Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightടി.ജി; അഭിനയത്തിന്‍റെ...

ടി.ജി; അഭിനയത്തിന്‍റെ എൻജിനീയർ

text_fields
bookmark_border
ടി.ജി; അഭിനയത്തിന്‍റെ എൻജിനീയർ
cancel
അഭിനയ ജീവിതത്തിന് ഏഴ് പതിറ്റാണ്ടും സിനിമ ജീവിതത്തിന് അഞ്ച് പതിറ്റാണ്ടും പൂർത്തിയാകുമ്പോഴും വയസ്സ് 81ന്റെ മൂപ്പെത്തി നിൽക്കുമ്പോഴും ടി.ജി. രവീന്ദ്രനാഥൻ എന്ന ടി.ജി. രവി തിരക്കിലാണ്

നർത്തകൻ, നാടകങ്ങളിലെ സ്ത്രീ വേഷക്കാരൻ, വിദ്യാർഥി നേതാവ്, രാഷ്ട്രീയ പ്രവർത്തകൻ, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി, സംരംഭകൻ, റേഡിയോ കലാകാരൻ, നിർമാതാവ്, നടൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ്, കർഷകൻ... ടി.ജി. രവി അണിഞ്ഞ വേഷങ്ങൾ നിരവധിയാണ്. ലോവർ പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ അണിഞ്ഞ നർത്തകന്‍റെ വേഷം മുതൽ സിനിമ നായകൻ വരെയും എൻജിനീയറിങ് വിദ്യാർഥി മുതൽ സംരംഭകൻ വരെയും വിദ്യാർഥി നേതാവ് മുതൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വരെയും ഈ ജീവിതം പടർന്നുകിടക്കുന്നു. ഇത്രയും വ്യത്യസ്ത വേഷങ്ങൾ ജീവിതത്തിൽ അണിഞ്ഞപ്പോഴും സമ്പൂർണ ഗൃഹനാഥൻ എന്നതാണ് ടി.ജി. രവിയെ അടുത്തറിയുന്നവർക്ക് കൂടുതൽ പ്രിയപ്പെട്ടവനാക്കുന്നത്. അഭിനയ ജീവിതത്തിന് ഏഴ് പതിറ്റാണ്ടും സിനിമ ജീവിതത്തിന് അഞ്ച് പതിറ്റാണ്ടും പൂർത്തിയാകുമ്പോഴും വയസ്സ് 81 ന്‍റെ മൂപ്പെത്തി നിൽക്കുമ്പോഴും ടി.ജി. രവീന്ദ്രനാഥൻ എന്ന ടി.ജി. രവി തിരക്കിലാണ്. കൃഷിയും അഭിനയവുമായി ജീവിതം മുന്നോട്ടുപോകുന്നതിനൊപ്പം തൃശൂരിന്‍റെ സാമൂഹിക- സാംസ്കാരിക രംഗത്തും സജീവമാണ്.

സ്കൂളിലെ നർത്തകൻ, കൊച്ചുമകൾക്ക് പോലും കൗതുകം

തൃശൂരിലെ ‘അമ്പിളി’ എന്ന വീട്ടിലിരുന്നാണ് ടി.ജി. രവി ജീവിതത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. അധ്യാപകനായ ടി.ആർ. ഗോവിന്ദൻ എഴുത്തച്ഛന്‍റെയും കല്യാണിയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി തൃശൂരിനടുത്തുള്ള മൂർക്കനിക്കര എന്ന ഗ്രാമത്തിലായിരുന്നു ജനനം. വീടിന് സമീപത്തെ എരവിംഗലം സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ മലയാള പഠനം. ഈ കലയളവിലാണ് ആദ്യമായി സ്റ്റേജില്‍ കയറിയത്. നൃത്തം ചെയ്തുകൊണ്ടായിരുന്നു കലാജീവിതം തുടങ്ങിതെന്ന് ടി.ജി. രവി ഓർത്തെടുത്തപ്പോൾ അടുത്തിരുന്നു കേട്ട കൊച്ചുമകള്‍ക്ക് കൗതുകം. അവള്‍ മെല്ലെ പോയി അമ്മയോട് മുത്തച്ഛന്റെ നൃത്തത്തെപറ്റിപറഞ്ഞു. അവരും ആദ്യമായാണ് പെൺകുട്ടിയുടെ വേഷം കെട്ടി ടി.ജി. രവി നൃത്തം ചെയ്ത കഥയറിയുന്നത്. അച്ഛന്‍ അധ്യാപകനായതിന്റെ പരിഗണന സ്‌കൂളില്‍ ലഭിച്ചിരുന്നു. ടീച്ചർമാര്‍ പെണ്‍വേഷംകെട്ടിച്ച് രണ്ടു വര്‍ഷം ന്യത്തം കളിപ്പിച്ചത് ഇന്നും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു.

