ഫുട്ബോൾ സ്വപ്നം ഉപേക്ഷിച്ച് സിനിമയിലേക്ക്, 15-ാം വയസിൽ എമ്മി പുരസ്കാരം; ചരിത്ര നേട്ടവുമായി അഡോളസെൻസ് താരം ഓവൻ കൂപ്പർ
text_fieldsകൗമാരത്തിന്‍റെ അസ്വസ്ഥതകള്‍, മാനസിക സമ്മര്‍ദങ്ങള്‍, വികാരവിചാരങ്ങള്‍ എന്നിവയൊക്കെ സൈബർ ലോകത്ത് ചർച്ചയാക്കിയ ഒരു സീരിസ്. പ്രായഭേദമന്യേ എല്ലാവരും കാണണമെന്ന് ഒരേ സ്വരത്തിൽ ആവർത്തിക്കുന്ന സീരിസ്. സ്റ്റീഫൻ ഗ്രഹാമും ജാക്ക് തോണും തിരക്കഥ രചിച്ച് ഫിലിപ് ബാരന്റീൻ സംവിധാനം ചെയ്ത് നെറ്റ് ഫ്ളികിസിൽ കാണാവുന്ന അഡോളസെൻസ് സീരിസിന് ഇന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അതിൽ പ്രധാന വേഷത്തിലെത്തിയ ഓവൻ കൂപ്പറിനെ തേടി എമ്മി പുരസ്കാരം എത്തിയിരിക്കുകയാണ്.
മികച്ച സഹനടനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, എമ്മി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവുമായി മാറിയിരിക്കുകയാണ് ഓവൻ. 15 വയസ്സാണ് ഓവന്‍റെ പ്രായം. ലിമിറ്റഡ് ഓർ ആന്തോളജി സീരീസ് ഓർ മൂവി' വിഭാഗത്തിലാണ് ഓവൻ കൂപ്പർ ഈ നേട്ടം കൈവരിച്ചത്. ആഷ്‌ലി വാൾട്ടേഴ്‌സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്ഗാർഡ്, റോബ് ഡെലാനി എന്നിവരുൾപ്പെടെ അഞ്ച് നോമിനികളെ പിന്തള്ളിയാണ് കൂപ്പർ ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.
അഭിനയരംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് ഓവൻ കൂപ്പർ ഒരു ഫുട്ബോൾ കളിക്കാരനാകാനാണ് ആഗ്രഹിച്ചിരുന്നത്. വാറിംഗ്ടൺ റൈലാൻഡ്‌സ് U15 ടീമിൽ അംഗമായിരുന്നു.ഒരു അഭിമുഖത്തിൽ കൂപ്പർ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ തനിക്ക് ഫുട്ബോളിനോടായിരുന്നു താൽപ്പര്യമെന്നും ഒരു ഫുട്ബോൾ താരമാകണമെന്നായിരുന്നു ആഗ്രഹമെന്നും ഓവൻ പറഞ്ഞു. കൂപ്പർ ലിവർപൂൾ എഫ്.സി.യുടെ ഒരു വലിയ ആരാധകനാണ്. നിലവിൽ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും ഫുട്ബോൾ കളിക്കുന്നത് താരം തുടരുന്നുണ്ട്. ഫുട്ബോൾ എന്ന സ്വപ്നം ഉപേക്ഷിച്ച് അഭിനയരംഗത്തേക്ക് വന്ന താരത്തിൻ്റെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ സീരീസായ അഡോളസെൻസിലെ പ്രകടനം.
ഒരുപാട് ഇമോഷനുകൾ ഉള്ള ഒരു കാലഘട്ടമാണ് കൗമാരം. എന്താണ് കൗമാരക്കാരെ ബാധിക്കുന്നത്? എന്താണ് ഒരു കൗമാരക്കാരനെ കുറ്റവാളിയാക്കുന്നത്? സമ പ്രായക്കാരിൽനിന്ന് നേരിടേണ്ടിവരുന്ന സമ്മർദങ്ങൾ, സമൂഹമാധ്യമങ്ങളുടെ സ്വാധീനം, പെൺകുട്ടികളോട് തോന്നുന്ന അമിത താൽപര്യം, നൈരാശ്യം, അവഗണന, പക, സൈബർ ബുള്ളിയിങ്, ടോക്സിക് മസ്കുലിനിറ്റി, സ്ത്രീ വിരുദ്ധത, ലിംഗ വിവേചനം. അങ്ങനെ ഒരുപാട് ലെയറുകളിലൂടെയാണ് ‘അഡോളസെൻസ്’ കടന്നുപോകുന്നത്.
13 വയസ്സുള്ള ജാമി മില്ലർ തന്റെ സഹപാഠിയായ കേറ്റിയെ കുത്തിക്കൊല്ലുന്നു. അവൻ ശിക്ഷിക്കപ്പെടുന്നു. സ്റ്റീഫൻ ഗ്രഹാമും ജാക്ക് തോണും തിരക്കഥ രചിച്ച് ഫിലിപ്പ് ബാരന്റീൻ സംവിധാനം ചെയ്തതാണ് ‘അഡോളസെൻസ്’. നാല് എപ്പിസോഡുകളുള്ള ഈ മിനി സീരീസ് രണ്ട് വ്യത്യസ്ത ഭാഗങ്ങളായാണ് വികസിക്കുന്നത്. ആദ്യ രണ്ട് എപ്പിസോഡുകൾ പൊലീസ് നടപടിക്രമങ്ങൾ, ചോദ്യം ചെയ്യലുകൾ, ജാമിയെ കുറിച്ചുള്ള അന്വേഷണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഥ പുരോഗമിക്കുമ്പോൾ അവസാന രണ്ട് എപ്പിസോഡുകൾ ജാമിയുടെ ജീവിതത്തെയും കുടുംബത്തിന്റെ ഇമോഷനെയും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും പര്യവേക്ഷണം ചെയ്യുന്നു.
എന്താണ് സംഭവിച്ചതെന്ന് ആശ്ചര്യപ്പെടുത്തുന്നതിന് പകരം ഈ സത്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കാര്യങ്ങൾ അത്ര ലളിതമല്ല. കൊലപാതകത്തിന് പിന്നിലെ വസ്തുതകളെക്കുറിച്ചല്ല, മറിച്ച് മുതിർന്നവർക്ക് പലപ്പോഴും മനസിലാക്കാൻ കഴിയാത്ത വൈകാരിക യാഥാർഥ്യങ്ങളെക്കുറിച്ചാണ് ‘അഡോളസെൻസ്’ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

