിയാണ് തിരിച്ചടികൾക്ക് കാരണമായത്. സിനിമ നിർമാണവും 1996-ൽ ബംഗളൂരുവിൽ സംഘടിപ്പിച്ച ലോകസുന്ദരി മത്സരവും വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഇതോടെ 90 കോടി രൂപയുടെ കടബാധ്യതയിലായ അമിതാഭ് ബച്ചൻ 1999-ൽ സാമ്പത്തിക പിരിമുറുക്കത്തിലായി. വീടും സ്വത്തുക്കളും കണ്ടുകെട്ടുന്ന അവസ്ഥയിലെത്തുകയും 55-ഓളം നിയമ കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. ദിവസവും കടക്കാർ വീട്ടുപടിക്കൽ എത്തി അപമാനിക്കുന്ന അവസ്ഥയുമുണ്ടായി.
ആ സമയത്ത് പ്രമുഖ വ്യവസായി ധിരുഭായ് അംബാനി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെങ്കിലും സ്വന്തം അധ്വാനത്തിലൂടെ കടം വീട്ടി തിരിച്ചുവരാനായിരുന്നു ബിഗ് ബിയുടെ തീരുമാനം. കുടുംബം പുലർത്താൻ ജീവനക്കാരിൽ നിന്ന് പോലും പണം കടം വാങ്ങേണ്ടി വന്ന ആ ഘട്ടത്തിൽ മകൻ അഭിഷേക് ബച്ചൻ അമേരിക്കയിലെ പഠനം ഉപേക്ഷിച്ച് അച്ഛന് തണലാകാൻ നാട്ടിലേക്ക് മടങ്ങിയെത്തി.
ഒടുവിൽ തനിക്ക് ഏറ്റവും നന്നായി അറിയാവുന്ന അഭിനയത്തിലേക്ക് തന്നെ തിരികെ പോകാൻ അമിതാഭ് തീരുമാനിച്ചു. സംവിധായകൻ യാഷ് ചോപ്രയെ നേരിട്ട് കണ്ട് ജോലി അഭ്യർത്ഥിച്ച അദ്ദേഹം അങ്ങനെയാണ് 'മോഹബ്ബത്തേൻ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനൊപ്പം 2000-ൽ ആരംഭിച്ച 'കൗൻ ബനേഗ ക്രോർപതി' എന്ന ടെലിവിഷൻ റിയാലിറ്റി ഷോ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി. അടുത്ത മൂന്ന് വർഷത്തോളം പ്രതിദിനം 18 മണിക്കൂർ വീതം ഇടവേളകളില്ലാതെ അധ്വാനിച്ചാണ് അദ്ദേഹം തന്റെ മുഴുവൻ കടങ്ങളും വീട്ടിയത്. കണ്ടുകെട്ടിയ പഴയ വീട് തിരികെ വാങ്ങാൻ മാത്രമല്ല അതേ നഗരത്തിൽ മറ്റ് വീടുകൾ സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഇന്ന് 25 വർഷങ്ങൾക്കിപ്പുറം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം ബച്ചൻ കുടുംബത്തിന്റെ ആകെ ആസ്തി 4,000 കോടി രൂപയാണ്. തകർച്ചകളിൽ തളരാതെ കഠിനാധ്വാനം ചെയ്താൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കാം എന്ന് തെളിയിക്കുന്നതാണ് അമിതാഭ് ബച്ചന്റെ ഈ ജീവിതയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