തുടര്‍ന്ന് എഴാം ക്ലാസ് വരെ പുച്ചെട്ടി സ്കൂളിൽ ഇംഗ്ലീഷ് പഠനം. ഈ കാലഘട്ടത്തിലാണ് കഥാപ്രസംഗത്തിലെ സാധ്യതകള്‍ പരീക്ഷിക്കാന്‍ ശ്രമിച്ചത്. അവിടെയും ചില്ലറ പ്രകടനങ്ങള്‍ കാണിക്കാന്‍ കഴിഞ്ഞു എന്ന് ഇന്ന് ഓര്‍ക്കുമ്പോള്‍ തമാശ തോന്നുന്നു. തുടർന്ന് തൃശൂര്‍ സെന്റ് തോമസ് കോളജ് ഹൈസ്‌കൂളില്‍ എത്തി. അതോടെ കലാ പ്രവര്‍ത്തനങ്ങൾക്കൊപ്പം കാല്‍പന്ത് കളിയുടെ ആരവങ്ങളിലേക്കും ഇറങ്ങിച്ചെന്നു. ഫുട്ബാൾ കളിയിലും തിളങ്ങി. മുത്തച്ഛന്‍റെ നൃത്തവും കഥാപ്രസംഗവും ഫുട്ബാൾ കളിയുമെല്ലാം കേട്ടിരുന്ന കൊച്ചുമകൾക്ക് പലപ്പോഴും അതിശയം അടക്കാനുമായില്ല.

പകരക്കാരനായ അഭിനേതാവ്, ‘വെള്ളപ്പൂച്ച’യിലൂടെ കൂവൽ ഒഴിവാക്കിയ സംവിധായകൻ

പ്രീ യൂനിവേഴ്സിറ്റി പഠന കാലത്തായിരുന്നു നാടകലോകത്തേക്കുള്ള ടി.ജി. രവിയുടെ കടന്നുവരവ്. ഗ്രാമീണ വായനശാലകൾ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രം കൂടിയായിരുന്നു. പുതുതലമുറക്ക് സർഗവാസന തിരിച്ചറിയാനുള്ള ഏക വേദി വായനശാലകളും വാര്‍ഷികാഘോഷങ്ങളുമായിരുന്നു. മൂര്‍ക്കനിക്കര ഗ്രാമീണ വായനശാലയുടെ വാര്‍ഷികത്തിനാണ് നാടകവുമായി ആദ്യമായി സ്റ്റേജില്‍ എത്തുന്നത്. സ്ത്രീ വേഷത്തിലായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം. തൃശൂര്‍ എൻജിനീയറിങ് കോളജ് പഠന കാലത്താണ് നാടകവുമായുള്ള കൂട്ട് ദൃഢമാകുന്നത്.

ഹോസ്റ്റലിലെ താമസം ഫുട്ബാളിനും നീന്തലിനുമൊപ്പം നാടകത്തെയും നെഞ്ചിലേറ്റാൻ ഏറെ സഹായിച്ചു. കോളജ് ഡേ, ഫൈനാർട്സ് ഡേ, ഹോസ്റ്റൽ ഡേ എന്നിവയിലെല്ലാം നാടകവുമായി അരങ്ങിലെത്തി. അൽപം മോശമായാൽ പോലും കൂക്കിവിളിക്കുമായിരുന്നു കൂട്ടുകാർ. കൂക്കിവിളി അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് സംവിധാന മേലങ്കി അണിഞ്ഞത്. ‘വെള്ളപ്പൂച്ച’ എന്ന നാടകമാണ് ഒരുക്കിയത്. വെറുതെ സ്റ്റേജില്‍ അവതരിപ്പിക്കുന്നതിൽ അൽപം മാറ്റം വരുത്തി, സുഹൃത്തിന്റെ സഹായത്തോടെ രംഗങ്ങള്‍ക്കനുസരിച്ച് വേദി സജ്ജീകരിച്ചു സംവിധായകനായും നടനായും വേദിയില്‍ വെള്ളപ്പൂച്ചയെ അരങ്ങത്ത് എത്തിച്ചാണ് കൂക്കിവിളികള്‍ക്ക് വിരാമമിട്ടത്.

