ആസിഫ്...ഞങ്ങളെ നിങ്ങളുടെ കാഴ്ചക്കാരനാക്കി; പ്രശംസിച്ച് ദുൽഖർ സൽമാൻ
text_fieldsആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ രേഖാചിത്രത്തെ പ്രശംസിച്ച് നടൻ ദുൽഖർ സൽമാൻ. താരങ്ങളുടെ പേരെടുത്തു പറഞ്ഞാണ് നടൻ അഭിനന്ദിച്ചത്. എല്ലാവരും രേഖാചിത്രംതിയറ്ററിൽ പോയി കാണണമെന്നും ആസിഫ് അലിയുടെ പ്രകടനം അവിശ്വസനീയമാണെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'രേഖാചിത്രം എന്ന ഗംഭീര സിനിമ കണ്ടു. ആരെങ്കിലും ഈ സിനിമ കാണാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ മറക്കാതെ തിയറ്ററിൽ പോയി കാണുക. ഇതൊരു ത്രില്ലറാണ്. ഇതിൽ നിഗൂഢതയുണ്ട്. മലയാളം സിനിമാപ്രേമികൾക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഗൃഹാതുരത്വമുണ്ട്. കൂടാതെ എന്റെ പ്രിയപ്പെട്ട ചില അഭിനേതാക്കളുടെ ചില അവിശ്വസനീയമായ പ്രകടനങ്ങളുമുണ്ട്.
ഈ സിനിമയിലും കഥാപാത്രത്തിലും മനസ്സ് അർപ്പിച്ചതിന് ആസിഫ് എല്ലാ സ്നേഹവും അർഹിക്കുന്നു. നിരപരാധിയായ ഇരയുടെ മരണത്തിനു പിന്നിലെ നിഗൂഢത പുറത്തു കൊണ്ടുവരുന്നതിനും അവർക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുമുള്ള പരിശ്രമങ്ങളിലെ നിരാശയും വേദനയും മനോധൈര്യവും ഞങ്ങളെ താങ്കളുടെ കാഴ്ചക്കാരനാക്കി. അനശ്വര... രേഖയെ അവതരിപ്പിച്ചതിൽ ഒരുപാടു പ്രതീക്ഷയും നിഷ്കളങ്കതയും ഉണ്ടായിരുന്നു. മനോജേട്ടാ... വിൻസന്റായി നിങ്ങൾ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ശരിക്കും ഭയപ്പെടുത്തുന്ന വിൻസന്റ്. ബാക്കിയുള്ള അഭിനേതാക്കളും ഗംഭീരമായിരുന്നു. സിനിമയിലെ ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളോടു നീതി പുലർത്തി. ജോഫിൻ, അപ്പു, മുജീബ്, ഷമീർ, സമീറ തുടങ്ങി സിനിമയുടെ മുഴുവൻ സാങ്കേതിക സംഘത്തിന്റെയും പ്രകടനം മാതൃകാപരമായിരുന്നു, ഇനിയും ഇത്തരം ഗംഭീര ചിത്രങ്ങൾ മലയാള സിനിമയിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ'- ദുൽഖർ കുറിച്ചു.
ദ് പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം.മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്,സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ജനുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.