Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഫോര്‍ട്ട്‌കൊച്ചി...

ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവല്‍: ആഘോഷത്തിന് വൻ സുരക്ഷ

text_fields
bookmark_border
ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവല്‍: ആഘോഷത്തിന് വൻ സുരക്ഷ
cancel

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവലില്‍ വന്‍ സുരക്ഷ ഒരുക്കും. പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുന്നതെന്ന് മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, കെ.ജെ മാക്‌സി എം.എല്‍.എ, ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ കെ.മീര, ഡെപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോള്‍, മട്ടാഞ്ചേരി അസി. പൊലീസ് കമീഷണര്‍ കെ.ആര്‍ മനോജ് എന്നിവര്‍ അറിയിച്ചു.

ഫോര്‍ട്ട്‌കൊച്ചി കൂടാതെ പള്ളുരുത്തി കാര്‍ണിവല്‍, എറണാകുളത്തപ്പന്‍ ഗ്രൗണ്ട് എന്നിവടങ്ങളില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിസംബര്‍ 31 ന് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചുണ്ടെന്നും മേയര്‍ പറഞ്ഞു. എല്ലാവരും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് മാത്രം പോകാതെ കൊച്ചി നഗരത്തിലെ മറ്റ് പരിപാടികളിലും ആസ്വദിക്കണം. മറൈന്‍ഡ്രൈവില്‍ പുഷ്പമേള, കലൂരില്‍ ദേശീയ സരസ് മേള എന്നിവയും തുടരുകയാണ്. ഇവിടെയും വിവിധ കലാപരിപാടികളാല്‍ സമ്പന്നമാണ്.

ഡിസംബര്‍ 31ന് രാത്രി പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട് വിവിധ സെഗ്‌മെന്റുകളായി തിരിച്ചാകും ആളുകളെ കടത്തിവിടുക. ഓരോ സെഗ്‌മെന്റിലും നിയന്ത്രിത ആളുകളെ മാത്രമാകും കടത്തിവിടുക. പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികള്‍ തുടരും. പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും.

ആയിരത്തോളം പൊലീസുകാരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കും. വനികളുടെ സുരക്ഷയ്ക്കായി മഫ്തിയിലും പൊലീസ് ഉണ്ടാകും. നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കും. ആവശ്യമായ ബയോ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം സജ്ജമാക്കും. ബസ് സര്‍വീസിനായി കൊച്ചിന്‍ കോളജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും.

ഗതാഗത നിയന്ത്രണങ്ങള്‍

ഡിസംബര്‍ 31 ന് വൈകീട്ട് 4 വരെ മാത്രമെ വൈപ്പിനില്‍ നിന്നും റോ-റോ ജങ്കാര്‍ വഴി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുകയുളളു. വൈകീട്ട് ഏഴ് വരെ വൈപ്പിനില്‍ നിന്നും ജങ്കാര്‍ വഴി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് പൊതുജനങ്ങളെ മാത്രം കടത്തി വിടും.

വൈകീട്ട് ഏഴിന് ശേഷം റോ-റോ ജങ്കാര്‍ സര്‍വ്വീസും ബോട്ട് സര്‍വീസും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഉണ്ടാകില്ല. അതേസമയം വൈപ്പിന്‍ ഭാഗത്തേക്ക് സര്‍വീസ് ഉണ്ടാകും. രാത്രി 12 ന് ശേഷം സര്‍വീസ് ഇരുഭാഗത്തേക്കും ഉണ്ടാകും. ഫോര്‍ട്ട്‌കൊച്ചിയില്‍ ജനത്തിരക്ക് കൂടിയാല്‍ വൈകീട്ട് നാലിന് മുന്‍പ് തന്നെ സ്വിഫ്റ്റ് ജംഗ്ഷന്‍, തോപ്പുംപടി ബി.ഒ.ടി പാലം, കണ്ണങ്ങാട്ട്, ഇടക്കൊച്ചി, കുമ്പളങ്ങി-പഴങ്ങാട്, കണ്ടക്കടവ് എന്നിവടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം ക്രമപ്പെടുത്തും.