തുടർന്ന് റേഡിയോ നാടകങ്ങളുടെ ഭാഗമായി. വായനശാലകളില്‍ പൊതുവായി റേഡിയോ ഉണ്ടാകുമായിരുന്നു. വായനശാലയിൽ പുസ്തകങ്ങളും പത്രവും വായിച്ച് റേഡിയോ വാര്‍ത്തയും കൃഷിപാഠവും കേട്ടിരുന്ന കാലത്ത് റേഡിയോ നാടകം അവതരിപ്പിക്കുന്നതിന്റെ ത്രിൽ ഒന്ന് വേറെതന്നെയെന്ന് മനസ്സിൽ തോന്നി. രണ്ടാമതൊന്നും ആലോചിക്കാതെ കോളജ് പരിസരത്തെ റേഡിയോ ഓഫിസിലെക്ക് കയറിച്ചെന്നു (ഇന്നത്തെ തൃശൂര്‍ ആകാശവാണി റേഡിയോനിലയം). അന്ന് അവിടെ സ്റ്റുഡിയോ സൗകര്യങ്ങള്‍ ഇല്ലായിരുന്നു.

നാടകത്തില്‍ അഭിനയിക്കാന്‍ കോഴിക്കോട് പോകണം എന്ന് നിർദേശം വന്നു. ഒന്നും നോക്കിയില്ല, കോഴിക്കോട്ടേക്ക് വെച്ചുപിടിച്ചു. അവിടെ ചെന്നപ്പോഴാണ് റേഡിയോ നാടകത്തില്‍ അഭിനയിക്കാന്‍ ശബ്ദ പരിശോധനക്ക് വിധേയമാകണമെന്ന് മനസ്സിലായത്. അതില്‍ വിജയിച്ചതോടെ റേഡിയോ കലാകാരനായി മാറി. അവസരം ഉണ്ടാകുമ്പോള്‍ റേഡിയോ സ്റ്റേഷനില്‍നിന്നും വിളിക്കും. പോയി അഭിനയിച്ച് വന്നാല്‍ വൈകാതെ ഒരു സംഖ്യക്ക് ചെക്ക് നല്‍കും. അഭിനയത്തിലൂടെ ആദ്യമായി ലഭിച്ച സമ്പാദ്യമാണ് അത്. കുറച്ച് കാലം റേഡിയോ നിലയത്തില്‍ ജോലിചെയ്തിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും എഴുതുന്നത് ഈ കാലയളവിനെകുറിച്ചാണെന്നും ജോലിക്കാരനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വഴിത്തിരിവായി മാറിയ തിക്കോടിയൻ; പ്രഫസർക്ക് ലഭിച്ച പ്രേംജിയുടെ പ്രശംസ

റേഡിയോ നാടകത്തിലുടെ പരിചയപ്പെട്ട തിക്കോടിയന്‍ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. എന്നിലെ അഭിനേതാവിനെ കണ്ടെത്തി മിനുക്കിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സഹകരണം വലിയ സഹായമായിരുന്നു. നാടകങ്ങള്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങിയ കാലഘട്ടത്തിലാണ് ടി.എല്‍. ജോസിന്റെ ‘സമുദായം’ വേദിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ജോസ് തന്നെയായിരുന്നു സംവിധാനം. റിഹേഴ്‌സലിനിടയിലാണ് ടി.ജി. രവിക്ക് കഥാപാത്രത്തിന്റെ ഘടനയില്‍ വിയോജിപ്പ് തോന്നിയത്.

ചി​ത്ര​ങ്ങ​ൾ: ടി.​എ​ച്ച്. ജ​ദീ​ർ

ഒരു ഇടവേളയില്‍ നാടകകൃത്തിനോട് തന്നെ ഈ വിഷയം അവതരിപ്പിച്ചു. പ്രഫസര്‍ എന്ന കഥാപത്രത്തിന്റെ മാനസിക വ്യവഹാരങ്ങളെ അവതരിപ്പിക്കുമ്പോള്‍ തോന്നുന്ന അസ്വാഭാവികതകളാണ് ചൂണ്ടിക്കാട്ടിയത്. പ്രതിവിധി സംവിധായകന്‍ തന്നെ രവിയോട് ചോദിച്ചു. പ്രഫസറെ മാനസിക വിഭ്രാന്തിയുള്ള കഥാപാത്രമാക്കി മാറ്റുക എന്ന നിർദേശമാണ് വെച്ചത്. അത്രയധികം മാനസിക സംഘര്‍ഷങ്ങളിലുടെ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന ചിത്തഭ്രമം വേദിയില്‍ അവതരിപ്പിക്കാനായാല്‍ അത് വിജയമായി മാറും എന്ന് നിർദേശിച്ചു.

