ഫറാ ഖാന്റെ ഹോളി പരാമർശം: മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി
text_fieldsഹോളിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ബോളിവുഡ് ചലച്ചിത്ര സംവിധായികയും നൃത്തസംവിധായികയുമായ ഫറാ ഖാനെതിരെ പരാതി. ഹിന്ദുസ്ഥാനി ഭാവു എന്നറിയപ്പെടുന്ന വികാഷ് ഫടക് അഭിഭാഷകനായ അലി കാഷിഫ് ഖാൻ ദേശ്മുഖ് മുഖേനയാണ് പരാതി നൽകിയത്. ഫെബ്രുവരി 20 ന് സെലിബ്രിറ്റി മാസ്റ്റർഷെഫിന്റെ എപ്പിസോഡിനിടെ നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഫറക്കെതിരെ നിയമനടപടികൾ ആവശ്യപ്പെട്ട് അലി കാഷിഫ് ഖാൻ പരാതി രജിസ്റ്റർ ചെയ്തത്.
ഫറാ ഹോളിയെ 'ഛപ്രികളുടെ ഉത്സവം' എന്ന് വിശേഷിപ്പിച്ചെന്നും ഈ പരാമർശം തന്റെയും ഹിന്ദു സമൂഹത്തിന്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് ഫടക് ആരോപിക്കുന്നത്. ആ പദം അവഹേളനമാണെന്നും ഫറക്കെതിരെ നടപടിയെടുക്കണമെന്നും ഫടക് പറഞ്ഞു. പരാതിയെ തുടർന്ന് ഐ.പി.സി സെക്ഷൻ 196, 299, 302, 353 എന്നീ വകുപ്പുകൾ പ്രകാരം ഫറക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെലിബ്രിറ്റി മാസ്റ്റർഷെഫിൽ ജഡ്ജിയായ ഫറാ ഖാൻ ഹോളിയെക്കുറിച്ച് നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. 'എല്ലാ ഛപ്രി ജനതയുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഹോളി'എന്നാണ് ഷോക്കിടെ ഫറാ പറഞ്ഞത്. ഛപ്രി എന്ന പദം പലപ്പോഴും ജാതീയ അധിക്ഷേപമായി കണക്കാക്കുന്നതിനാൽ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. വിഷയത്തിൽ ഫറാ ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