ഫോര്‍ട്ട്‌കൊച്ചിയിലേക്കെത്തുന്ന എറണാകുളം, ഇടക്കൊച്ചി, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സ്വകാര്യ/കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍, ഫോര്‍ട്ട്‌കൊച്ചിയില്‍ തിരക്ക് ആകുന്നതുവരെ ബി.ഒ.ടി തോപ്പുംപടി -കഴുത്തുമുട്ട് - പറവാന- പള്ളത്തുരാമന്‍- വെളി വഴി ഫോര്‍ട്ട്‌കൊച്ചി ബസ് സ്റ്റാന്റില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ കുന്നുംപുറം-അമരാവതി വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് സര്‍വ്വീസ് നടത്തണം.

ഫോര്‍ട്ട്‌കൊച്ചിയില്‍ തിരക്കായി കഴിഞ്ഞാല്‍ സ്വകാര്യ/ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൊച്ചിന്‍ കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന താത്ക്കാലിക ബസ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും മടങ്ങി പോകുന്നവര്‍ക്ക് കൊച്ചിന്‍ കോളേജ് ഗ്രൗണ്ടിലെത്തി അവിടെ നിന്നും ബസ്സില്‍ തിരികെ തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് പോകാം.

കൊച്ചിന്‍ കോളേജ് ഗ്രൗണ്ടില്‍ യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ അവിടെ നിന്നും പാണ്ടിക്കുടി-സ്റ്റാച്യു ജംഗ്ഷന്‍-കുമാര്‍ പമ്പ് ജംഗ്ഷന്‍-പരിപ്പ് ജംഗ്ഷന്‍ വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേയ്ക്ക് തിരിച്ച് സര്‍വ്വീസ് നടത്തണം. രാത്രി 12 ന് ശേഷം ബസ് സര്‍വീസ് കൊച്ചിന്‍ കോളജ് ഗ്രൗണ്ട് ഭാഗത്ത് നിന്നും നഗരത്തിലേക്ക് ഉണ്ടാകും.

ഡിസംബര്‍ 31ന് വാഹനങ്ങള്‍ തടയുന്ന ഭാഗങ്ങള്‍

ബി.ഒ.ടി, സ്വിഫ്റ്റ് ജംഗ്ഷന്‍, ബി.ഒ.ടി വെസ്റ്റ് ജംഗ്ഷന്‍ (കോടതിക്ക് സമീപം), ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം കിഴക്ക് ഭാഗം, പഷ്ണിത്തോട് പാലം, കുമ്പളങ്ങി പഴങ്ങാട് ജംഗ്ഷന്‍, കണ്ടക്കടവ്, പപ്പങ്ങാമുക്ക്, ജൂബിലി ജംഗ്ഷന്‍, മാന്ത്ര പാലം, പള്ളത്തുരാമന്‍ ജംഗ്ഷന്‍, വെളി വെസ്റ്റ് ദ്രോണാചാര്യ റോഡ്, വെളി വെസ്റ്റ് കെ.ബി ജേക്കബ് റോഡ്.

വാഹന പാര്‍ക്കിങ്

ഫോര്‍ട്ട്‌കൊച്ചി നിവാസികളുടെ റോഡ് സൈഡുകളില്‍ പാര്‍ക്ക് ചെയ്തുവരുന്ന വാഹനങ്ങള്‍ ഫോര്‍ട്ട്‌കൊച്ചി സെന്റ്: പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലും, ഫോര്‍ട്ട്‌കൊച്ചി ഡെല്‍റ്റാ സ്‌കൂള്‍ ഗ്രൗണ്ടിലും (സൗത്ത് ഗേറ്റ്) പാര്‍ക്ക് ചെയ്യണം. കൂടാതെ ഫോര്‍ട്ട്‌കൊച്ചിയില്‍ ആഘോഷ ദിവസങ്ങളില്‍ എത്തി ഹോട്ടലുകളിലും ഹോം സ്റ്റേകളിലും മറ്റും താമസിക്കുന്നവരുടെ വാഹനങ്ങള്‍ റോഡ് സൈഡുകളിലും മറ്റും പാര്‍ക്ക് ചെയ്യാതെ പാര്‍ക്കിങ് ഗ്രൗണ്ടുകളിലേക്കും മറ്റും മാറ്റി ഇടണം.

ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങൾ -ആസ്പിന്‍വാള്‍ കമ്പ്രാള്‍ ഗ്രൗണ്ട്, ആസ്പിന്‍വാള്‍ ഗ്രൗണ്ട്, സെന്റ്‌പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റാ സ്‌കൂള്‍ ഗ്രൗണ്ട്, ഓഷ്യാനസ് ഈസ്റ്റ് സൈഡ് ഗ്രൗണ്ട്,ബിഷപ്പ് ഹൗസ്ഫ്രണ്ട്, ദ്രോണാചാര്യ മെയിന്‍ ഗേറ്റ് ടു നോര്‍ത്ത് സൈഡ്, ദ്രോണാചാര്യ മെയിന്‍ ഗേറ്റ് ടു സൗത്ത് സൈഡ് ഓടത്ത വരെ വെളി സ്‌കൂള്‍ ഗ്രൗണ്ട്, പള്ളത്തുരാമന്‍ ഗ്രൗണ്ട്, കേമ്പിരി ജംഗ്ഷന് തെക്കോട്ട്(കോണ്‍വെന്റ് റോഡ്) റോഡിന് കിഴക്ക് വശം.

കേമ്പിരി ജംഗ്ഷന് വടക്കോട്ട്(അജന്ത റോഡ്) റോഡിന് കിഴക്ക് വശം, കൂവപ്പാടം മുതല്‍ പരിപ്പ് ജംഗ്ഷന്‍ വരെ റോഡിന് പടിഞ്ഞാറ് ഭാഗം, കൊച്ചിന്‍ കോളജ് ഗ്രൗണ്ട്, ടി.ഡി. സ്‌കൂള്‍ ഗ്രൗണ്ട്, ആസിയാ ഭായി സ്‌കൂള്‍ ഗ്രൗണ്ട്, പഴയന്നൂര്‍ ക്ഷേത്ര മൈതാനം, എംഎംഒവിഎച്ച്എസ് ഗ്രൗണ്ട്, കോര്‍പ്പറേഷന്‍ ഗ്രൗണ്ട്(കാനൂസ് തീയേറ്ററിന് സമീപം), ചിക്ക്കിങ്ങിന് എതിര്‍വശമുള്ള ഗ്രൗണ്ട്, സൗത്ത് മൂലംക്കുഴി സിസി ഗ്രൂപ്പിന്റെ കൈ വശമുള്ള ഗ്രൗണ്ട്, തോപ്പുംപടി ജംഗ്ഷനിലെ ഒഴിഞ്ഞസ്ഥലം, തോപ്പുംപടി കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഗ്രൗണ്ട്.

ബി.ഒ.ടി പാലത്തിന് കിഴക്ക് ഭാഗത്തെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ടെസ്റ്റിങ്ങ് ഗ്രൗണ്ട്, കോസ്റ്റ് ഗാര്‍ഡിന്റെ സ്ഥലം എന്നിവയും പാര്‍ക്കിങ്ങിനായി ഉപയോഗിക്കാം. വില്ലിംഗ്ടണ്‍ ഐലന്‍ഡ് പാര്‍ക്കിങ്ങിനായി ഉപയോഗിക്കാം.ഫോര്‍ട്ട്‌കൊച്ചിയിലെ പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ നിറയുന്നത് അനുസരിച്ച് ഫോര്‍ട്ട്‌കൊച്ചി വെളിയിലുള്ള ബ്ലോക്കിങ്ങ് പോയിന്റുകളില്‍ നിന്നും വാഹനങ്ങള്‍ മട്ടാഞ്ചേരി, തോപ്പുംപടി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലെ ഗ്രൗണ്ടുകളിലേക്ക് വഴിതിരിച്ചു വിടും. ഇപ്രകാരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ബസുകളില്‍ കയറി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് പോകാം.