പ്രഫസര്‍ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന നടന് ആത്മവിശ്വാസം പോരാ. ഇയാള്‍ പിന്‍വാങ്ങിയതോടെ ആര് അഭിനയിക്കും എന്ന ചേദ്യമായി. അങ്ങനെയാണ് ടി.ജി. രവി ആ റിസ്‌ക് എറ്റെടുക്കുന്നത്. അന്ന് കണ്ട ഒരു ഹിന്ദി സിനിമയിലെ ഗേറ്റ് കീപ്പറാണ് പ്രചോദനമായത്. വലിയ തോട്ടത്തിന്റെ കാവല്‍ക്കാരനായിരുന്ന ഇയാൾ പണം വാങ്ങി സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഒത്താശ ചെയ്തു. ഇങ്ങനെ കടത്തിക്കൊണ്ടുപോയ ലോറി തടയുന്നതിനിടെ ഇടിച്ച് ഭാര്യ മരിച്ചതോടെ മാനസിക വിഭ്രാന്തിയുള്ള വ്യക്തിയായി മാറി. ആ കഥാപാത്രമാണ് മനസ്സിലേക്ക് കയറിവന്നത്. അങ്ങനെ ഇതേ മാനസികാവസ്ഥയിലുള്ള പ്രഫസര്‍ എന്ന കഥാപാത്രം ഹിറ്റാവുകയും ചെയ്തു. ഈ നാടകത്തില്‍ വെച്ചാണ് കലാലയം രാധ തന്നോടെപ്പം അഭിനയിച്ച ആദ്യ നടിയായത്. അന്ന് ആദ്യമായാണ് ഒരു കഥാപാത്രത്തിന്റെ പേരില്‍ നാട്ടില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പ്രഫസര്‍ രവി എന്ന് ആദ്യം വിളിച്ചത് തിക്കോടിയനായിരുന്നു. പിന്നീട് ഇതേ നാടകം ചില മാറ്റങ്ങള്‍ വരുത്തി വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ഇതു കണ്ട് പ്രംജി അഭിനന്ദിച്ചതുമാണ് തനിക്ക് കിട്ടിയ എറ്റവും വലിയ അവാര്‍ഡായി മനസ്സില്‍ സൂക്ഷിക്കുന്നത് എന്നും ടി.ജി. രവി ഓർക്കുന്നു.

അരവിന്ദനും ഉത്തരായനവും നിർമാതാവായ മൂന്ന് സിനിമകളും

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായാണ്. സ്വന്തം സ്ഥാപനത്തിലെ ഓഫിസിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഫോൺ വരുന്നത്. ആരാണോ എന്താണോ എന്നൊന്നും പറയാതെ ‘തനിക്ക് നിനിമയില്‍ അഭിനയിക്കണോ’ എന്ന ഒറ്റ ചോദ്യം. കളിയാക്കാന്‍ എതോ സുഹൃത്ത് ചെയ്യുന്നതാണ് എന്ന് കരുതി കളിയാക്കാതെ കാര്യം പറയാന്‍ പറഞ്ഞു. ഞാന്‍ നിന്റെ കുട്ടുകാരനല്ല. തിക്കോടിയനാണെന്നായിരുന്നു മറുപടി. ജി. അരവിന്ദന്റെ ഉത്തരായനത്തില്‍ ഒരു അവസരമുണ്ട്, ഇപ്പോൾ മറുപടി പറയണമെന്നായിരുന്നു തിക്കോടിയന്‍റെ ആവശ്യം. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. ഇതിനു മുമ്പ് സി.എം.ഐ വൈദികരുടെ നേതൃത്വത്തില്‍ നല്ല സമരിയാക്കാരന്‍ എന്ന ഹ്രസ്വചിത്രത്തില്‍ സമരിയാക്കാരനായി അഭിനയിച്ചിരുന്നു.

