മോശം അനുഭവമായിരുന്നു ശങ്കറിനൊപ്പം ഉണ്ടായിരുന്നത്, ഇവിടെ എത്തിയപ്പോൾ ബ്ലോക്ക് ചെയ്തു; ഷമീർ മുഹമ്മദ്
text_fieldsമലയാള സിനിമയിലെ മുൻനിര എഡിറ്റർമാരിൽ ഒരാളാണ് ഷമീർ മുഹമ്മദ്. ഒമ്പതോളം ചിത്രങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ എഡിറ്റ് ചെയ്യാൻ ഷമീറിന് സാധിച്ചു. മലയാളത്തിൽ പ്രമുഖ സംവിധായകരോടൊപ്പമെല്ലാം വർക്ക് ചെയ്ത ഷമീർ ഈയിടെ തെലുങ്കിലും അരങ്ങേറിയിരുന്നു.
ഇതിഹാസ സംവിധായകൻ ശങ്കർ രാം ചരണെ നായകനാക്കി എടുത്ത ഗെയിം ചേഞ്ചറിലാണ് ഷമീർ അരങ്ങേറ്റം നടത്തിയത്. എന്നാൽ വളരെ മോശം അനുഭവമാണ് ചിത്രതിൽ വർക്ക് ചെയ്തപ്പോൾ കിട്ടിയതെന്ന് പറയുകയാണ് ഷമീർ.
ഒരു വർഷം മാത്രമേ ആ സിനിമയുടെ വർക്ക് ഉണ്ടാകുള്ളൂ എന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും എന്നാൽ മൂന്ന് വർഷത്തോളം ആ സിനിമയിൽ വർക്ക് ചെയ്യേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു. മലയാളത്തിൽ താൻ ഏറ്റെടുത്ത സിനിമകൾ മുടങ്ങുമെന്ന ഘട്ടത്തിൽ ആ സിനിമ മാറ്റിവെച്ച് തിരിച്ചുവന്നെന്നും വളരെ മോശം അനുഭവമായിരുന്നു ഷങ്കറിൽ നിന്ന് നേരിട്ടതെന്നും ഷമീർ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ഷമീർ മുഹമ്മദ്.
'ഗെയിം ചെയ്ഞ്ചർ സിനിമ എഡിറ്റ് ചെയ്യാനും എനിക്ക് അവസരം വന്നിരുന്നു. അൻപറിവുമായുള്ള സൗഹൃദത്തിലൂടെയാണ് ആ സിനിമ വന്നത്. ഞാൻ അസിസ്റ്റ് ചെയ്യുന്ന കാലം മുതൽ അവരെ എനിക്ക് പരിചയമുണ്ട്. എഡിറ്ററെ സജസ്റ്റ് ചെയ്യാനുണ്ടോയെന്ന് ശങ്കർ സാർ ചോദിച്ചപ്പോൾ അവർ എന്റെ പേര് പറയുകയായിരുന്നു. പക്ഷെ ഞാൻ ആ സിനിമ പൂർത്തിയാക്കിയില്ല. എന്റെ പേര് പടത്തിലുണ്ട്. ഒരു കൊല്ലം കൊണ്ട് തീരുമെന്ന് കരുതിയ പടം മൂന്ന് കൊല്ലം പോയി.
ഷങ്കർ എന്നെ ചെന്നൈയിലേക്ക് വർക്കുണ്ടെന്ന് പറഞ്ഞ് വിളിക്കും. അവിടെ ചെല്ലുമ്പോൾ പുള്ളി ഉണ്ടാകില്ല. എന്തെങ്കിലും തിരക്ക് ഉണ്ടെന്ന് പറഞ്ഞ് എന്നെ പോസ്റ്റാക്കും. കൊച്ചിയിലേക്ക് തിരിച്ച് വരാനും പറ്റില്ല. അങ്ങനെ 300 ദിവസത്തോളം പലപ്പോഴായി ചെന്നൈയിൽ വെറുതെ ഇരിക്കേണ്ടി വന്നു. ഈ പടമാണെങ്കിൽ തീരുന്നുമില്ല എന്ന അവസ്ഥ വന്നു.
ഒരു കൊല്ലം കൊണ്ട് തീരുമെന്ന് കരുതിയ പടം മൂന്ന് കൊല്ലം പോയി. ഇനിയും ആറ് മാസം കൂടി നിൽക്കേണ്ടി വരുമെന്ന് തോന്നി. മാർക്കോ, രേഖാചിത്രം, എആർഎം എന്നീ മലയാള ചിത്രങ്ങളും എനിക്കുണ്ടായിരുന്നു . അവയുടെ റിലീസ് മുന്നിൽ കണ്ട് അത് വിട്ട് ഞാൻ ഇവിടേക്ക് വന്നു. പിന്നീട് വേറൊരു എഡിറ്റർ വന്നിട്ട് ആ പടം രണ്ടേമുക്കാൽ മണിക്കൂറാക്കി. ഷങ്കറിൽ നിന്ന് വളരെ മോശം അനുഭവമായിരുന്നു കിട്ടിയത്. തിരിച്ചെത്തിയ ശേഷം ആദ്യം തന്നെ ഷങ്കറിനെ ബ്ലോക്ക് ചെയ്തു,' ഷമീർ മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