ഫോര്‍ട്ട്‌കൊച്ചി ഭാഗത്ത് ആളുകള്‍ കൂടിയാല്‍, വാഹനങ്ങള്‍ ബി.ഒ.ടി ഈസ്റ്റ്ജംഗ്ഷന്‍, സ്വിഫ്റ്റ് ജംഗ്ഷന്‍, ബി.ഒ.ടി വെസ്റ്റ് ജംഗ്ഷന്‍ (കോടതിയ്ക്ക്‌സമീപം), ഇടക്കൊച്ചി പാലം, കണ്ണങ്ങാട്ട്പാലം കിഴക്ക്ഭാഗം, പഷ്ണിത്തോട്പാലം, കുമ്പളങ്ങി പഴങ്ങാട് ജംഗ്ഷന്‍, കണ്ടക്കടവ്, പപ്പങ്ങാമുക്ക്, ജൂബിലി ജംഗ്ഷന്‍, മാന്ത്രപാലം, പള്ളത്തു രാമന്‍ ജംഗ്ഷന്‍, വെളി വെസ്റ്റ് ദ്രോണാചാര്യ റോഡ്, വെളി വെസ്റ്റ്‌കെ ബി ജേക്കബ്ബ് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചു വിടുന്നതായിരിക്കും. രാത്രി 12 ന് ശേഷം ആളുകള്‍ക്ക് തിരികെ പോകുന്നതിനായി സ്വകാര്യ/കെ എസ്ആര്‍ടിസി ബസ്സുകള്‍ പ്രത്യേ ക സര്‍വീസ് നടത്തും.

വാഹനങ്ങളുടെ പാര്‍ക്കിംഗ് ,എമര്‍ജന്‍സി റൂട്ട് സംബന്ധിച്ചു കൂടുതല്‍ അറിയിപ്പ്/അടയാള ബോര്‍ഡുകള്‍ പ്രധാന സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കും. റോഡ് സൈഡിലും മറ്റുമുള്ള അനധികൃത പാര്‍ക്കിങ്ങ് അനുവദിക്കില്ല.

കണ്‍ട്രോള്‍ റൂം


കാര്‍ണിവല്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു കണ്‍ട്രോള്‍ റൂം പോലീസ് വിഎച്ച്എഫ് കണ്‍ട്രോള്‍ യൂനിറ്റിനൊപ്പം പ്രവര്‍ത്തിക്കും.

ജനത്തിരക്ക് നിയന്ത്രിക്കും

ഫോര്‍ട്ട്‌കൊച്ചിയിലും പരിസരത്തും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി താഴെ പറയുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.പരേഡ് ഗ്രൗണ്ടിന്റെ ഉള്‍ഭാഗം ശക്തമായ രീതിയില്‍ ബാരിക്കേഡിങ്ങ് ചെയ്ത് നാല് സെഗ്മെന്റുകളായി ഓരോന്നിലേക്കും പ്രവേശിക്കുന്നതിനു പുറത്തു കടക്കുന്നതിനും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഓരോ സെഗ്മെന്റുകള്‍ക്കിടയിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

ഗ്രൗണ്ടിന്റെ അതിര്‍ത്തികളില്‍ പരമാവധി എക്‌സിറ്റുകള്‍ സ്ഥാപിച്ച് ബാക്കി ഭാഗത്തെ ഫെന്‍സിങ്ങ് ശക്തമാക്കും. എല്ലാ എക്‌സിറ്റ് പോയിന്റുകളിലും എല്‍ഇഡി എക്‌സിറ്റ് പോയിന്റുകള്‍ സ്ഥാപിക്കും. പരേഡ് ഗ്രൗണ്ടില്‍ 2 വാച്ച് ടവര്‍ സ്ഥാപിച്ച് ജനക്കൂട്ടത്തിന്റെ അവസ്ഥ നിരീക്ഷിക്കും. പപ്പാഞ്ഞി കത്തിക്കുന്നതിന് ചുറ്റും ശക്തമായ രീതിയിലുള്ള ഡബിള്‍ ലെയര്‍ ബാരിക്കേഡ് സ്ഥാപിക്കും.

ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ മുന്‍കരുതല്‍ നല്‍കുന്നതിനായി കമാലക്കടവ് സൗത്ത് ബീച്ച്, വെളി ഗ്രൗണ്ട്, വാസ്‌ക്കോ സ്‌ക്വയര്‍ എന്നിവടങ്ങളില്‍ പബ്ലിക്ക് അഡ്രസ്സ് സിസ്റ്റം സ്ഥാപിക്കും. വൈദ്യുതി പോകാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വൈദ്യുതി തടസപ്പെട്ടാല്‍ ഉടനടി ജനറേറ്റര്‍ / അസ്‌ക ലൈറ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലുള്ള സംവിധാനം സജ്ജീകരിക്കും.