തീർഥം എന്ന പേരില്‍ വിവിധ പള്ളികളില്‍ പ്രദര്‍ശിപ്പിച്ചതൊഴിച്ചാല്‍ മറ്റു പ്രചാരണങ്ങള്‍ ഒന്നും ലഭിച്ചില്ല. ഉത്താരയനത്തിലൂടെ സിനിമയുടെ സാധ്യതകളിലേക്കാണ് വാതില്‍ തുറന്നത്. ബാലന്‍ കെ. നായര്‍ പോലുള്ള നാടന്മാരുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം നല്‍കി. സിനിമ തനിക്ക് പ്രാപ്യമാണ് എന്ന വിശ്വാസം മനസ്സില്‍ ഉണ്ടായത് ഈ സിനിമയിലുടെ ആയിരുന്നു. എന്നാല്‍, ചിത്രത്തിന് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയതും കലാമൂല്യമുള്ള ചിത്രം എന്നതിനപ്പുറം ജനപ്രിയമല്ലാതെ പോയതും ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കി. കുറച്ചുകൂടി ജനപ്രിയമായ ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം കലശലായി. ആരും പണം മുടക്കി രംഗത്ത് വരാതെയായതോടെയാണ് സ്വന്തമായി നിർമിക്കുക എന്ന ആശയത്തിലേക്ക് എത്തിയത്.

അങ്ങനെ സുഹ്യത്തുക്കളുമായി സംസാരിച്ച് ജി. ഗോപാലകൃഷ്ണന്റെ തിരക്കഥ ഉപയോഗിച്ച് ടി.ജി. രവി തന്നെ നായകനായി പാദസരം എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇറങ്ങുന്നത്. കലാമൂല്യമുള്ള ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ അംഗീകാരം ലഭിച്ചെങ്കിലും സാമ്പത്തികമായി വലിയ നഷ്ടം സംഭവിച്ചു. നഷ്ടം നികത്താൻ കളറില്‍തന്നെ പരീക്ഷിക്കാമെന്ന് തീരുമാനിച്ച് തൃശൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചോര ചുവന്ന ചോര എന്ന ചിത്രം നിര്‍മിച്ചു. നായകന്‍ രവിതന്നെ കമേഴ്‌സ്യൽ ചിത്രത്തിന്റെയും ആര്‍ട്ട് സിനിമയുടെയും മധ്യത്തില്‍നിന്നചിത്രം സാമ്പത്തിക നഷ്ടം വരുത്തിയില്ല എന്നത് മാത്രമാണ് ആശ്വാസമായത്.

പഴയ നഷ്ടം നികത്തേണ്ടത് അനിവാര്യമായതിനാല്‍ വീണ്ടും ഒരു പരീക്ഷണത്തിന് ഇറങ്ങി. പി.ജി. വിശ്വംഭരനെ സംവിധായകനാക്കി ചാകര എന്ന കച്ചവട സിനിമ നിര്‍മിച്ചു. മികച്ച താരനിരയും പ്രഫഷനൽ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ചിത്രം ഹിറ്റായി. ഇതില്‍ ടി.ജി. രവി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം അലവലാതി ഷാജി കാണികളെ എറെ ആകര്‍ഷിച്ചു. അങ്ങനെ പ്രഫസര്‍ രവിയില്‍നിന്നും അലവലാതി ഷാജിയിലേക്ക് കുടൂമാറിയതോടെ നേരത്തേ സംഭവിച്ച സാമ്പത്തിക നഷ്ടം നികത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇതോടെ ഇനി പരീക്ഷണത്തിനില്ല എന്ന് തിരുമാനിച്ച് സ്വന്തം പാത അഭിനയമാണ് എന്ന തിരിച്ചറിവിലേക്ക് എത്തുകയായിരുന്നു.

കൊടുംവില്ലൻ, തൃശൂർ ശൈലിയുടെ പ്രയോക്താവ്

1970കളിലും 80കളുടെ ആദ്യ പകുതിയിലും മലയാള സിനിമയിൽ നിറഞ്ഞുനിന്ന വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് ടി.ജി. രവിയായിരുന്നു. ബാലൻ കെ. നായർക്കൊപ്പം വില്ലൻ കഥാപാത്രങ്ങളുടെ പര്യായമായി രവി മാറിയിരുന്നു. എന്നാൽ, മലയാള സിനിമ ലോകത്ത് തൃശൂർ സംഭാഷണ ശൈലി പരിചയപ്പെടുത്തിയതിൽ പ്രമുഖൻ ടി.ജി. രവിയാണെന്ന് അധികം ആരും ചിന്തിക്കാറില്ല.

