'18-ാം വയസ്സിൽ 95 കിലോ ആയിരുന്നു ഭാരം, രാം ചരണിനെ വിവാഹം കഴിച്ചപ്പോൾ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നു'; മനസ്സ് തുറന്ന് ഉപാസന കാമിനേനി
text_fieldsഅപ്പോളോ ഹോസ്പിറ്റൽസ് എം.ഡിയും വ്യവസായ പ്രമുഖയുമായ ഉപാസന കാമിനേനി കൊണിഡേല തന്‍റെ അഭിമുഖത്തിൽ കൗമാരകാലത്തെ ഭാരത്തെക്കുറിച്ചും അന്ന് നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞത് വലിയ ശ്രദ്ധ നേടുന്നു. തന്റെ 18-ാം വയസ്സിൽ 95 കിലോഗ്രാം ഭാരമുണ്ടായിരുന്നതായും വിദേശത്ത് പഠിക്കുമ്പോൾ നാട്ടിലെ വീടും കുടുംബവും വിട്ടുനിൽക്കേണ്ടി വന്നതിന്റെ ഏകാന്തത മറികടക്കാൻ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടായതായും അവർ വെളിപ്പെടുത്തി. ഇത് പിന്നീട് അവരുടെ ആരോഗ്യത്തെയും കാര്യമായി ബാധിച്ചു. അമേരിക്കയിലും ലണ്ടനിലുമായി പഠിക്കുന്ന കാലത്ത് ഭക്ഷണമായിരുന്നു അവരുടെ ഏക ആശ്രയമെങ്കിലും ആ ശീലം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമായി.
പിന്നീട് സ്വന്തം ആരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഉപാസന കഠിനമായ ഡയറ്റുകളേക്കാൾ ഉപരിയായി മനസ്സിന്റെ നിയന്ത്രണവും ചിട്ടയായ ജീവിതശീലവുമാണ് ശരീരഭാരം കുറക്കാൻ സഹായിച്ചതെന്ന് വ്യക്തമാക്കുന്നു. ഹൈഡ് പാർക്കിലൂടെയുള്ള നടത്തവും മറ്റ് വ്യായാമങ്ങളും പരീക്ഷിച്ചെങ്കിലും ഭക്ഷണക്രമത്തിലെ നിയന്ത്രണമാണ് യഥാർത്ഥ മാറ്റമുണ്ടാക്കിയതെന്ന് അവർ ഓർക്കുന്നു. അന്നത്തെ കാലത്ത് ഗോതമ്പും അരിയും പൂർണ്ണമായും ഒഴിവാക്കി ഓട്സ് ശീലമാക്കിയതും ദിവസേന 10,000 ചുവടുകൾ നടക്കുന്നത് ശീലമാക്കിയതും തനിക്ക് ഏറെ ഗുണം ചെയ്തതായി ഉപാസന പറയുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കാൾ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാനാണ് അവർ ഏവരെയും ഓർമ്മിപ്പിക്കുന്നത്.
മെഗാസ്റ്റാർ രാം ചരണുമായുള്ള വിവാഹത്തിനുശേഷവും തനിക്കെതിരെ വലിയ തോതിലുള്ള ബോഡി ഷെയ്മിങ്ങും സോഷ്യൽ മീഡിയ ട്രോളുകളും ഉണ്ടായതായി ഉപാസന വെളിപ്പെടുത്തി. 'ഞാൻ അദ്ദേഹത്തിന് അനുയോജ്യയല്ലെന്ന തരത്തിൽ പല ആരാധകരും വളരെ മോശമായി സംസാരിച്ചു. തുടക്കത്തിൽ ഇതെല്ലാം എന്നെ ഏറെ വേദനിപ്പിച്ചു. എന്നാൽ ഇത്തരം വിമർശനങ്ങൾ എന്നെ കൂടുതൽ ശക്തയാക്കുകയാണ് ചെയ്തത്' എന്ന് അവർ പറയുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കാൾ സ്വന്തം മൂല്യങ്ങൾക്കും തന്റെ കൂടെയുള്ളവരുടെ സ്നേഹത്തിനുമാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് അവർ വ്യക്തമാക്കി.
വ്യക്തിജീവിതത്തിൽ കടുത്ത ഉറക്കക്കുറവ് (ഇൻസോമ്നിയ) അനുഭവിക്കുന്ന വ്യക്തിയാണ് ഉപാസന. അമ്മയെപ്പോലെ തനിക്കും ദിവസത്തിൽ നാല് മണിക്കൂറിലധികം ഉറങ്ങാൻ കഴിയാറില്ലെന്നും ആരോഗ്യപരമായ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സ്ലീപ്പ് ക്ലിനിക്കുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അവർ പറയുന്നു. മികച്ച ഡയറ്റീഷ്യൻമാരുടെയും ഫിറ്റ്നസ് വിദഗ്ധരുടെയും സഹായം ലഭ്യമായിരുന്നിട്ടും ശരീരഭാരം കുറക്കുകയെന്നത് പൂർണ്ണമായും വ്യക്തിയുടെ മാനസികമായ ഉറപ്പിലാണെന്ന് അവർ വിശ്വസിക്കുന്നു. ഭർത്താവ് രാം ചരണിനൊപ്പമുള്ള ഫിറ്റ്നസ് യാത്രകളെക്കുറിച്ചും ആത്മീയ പാതയിലൂടെയുള്ള സഞ്ചാരത്തെക്കുറിച്ചും സംസാരിച്ച ഉപാസന ദീപക് ചോപ്രയുടെ കോഴ്സുകളിലും ജഗ്ഗി വാസുദേവിന്റെ പഠനങ്ങളിലും ഇരുവരും സജീവമായി പങ്കാളികളാകാറുണ്ടെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

