തെലുങ്കിലെ ആദ്യ പിന്നണി ഗായിക ബാലസരസ്വതി ദേവി അന്തരിച്ചു
text_fieldsഹൈദരാബാദ്: തെലുങ്ക്, തമിഴ് നടിയും പിന്നണി ഗായികയുമായ ആർ. ബാലസരസ്വതി ദേവി (97) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. തെലുങ്ക് ചലച്ചിത്രമേഖലയിലെ ആദ്യത്തെ പിന്നണി ഗായികയായിരുന്നു ബാലസരസ്വതി ദേവി. ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യകാല ഗായികയുമായിരുന്നു.
'സതി അനസൂയ’ എന്ന ചിത്രത്തിലൂടെയാണ് ബാലസരസ്വതി ദേവി ഗായികയായി അരങ്ങേറ്റം കുറിച്ചത്. തെലുങ്ക്, തമിഴ് ഭാഷകളിലായി രണ്ടായിരത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാലസരസ്വതി ദേവിയുടെ വിയോഗത്തിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും ദുഃഖം രേഖപ്പെടുത്തി. 'ദക്ഷിണേന്ത്യയിലെ ആദ്യത്തെ പിന്നണി ഗായിക, തെലുങ്ക് ചലച്ചിത്രമേഖലക്ക് ശാസ്ത്രീയ സംഗീതം പരിചയപ്പെടുത്തിയ ബാലസരസ്വതി ദേവിയുടെ മരണം ചലച്ചിത്രമേഖലക്ക് നികത്താനാവാത്ത നഷ്ടമാണ്'- എന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫിസ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.
ബാലസരസ്വതി ദേവിയുടെ മരണവാർത്ത തന്നെ ദുഃഖിപ്പിക്കുന്നതായി പവൻ കല്യാൺ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 'എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ച ബാലസരസ്വതി ദേവി ഒരു ഗായിക എന്ന നിലയിലും പ്രേക്ഷകർക്ക് പ്രിയങ്കരിയായി. ശാസ്ത്രീയ സംഗീതത്തിൽ അവർ ഒരു പ്രത്യേക സ്ഥാനം നേടി, ഓൾ ഇന്ത്യ റേഡിയോയിൽ നിരവധി ഗാനങ്ങൾ ആലപിച്ചു' -അദ്ദേഹം എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