ആദ്യമായി തൃശൂർ ശൈലി പരീക്ഷിച്ചത് ഒടുവില്‍ ഉണ്ണികൃഷ്ണനാണെന്ന് ടി.ജി. രവി പറയുന്നു. അത് അത്ര പോപുലറാകാതെ പോയി. പിന്നിട് ടി.ജി. രവിയാണ് കുറച്ചുകൂടി നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയത്. തന്റെ അഭിനയജിവിതത്തില്‍ വളരെ പ്രോത്സാഹനം തന്നിട്ടുള്ളവരിൽ ഒരാൾ ഭരതൻ ആണ്. ഭരതന്‍ പറങ്കിമല എന്ന ചിത്രത്തിലാണ് ലോറി ഡ്രൈവറായി രവിയെ അവതരിപ്പിക്കുന്നത്. തൃശൂര്‍ക്കാരനായ ലോറി ഡ്രൈവര്‍ തന്റെ ഒഴുക്കന്‍മട്ടിലുള്ള ശൈലിയില്‍ ക്ലീനറോട് ദേഷ്യപ്പെടുന്നതും, മറ്റുസംഭാഷണങ്ങളും രവിയുടെതന്നെ മനോധര്‍മത്തിനനുസരിച്ച് അവതരിപ്പിക്കാന്‍ സ്വതന്ത്ര്യം നല്‍കി. ടി.ജി. രവിക്കും ശേഷമാണ് ഇന്നസെന്റ് വീണ്ടും തൃശൂര്‍ ശൈലിയിലൂടെ കാണികളെ ചിരിപ്പിച്ചത്.

ഏറ്റവും സ്വാധീനിച്ചത് 1921 എന്ന ചിത്രത്തിലെ വാരിയൻകുന്നത്ത് അഹ്മദ് ഹാജി എന്ന കഥാപാത്രം. മലബാര്‍ സ്വതന്ത്ര്യ സമരത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ബ്രിട്ടിഷ്‌കാര്‍ക്ക് നേരെ പോരാടി ധീര മരണം വരിച്ച കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ തന്നെ എതൊരു ഇന്ത്യക്കാരനെയും ആവേശ ഭരിതനാക്കുന്നതാണ് എന്ന് അദ്ദേഹം പറയുന്നു. ജീവിതത്തില്‍ ഇത്രയും വൈകാരികമായി അടുപ്പം തോന്നിയ മറ്റു കഥാപാത്രങ്ങള്‍ അപൂര്‍വമാണ്. ബ്രിട്ടീഷുകാരന്‍റെ തോക്കിന് മുന്നിൽ നിൽക്കുമ്പോഴും വാരിയൻകുന്നൻ പറഞ്ഞ ദേശാഭിമാനം നിറഞ്ഞ സംഭാഷണങ്ങൾ ഒരിക്കലും മറക്കാനാകില്ല.

വാരിയൻകുന്നനായി അഭിനയിക്കുമ്പോൾ ഒരാൾ എത്തി ശപിച്ചതും രവി ഓർത്തെടുക്കുന്നുണ്ട്. ചിത്രീകരണത്തിന്‍റെ ഇടവേളയിൽ എത്തിയ ആ വ്യക്തി ആരാണ് വാരിയൻകുന്നനെ അവതരിപ്പിക്കുന്നത് എന്ന് ചോദിച്ചു. ഞാനാണ് എന്ന് പറഞ്ഞ് പരിചയപ്പെട്ടപ്പോള്‍ അയാള്‍ നിന്ന്് ശപിക്കുകയായിരുന്നു. കാരണം തിരക്കിയപ്പോഴാണ് ചെക്കുട്ടി ഹാജിയാരുടെ അനന്തരവനാണ് ഇയാള്‍ എന്ന് മനസ്സിലായത്. ചെക്കുട്ടി ഹാജിയാരുടെ തലവെട്ടിയത് വാരിയൻകുന്നനായിരുന്നു എന്നാണ് പറഞ്ഞത്. ഈ കഥാപാത്രത്തെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തതിന്റെ തെളിവായി നിരവധി പ്രതികരണങ്ങളാണ് വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam CinemaCelebrityentertainmentTG Ravi
News Summary - fim career of t g ravi
Next Story