ഇംഗ്ലീഷ് ആക്സെന്റ് പഠിക്കാൻ നാല് മാസത്തോളം അമേരിക്കയിൽ താമസിച്ച് പരിശീലനം നേടണം, ആ സമയത്ത് പ്രതിഫലം ലഭിക്കില്ല; ടോം ക്രൂസ് ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് ഫഹദ് ഫാസിൽ
text_fieldsപാൻ ഇന്ത്യൻ ലെവലിലേക്ക് വളരെ പെട്ടെന്ന് ഉയർന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ ഹോളിവുഡ് സിനിമ നഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ഹോളിവുഡ് സംവിധായകനായ അലെയാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റുവിന്റെ സിനിമയിൽ നിന്നാണ് താരം പിന്മാറിയത്. ഓസ്കാർ അവാർഡ് ജേതാവായ ഇനാരിറ്റുവിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ കാര്യമാണ്. എങ്കിലും ചില കാരണങ്ങളാൽ ആ പ്രോജക്റ്റിൽ നിന്ന് പിന്മാറേണ്ടി വന്നു. തന്റെ പുതിയ ചിത്രമായ ഓടും കുതിര ചാടും കുതിര എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ഫഹദ് ഇക്കാര്യം തുറന്നു പറഞ്ഞത്.
'എന്‍റെ ഇംഗ്ലീഷ് ആക്സെന്റ് ആയിരുന്നു പ്രധാന പ്രശ്നം. അത് ശരിയാക്കാൻ വേണ്ടി നാല് മാസത്തോളം അമേരിക്കയിൽ താമസിച്ച് പരിശീലനം നേടാൻ സംവിധായകൻ ആവശ്യപ്പെട്ടു. ആ സമയത്ത് പ്രതിഫലം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആ അവസരം ഉപേക്ഷിച്ചത്' ഫഹദ് പറഞ്ഞു.
മലയാള സിനിമ തനിക്ക് നൽകിയ അവസരങ്ങളിൽ താൻ വളരെ സന്തോഷവാനാണെന്നും, ഇനി എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് കേരളത്തിൽ തന്നെ സംഭവിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വെളിപ്പെടുത്തലിന് ശേഷം ഫഹദിന്റെ ഈ തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ചിലർ അദ്ദേഹത്തിന്റെ നിലപാടിനെ അഭിനന്ദിച്ചപ്പോൾ മറ്റുചിലർക്ക് ഹോളിവുഡ് അവസരം വേണ്ടെന്ന് വെച്ചത് വലിയ നഷ്ടമായിപ്പോയി എന്ന അഭിപ്രായമാണ്. 2026 ഒക്ടോബറിൽ ടോം ക്രൂസ് നായകനാകുന്ന പേരിട്ടിട്ടില്ലാത്ത പ്രോജക്റ്റായിരിക്കും ഇനാരിറ്റു ചിത്രമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബേർഡ്മാൻ, ദി റെവനന്റ് എന്നീ ചിത്രങ്ങൾക്ക് തുടർച്ചയായി രണ്ടുതവണ മികച്ച സംവിധായകനുള്ള ഓസ്കാർ ഇനാരിറ്റുവിന് ലഭിച്ചിട്ടുണ്ട്. ലിയനാർഡോ ഡികാപ്രിയോക്ക് ഓസ്കാർ നേടിക്കൊടുത്ത ചിത്രമാണ് ദി റെവനന്റ്. ജോൺ ഫോർഡിനും ജോസഫ് എൽ മാൻകീവിച്ചിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ സംവിധായകനാണ് അലെയാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റു. അദ്ദേഹത്തിന്റേതാണ്. നിലവിൽ, അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഫഹദ് ഫാസിൽ. ഈ ഓണം റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. കൂടാതെ, തമിഴിൽ 'മാരീശൻ' എന്ന ചിത്രത്തിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