ജനങ്ങള്‍ കൂടുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം മതിയായ സിസിടിവി കാമറകള്‍ സ്ഥാപിക്കും. പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക സ്ഥലം ബാരിക്കേഡ് ചെയ്ത് തിരിക്കും. തിക്കും തിരക്കും ഒഴിവാക്കുന്നതിനുമായി പരേഡ് ഗ്രൗണ്ടിന് പുറത്ത് ചുറ്റിലും ബാരിക്കേഡുകള്‍ സ്ഥാപിക്കും. കമാലക്കടവില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലുള്ള തിരിക്കിന്റെ സാഹചര്യം ഒഴിവാക്കുന്നതിന് ബാരിക്കേഡുകള്‍ സ്ഥാപിച്ച് സെഗ്മെന്റു്കളായി തിരിച്ച് ജനങ്ങളെ നിയന്ത്രിക്കും. പരേഡ് ഗ്രൗണ്ട്, വെളി ജംഗ്ഷന്‍, കമാലക്കടവ്, വാസ്‌ക്കോ സ്‌ക്വയര്‍, ബീച്ച് ഏരിയാ എന്നിവടങ്ങളില്‍ അസ്‌ക്കാ ലൈറ്റുകള്‍ സ്ഥാപിക്കും. 12 മണിക്ക് മുമ്പ് തന്നെ പുറത്തേയ്ക്കുള്ള യാത്ര സുഗമമാക്കുന്നതിന് എല്ലാ ബാരിക്കേഡുകളും മാറ്റി നിയന്ത്രണങ്ങള്‍ ഒഴിവാക്കും.

തിരക്കു കൂടിയാല്‍ ഫോര്‍ട്ട്‌കൊച്ചിക്ക് പുറത്ത് ഡെവേര്‍ഷന്‍ /ബ്ലോക്കിങ്ങ് പോയിന്റുകളായി മാര്‍ക്ക് ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കും. രാത്രി 12 മണിക്ക് തന്നെ പരേഡ് ഗ്രൗണ്ടിന് പരിസരത്തുള്ള ബാരിക്കേഡുകള്‍ മാറ്റി പുറത്തേക്കുള്ള യാത്ര സുഗമാക്കും. പ്രത്യേക പോലീസ് ഇവാക്കുവേഷന്‍ ടീമിനെ സജ്ജമാക്കും.


പൊതുനിര്‍ദേശങ്ങള്‍

ഉച്ചക്ക് രണ്ടു മുതല്‍ കാര്‍ണിവല്‍ അവസാനിക്കുന്നത് വരെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘങ്ങളുടെ സേവനം ഉറപ്പാക്കും.തിരക്ക് അനുഭവപ്പെടാന്‍ സാധ്യതതയുള്ള പരേഡ് ഗ്രൗണ്ടിന്റെ നാലു വശങ്ങളിലും, വെളി ഗ്രൗണ്ട്, വാസ്‌കോ സ്‌ക്വയര്‍, കമാലക്കടവ് എന്നിവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആംബുലന്‍സ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലും മുഴുവന്‍ സമയം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ഫിഷറീസ് വകുപ്പിന്റെ വാട്ടര്‍ ആംബുലന്‍സ് സേവനവും ഉണ്ടാകും.

പരേഡ് ഗ്രൗണ്ടിന്റെ സമീപ പ്രദേശത്തുള്ള ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗ്ഗിള്‍ കെട്ടിടത്തില്‍ താല്‍ക്കാലിക ആശുപത്രി സജ്ജീകരിക്കും. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി യുടെ സഹകരണത്തോടെയാണിത്.ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലും മറ്റുള്ള മെഡിക്കല്‍ സംഘങ്ങള്‍ക്കൊപ്പവും വിഎച്ച്എഫ് സെറ്റുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും.പരേഡ് ഗ്രൗണ്ടിലും കാര്‍ണിവല്‍ പ്രദേശങ്ങളിലും ആവശ്യമായ ഫയര്‍ ഫോഴ്‌സ് വാഹന സൗകര്യം, സ്‌ക്യുബാ ടീം, ബോട്ട് പെട്രോളിങ് എന്നിവ ഏര്‍പ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fort Kochi Carnival
News Summary - Fort Kochi Carnival: Heavy security for the celebration
Next Story